പത്തനംതിട്ട: ''പത്തു ദിവസം മുൻപാണ് പത്മ നാട്ടിൽ പോയി തിരിച്ചുവന്നത്. ജീവിതപ്രയാസങ്ങൾ ഇടയ്ക്കിടെ പറയുമായിരുന്നു... നമുക്ക് എന്നെങ്കിലും സുഖമായി ജീവിക്കാനാകുമോയെന്നൊക്കെ ഇടയ്ക്ക് ചോദിച്ചത് ഓർക്കുന്നുണ്ട്''- ഇലന്തൂരിൽ ക്രൂരമായ നരബലിക്ക് ഇരയായ പത്മത്തിനെ നാട്ടുകാരികൂടിയായ ചിലവന്നൂരിൽ താമസിക്കുന്ന മുത്ത് ഓർക്കുന്നത് ഇങ്ങനെയാണ്.നല്ല നാളെയെക്കുറിച്ചുള്ള പത്മയുടെ പ്രതീക്ഷകളെയാണ് ഷാഫി ചൂഷണം ചെയ്തത്.

തമിഴ്‌നാട്ടിലെ ധർമപുരിയിൽനിന്ന് ജീവിതം തേടിയാണ് പത്മ കൊച്ചിയിലെത്തിയത്. ലോട്ടറിവിറ്റും കൂലിപ്പണി ചെയ്തും വരുമാനമുണ്ടാക്കി.ടോയ്‌ലറ്റ് പോലുമില്ലാത്ത ഒറ്റമുറി, നിന്നുതിരിയാൻ സ്ഥലമില്ല. കിടക്കാൻ കട്ടിലോ ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങളോ ഇല്ല. അടുത്ത മുറികളിൽ താമസിക്കുന്നവരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇലന്തൂരിൽ നരബലിക്കിരയായ പത്മം കൊച്ചിയിൽ താമസിച്ചിരുന്നതും ഒറ്റപ്പെട്ടു തന്നെയായിരുന്നു.വൈറ്റില എളംകുളം ഫാത്തിമ മാതാ റോഡിൽ പള്ളിയുടെ എതിർവശത്ത് റിജുവിന്റെ ഷീറ്റിട്ട പഴയ കെട്ടിടത്തിലായിരുന്നു പത്മത്തിന്റെ താമസം.

ജന്മനാടുവിട്ട് കൊച്ചിയിലെത്തിയ പത്മ കൂലിപ്പണിക്കും ലോട്ടറി വിൽക്കാനും പോയിരുന്നു. ഏജൻസിയിൽനിന്ന് ലോട്ടറി വാങ്ങി റോഡിൽ നടന്ന് വിൽക്കുകയായിരുന്നു പതിവ്. മൂത്തമകൻ സേട്ടുവിന് തമിഴ്‌നാട്ടിലെ ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകജോലി ലഭിച്ചപ്പോൾ, രണ്ടാമൻ സെൽവരാജിന് ടി.സി.എസിൽ എൻജിനീയറായും ജോലി ലഭിച്ചു. ഭർത്താവ് രംഗൻ നേരത്തെ പത്മയ്ക്കൊപ്പം കൊച്ചിയിലുണ്ടായിരുന്നു. എന്നാൽ ജോലിയില്ലാതായതോടെ നാട്ടിലേക്ക് മടങ്ങിയ രംഗൻ ഇടയ്ക്ക് വരികയായിരുന്നു പതിവ്. കൊച്ചി കടവന്ത്രയിലായിരുന്നു പത്മ ലോട്ടറിവിൽപ്പന നടത്തിയിരുന്നത്.

ദിവസവും കടവന്ത്ര മെട്രോ പില്ലർ 782-നടുത്ത് രാവിലെ പണി തേടിയെത്തുന്ന തമിഴ് തൊഴിലാളികളുടെ കൂട്ടത്തിൽ പലപ്പോഴും പത്മയും ഉണ്ടാകാറുണ്ടായിരുന്നു. കുറെക്കാലം അവരുടെ അനിയത്തിയും വന്നിരുന്നു.രാവിലെ ഏഴു മണിക്ക് മുറിയിൽനിന്ന് പോയാൽ രാത്രിയാകും പത്മ തിരിച്ചെത്തുകയെന്ന് തൊട്ടടുത്ത മുറിയിലെ താമസക്കാരൻ ആന്ധ്ര സ്വദേശി രമണയും പാർവതിയും പറയുന്നു.രണ്ടു വർഷത്തോളം നാട്ടിൽ കഴിഞ്ഞശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ തിരിച്ചെത്തി. ഒരു സഹോദരിയും മകൻ ശെൽവരാജനും വല്ലപ്പോഴും സന്ദർശിക്കാനെത്തിയിരുന്നതായി നഗരസഭാ കൗൺസിലർ ആന്റണി പൈനുതറ പറഞ്ഞു.

