- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഐ.ബി യുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെത്തിയ ഒരാൾ; നിങ്ങൾക്കെതിരെ കേസ് ഉണ്ടെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വരുമെന്നും വിരട്ടൽ; ഇതോടെ ആകെ ഭയന്നുപോയ യുവതി; ഒടുവിൽ പോലീസ് അന്വേഷണത്തിൽ മുഖംമൂടി അഴിഞ്ഞു; കൊച്ചിയിൽ പണം തട്ടാൻ ശ്രമിച്ച ആ വ്യാജനെ കുടുക്കിയത് ഇങ്ങനെ
കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സി(ഐ.ബി) ഉദ്യോഗസ്ഥനാണെന്ന വ്യാജേന യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ മണ്ണന്തുരുത്ത് സ്വദേശി പൂളത്ത് തുണ്ടിയില്‍ പ്രണവി(28)നെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നിനാണ് പ്രതി വരാപ്പുഴ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. 37 ലക്ഷം രൂപയുടെ ചീറ്റിങ് കേസില്‍ യുവതി പ്രതിയാണെന്നും ഈ കേസില്‍ നിന്നും രക്ഷപെടുത്താം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. യുവതിയുടെ സഹോദരനെ ഫോണ്‍ വഴി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ കേസുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കേസില്‍ നിന്നും രക്ഷപെടണമെങ്കില്‍ ആവശ്യപ്പെടുന്ന തുക നല്‍കണമെന്ന് അറിയിച്ചു. യുവതിയെ നേരില്‍ കണ്ട ശേഷം വ്യാജമായി നിര്‍മ്മിച്ച ഐ.ബിയുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചു. തുടര്‍ന്ന് വ്യാജമായി നിര്‍മ്മിച്ച കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങളും കൈമാറി. ഇതോടെ ഭയന്ന് പോയ യുവതി ഇയാള്‍ ആവശ്യപ്പെട്ട 15,000 രൂപ നല്കി.
പണം കൈക്കലാക്കിയ ശേഷം യുവതിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പാണ് ഇതിന് പിന്നിലെന്നും അതിനാല്‍ ഫോണ്‍ റീസെറ്റ് ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു. യുവതി ഫോണ്‍ കൈമാറിയപ്പോള്‍ ഇയാള്‍ നേരത്തെ യുവതിയുമായി ബന്ധപ്പെട്ട് നടത്തിയ വാട്ട്സാപ്പ് സന്ദേശങ്ങളും കോള്‍ വിവരങ്ങളും ഫോണ്‍ റീസെറ്റ് ചെയ്ത് നശിപ്പിച്ചു. പിന്നീട് വീണ്ടും യുവതിയെ ബന്ധപ്പെട്ട് യുവതിയുടെ ആധാര്‍ കാര്‍ഡ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ചാറ്റ് ചെയ്തിരിക്കുന്ന വ്യാജ സ്ക്രീന്‍ ഷോട്ടുകള്‍ എന്നിവ കാണിച്ച് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരും എന്ന് വീണ്ടും ഭീക്ഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ വിവരം അറിയിക്കുന്നത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുനമ്പം ഡി.വൈ.എസ്.പി എസ്.ജയകൃഷ്ണന്റെ നിര്‍ദേശാനുസരണം വരാപ്പുഴ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ മനോജ്, അബ്ദുല്‍ റസാഖ്, ദേവരാജന്‍ എസ്.സി.പി.ഒാമാരായ രാഹുല്‍, ജിതിന്, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി ആണോ എന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും നിരവധി വ്യാജ ഐ.ഡി കാര്‍ഡുകളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.




