പത്തനംതിട്ട: മിൽമ ജീവനക്കാർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു പാഞ്ഞു കയറി കാൽനടയാത്രികൻ മരിച്ചു. കൈപ്പട്ടൂർ ഞാറക്കൂട്ടത്തിൽ ജയിംസ് (61) ആണ് മരിച്ചത്. കൈപ്പട്ടൂർ-ചന്ദനപ്പള്ളി റോഡിൽ മൂന്നാം കലുങ്കിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തൊട്ടടുത്തു ചായക്കട നടത്തുന്നയാളാണ് മരിച്ച ജയിംസ്.

കാർ ഓടിച്ചിരുന്ന തട്ട മിൽമ യൂണിറ്റിലെ ഡ്രൈവർ രജിഷ് (37), ഇവിടെ തന്നെ പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന പട്ടാഴി സ്വദേശിനി അർച്ചന (38) എന്നിവരെ പരുക്കുളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജീഷ് നന്നായി മദ്യപിച്ചിരുന്നതായി പൊലീസും നാട്ടുകാരും പറഞ്ഞു.

ഏഴംകുളം-കൈപ്പട്ടൂർ സംസ്ഥാന പാതയിൽ കൈപ്പട്ടൂർ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മാരുതി കാർ നിയന്ത്രണം വിട്ട് റോഡ് അരികിൽ പാർട്ട് ചെയ്തിരുന്ന സ്‌കൂട്ടറും രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ച ശേഷം നടന്നു വരികയായിരുന്ന ജയിംസിന് മേൽ പാഞ്ഞു കയറി സമീപത്തെ വെയിറ്റിങ് ഷെഡിൽ ഇടിച്ച് വയലിലേക്ക് ഇറങ്ങി നിന്നു. കൊടുമൺ സ്വദേശി ലാൽ തന്റെ കാറിൽ കൈപ്പട്ടൂർ ഭാഗത്തേക്ക് വരുമ്പോഴാണ് അമിത വേഗതയിൽ എതിരേ മാരുതി ഓൾട്ടോ എത്തിയത്.

തന്റെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ലാൽ ഒതുക്കി നിർത്തി. പിന്നിലേക്ക് നോക്കുമ്പോഴാണ് കാർ അപകട പരമ്പര സൃഷ്ടിക്കുന്നത് കണ്ടത്. ലാൽ തന്നെയാണ് പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചത്. രജീഷിനും അർച്ചനയ്ക്കും പരുക്കേറ്റതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കാറിൽ നിന്ന് ബിയർ കുപ്പികളും കണ്ടെടുത്തു. രാവിലെ മുതർൽ ഇവർ വാഹനത്തിൽ അങ്ങോട്ടുമിങ്ങോട്ടും കറങ്ങൂന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇവർ രണ്ടു പേരെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും അറിയുന്നു.