പത്മയുടെ മൂത്തമകൻ സേട്ടുവിന് തമിഴ്‌നാട്ടിലെ ധർമപുരി ഗവ. പോളിടെക്നിക് കോളേജിൽ അദ്ധ്യാപകനായി ചേരേണ്ട ദിവസമായിരുന്നു ചൊവ്വാഴ്ച. എന്നാൽ അന്നാണ് അമ്മ അതിക്രൂരമായി നരബലി നൽകപ്പെട്ടു എന്ന വിവരം ആ കുടുംബം അറിയുന്നത്. മുൻപ് ഒരു സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന സേട്ടുവിന് പോളിടെക്നിക്കിൽ ഫിസിക്സ് അദ്ധ്യാപകനായാണ് നിയമനം കിട്ടിയിട്ടുള്ളത്. വിവാഹിതനായ സേട്ടുവിന് രണ്ടു മക്കളുമുണ്ട്. രണ്ടാമത്തെ മകനും ടി.സി.എസിൽ എൻജിനീയറുമായ സെൽവരാജ് ചെന്നൈയിലെ ടൈറ്റിൽ പാർക്ക് കാമ്പസിലാണ് ജോലിചെയ്യുന്നത്. 'നിന്റെ കല്യാണംകൂടി വേഗം ഒന്നു നടത്തണം'- എന്ന് കഴിഞ്ഞയാഴ്ച പത്മ, സെൽവരാജിനോടു പറഞ്ഞിരുന്നു.

ദിവസവും അമ്മ ഫോൺ വിളിക്കുമായിരുന്നെന്ന് മകൻ ശെൽവരാജൻ പറഞ്ഞു. കഴിഞ്ഞ 26നാണ് ഒടുവിൽ വിളിച്ചത്. പിറ്റേന്ന് വിളിച്ചില്ല. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. കൊച്ചിയിലെത്തി ലോട്ടറി വിൽക്കുന്ന സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ''എവിടെപ്പോയാലും പത്മ പറഞ്ഞിട്ടേ പോവുകയുള്ളൂ. ഫോൺ വിളിച്ചാൽ എപ്പോഴും എടുക്കുമായിരുന്നു. വൈകിട്ട് ആറ് മണിക്കു മുൻപായി വീട്ടിലെത്തുമായിരുന്നു. സെപ്റ്റംബർ 26ന് വൈകിട്ട് ആറിന് ശേഷം വീട്ടിലെത്തിയില്ല. ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. പിന്നീടാണ് മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്...'' -സഹോദരി പളനിയമ്മ പറഞ്ഞു.

കടവന്ത്രയിൽ ഇരുവരും തൊട്ടടുത്താണ് താമസിച്ചിരുന്നത്.തമിഴ്‌നാട് ധർമ്മപുരി സ്വദേശിനിയായ പളനിയമ്മഇന്നലെ ഇലന്തൂരിൽ എത്തിയിരുന്നു. വിങ്ങിക്കരഞ്ഞു ദൂരെ മാറി നിൽക്കുകയായിരുന്നു അവർ.മുഹമ്മദ് ഷാഫിയെയും ഭഗവൽസിംഗിനെയും അറിയില്ലെന്ന് പളനിയമ്മ പറഞ്ഞു. പത്മ പറഞ്ഞിട്ടില്ല. പത്മ ആറ് പവന്റെ മാല ധരിച്ചിരുന്നു. ഇത് തട്ടിയെടുക്കാൻ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതിയത്.നല്ലരീതിയിൽ ജീവിക്കണമെന്ന പത്മത്തിന്റെ ആഗ്രഹത്തെ ഷാഫി മുതലെടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

ലൈംഗികവൃത്തിക്കായി വന്നാൽ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ വിവരം. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് പത്മയെ മറ്റൊരു മുറിയിൽ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങൾ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാൻ നേരത്തെ എടുത്തുവെച്ച കുഴിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കൊലപാതവിവരം അറിഞ്ഞതിന് പിന്നാലെ സെൽവരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണൻ, രാമു, മുനിയപ്പൻ എന്നിവരാണ് വിവരമറിഞ്ഞ് കൊച്ചിയിൽനിന്ന് എത്തിയത്. ദിവസവും രണ്ടുനേരവും പത്മ വിളിക്കാറുണ്ടായിരുന്നെന്നും അത് മുടങ്ങിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നെന്നും പളനിയമ്മ പറഞ്ഞു. കാണാതായ ദിവസം വിളിവന്നില്ല. അപ്പോഴെ സംശയം തോന്നിയിരുന്നു. പല തവണ തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇതോടെയാണ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതെന്നും പളനിയമ്മ കൂട്ടിച്ചേർത്തു. കൊച്ചിയിൽനിന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സെൽവനെയും ഇളയമ്മ പളനിയമ്മയെയും ഇലന്തൂരിലെത്തിച്ചത്.

ഭഗവൽ സിങ്ങിന്റെ വീടിന്റെ തെക്കുവശത്തുള്ള പറമ്പിലായിരുന്നു ഹീനമായ നരബലിക്കു ശേഷം പത്മയുടെ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടിരുന്നത്. ഷാഫിയാണ് ഈ സ്ഥലം കാണിച്ചു കൊടുത്തത്. ആദ്യം പത്മത്തിന്റെ കയ്യാണ് ആദ്യം ലഭിച്ചത്. പിന്നീട് നെഞ്ചിന്റെ ഭാഗവും ലഭിച്ചു. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടിരുന്നത്. രണ്ടാമത്തെ മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം യാഥാർഥ്യമാകും മുൻപേ പത്മയുടെ ജീവിതം നരബലിയായി ഒടുങ്ങി, 56 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടു. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈലയും ഭഗവൽ സിങ്ങും ചേർന്ന് ഈ ക്രൂരകൃത്യം നടപ്പാക്കിയത്.