പത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അമിത വേഗതയിൽ വന്ന എർട്ടിഗ കാർ ഇടിച്ചു തെറിപ്പിച്ച ചുമട്ടു തൊഴിലാളി മരിച്ചു. പത്തനംതിട്ട മേലേവെട്ടിപ്രം വെട്ടിപ്രം വഞ്ചിപ്പൊയ്ക നെല്ലിക്കാട്ടിൽ വീട്ടിൽ പ്രസന്നൻ (53) ആണ് മരിച്ചത്. പത്തനംതിട്ടയിലെ സിഐടിയു യൂണിയനിൽപ്പെട്ട ചുമട്ടു തൊഴിലാളിയാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ കുമ്പഴ വടക്ക് മാർത്തോമ്മ പള്ളിക്ക് സമീപമാണ് അപകടം. റാന്നിയിൽ നിന്ന് കുമ്പഴ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഡിവൈഡറും ഇടിച്ച് തെറിപ്പിച്ച്് പള്ളിയുടെ മതിലും ബോർഡും തകർത്താണ് നിന്നത്.

കാറിലുണ്ടായിരുന്നവരെയും പ്രസന്നനെയും ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രസന്നൻ സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരുക്കാണുള്ളത്. ഇവർ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസിപ്പിച്ചതിന് ശേഷം ഈ ഭാഗത്ത് വാഹനങ്ങൾക്ക് അമിത വേഗതയാണ്. വേഗം തടയുന്നതിന് കാമറകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.