- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ നസ്ലീനും ഷൈബിനും തമ്മിലുള്ള രഹസ്യബന്ധം കണ്ടെത്തിയ പ്രതികാരത്തിനൊപ്പം വസ്തു തട്ടിയെടുക്കലും ലക്ഷ്യം; ഹാരിസിനൊപ്പം വീട്ടമ്മയായ വാളിയേങ്കൽ ഡെൻസിയെ കൊലപ്പെടുത്തിയത് ഗൂഢാലോചന കണ്ടെത്താതിരിക്കാൻ; ക്രൂരതയിലെ തെളിവ് തേടിയുള്ള റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ഒരു മാസം കാക്കണം; അബുദാബി ഇരട്ടക്കൊലയിൽ സത്യം പുറത്തു വരും
ചാലക്കുടി: രണ്ടു വർഷം മുൻപ് അബുദാബിയിൽ കൊല്ലപ്പെട്ട നോർത്ത് ചാലക്കുടി വാളിയേങ്കൽ ഡെൻസി ആന്റണിയുടെ മൃതദേഹാവശിഷ്ടം കുഴിമാടത്തിൽ നിന്നു പുറത്തെടുത്തു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയതിന്റെ ഫലം ഒരു മാസത്തിനകം പുറത്തു വരും. ഡെൻസിക്കൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട ഹാരിസിന്റെ മൃതദേഹം 10 ദിവസം മുൻപു പുറത്തെടുത്തു റീ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന്റെ ഫൊറൻസിക് പരിശോധനാഫലവും ലഭ്യമായിട്ടില്ല. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫ് റിമാൻഡിൽ കഴിയുകയാണ്.
നാട്ടുവൈദ്യൻ ഷാബാ ഷരീഫിനെ വധിച്ച കേസിലെ മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്‌റഫ് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണു ഡെൻസിയുടെ മരണം എന്നു തെളിഞ്ഞതോടെയാണു റീ പോസ്റ്റ്‌മോർട്ടം നടത്തിയത്. നോർത്ത് ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയിലെ കുഴിമാടം തുറന്നു റീപോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വൈകിട്ട് നാലേകാലോടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെ സെമിത്തേരിയിലെത്തിച്ചു കുഴിമാടത്തിൽ വീണ്ടും സംസ്‌കരിച്ചു. ഡെൻസിയുടെ അമ്മ റോസിലി, മകൻ അർണോൾഡ് എന്നിവരും മറ്റു കുടുംബാംഗങ്ങളും പള്ളിയിൽ എത്തിയിരുന്നു.
അസ്ഥികൂടം അടക്കം മൃതദേഹാവശിഷ്ടങ്ങൾ പൂർണമായി പുറത്തെടുത്തു. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. എ.കെ. ഉന്മേഷിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. 12 മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ശരീരഭാഗങ്ങളുടെ സാംപിളുകൾ റീജനൽ ഫൊറൻസിക് ലാബിലേക്കയച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് ലഭിക്കും. സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. ജോൺസൺ തറയിലിന്റെ അനുമതിയും അമ്മ റോസിലിയുടെ സമ്മതപത്രവും വാങ്ങിയ ശേഷമാണു പൊലീസ് കുഴിമാടം തുറന്നത്.
ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചശേഷം പൊലീസ് ഷൈബിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നടപടി നടക്കുന്ന ഭാഗത്തേക്കു നാട്ടുകാരെയോ മാധ്യമ പ്രവർത്തകരെയോ പ്രവേശിപ്പിച്ചില്ല.
ഷൈബിനും ഹാരിസും ബിസിനസ് പങ്കാളികളായിരുന്നു. ഹാരിസിന്റെ സ്വത്തു തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണു കൊലപാതകം. തന്റെ ഭാര്യയുമായി ഷൈബിനു വഴിവിട്ട ബന്ധമുണ്ടെന്നു ഹാരിസിനു സംശയമുണ്ടായിരുന്നു. ഇതും കൊലയ്ക്കു പ്രേരണ നൽകിയെന്നതിന്റെ സൈബർ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതികളുടേതുൾപ്പെടെ മൊബൈൽ സന്ദേശങ്ങളടക്കമുള്ള തെളിവുകളും നിലമ്പൂർ പൊലീസ് ശേഖരിച്ചിരുന്നു. ഡെൻസിയും ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ഹാരിസും 2020 മാർച്ച് 5ന് ആണ് അബുദാബിയിൽ കൊല്ലപ്പെട്ടത്. ഡെൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈഞെരമ്പു മുറിച്ചു ആത്മഹത്യ ചെയ്തുവെന്നായിരുന്നു അബുദാബി പൊലീസിന്റെ നിരീക്ഷണം.
ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫ് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണു ഹാരിസിന്റെയും ഡെൻസിയുടെയും കൊലപാതകം എന്നു കേരള പൊലീസ് കണ്ടെത്തി. ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നു ലഭിച്ച സൂചനയാണു കേസിൽ നിർണായക വഴിത്തിരിവായത്. നിലമ്പൂർ സ്വദേശി ഷൈബിൻ അഷറഫിന്റെ നിർദേശപ്രകാരം തങ്ങളാണു കൊലപാതകം നടത്തിയതെന്നായിരുന്നു ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്‌മാൻ, കുത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവർ സമ്മതിച്ചത്.
മറുനാടന് മലയാളി ബ്യൂറോ