- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'പിന്നെ നിങ്ങൾ..ആരാ ലക്ഷപ്രഭു അല്ലെ...'; വാട്സപ്പിലൂടെ മെസ്സേജ് അയച്ച് വീഴ്ത്തും; അയച്ചുകൊടുക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ കയറിയാൽ പെടുന്നത് ചതിക്കുഴിയിൽ; ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയ 29കാരൻ പിടിയിലായത് ഇങ്ങനെ
തൃശൂർ: ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി 10 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുമ്പളങ്ങി സ്വദേശി പനയിൽ വീട്ടിൽ നസീബ് (29) ആണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയായ രാഗേഷാണ് തട്ടിപ്പിന് ഇരയായത്.
സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ: വാട്‌സ്ആപ്പിൽ ലഭിച്ച ഒരു സന്ദേശം വിശ്വസിച്ച്, പ്രധാന പ്രതികൾ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. ഈ ഗ്രൂപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു പ്രത്യേക വെബ്സൈറ്റിൽ ട്രേഡിംഗ് നടത്തിയെന്നും ഇതിലൂടെ 15 ലക്ഷം രൂപ ബാലൻസ് കാണിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അതിന് കഴിഞ്ഞില്ല.
തുടർന്ന്, പണം പിൻവലിക്കാൻ ടാക്സ് ഇനത്തിൽ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് ബോധ്യപ്പെട്ടത്. ഇതേത്തുടർന്ന്, ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ദേശീയ ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിയായ നസീബിനെ, തട്ടിപ്പ് പണം കൈമാറുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികൾക്ക് നൽകി 10,000 രൂപ കമ്മീഷനായി കൈപ്പറ്റിയതിനാണ് അറസ്റ്റ് ചെയ്തത്. നസീബിന്റെ ബാങ്ക് അക്കൗണ്ട് വഴി രാഗേഷിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 5,08,600 രൂപ കൈമാറ്റം ചെയ്യപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് പുറമെ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, ജി.എസ്.ഐ. എം.എ. മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. കെ.കെ. പ്രകാശൻ, ജി.എസ്.സി.പി.ഒ. എം.എസ്. സുജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുള്ളത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഈ കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.