തൃശൂർ: മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച 37.78 ലക്ഷം രൂപയിലധികം മതിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. തൃശൂരിൽ മെത്താഫിറ്റമിനുമായി പിടിയിലായ എടത്തിരുത്തി സ്വദേശി അഖിൽ (31), പെരിഞ്ഞനം സ്വദേശിനി ഫസീല (33) എന്നിവരുടെ ഭൂമി, വാഹനം, ബാങ്ക് ബാലൻസ് എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളം കൈതക്കൽ വെച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായി ഇവരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്നുനടത്തിയ വിശദമായ അന്വേഷണത്തിലാണ് അഖിലിനും ഫസീലയ്ക്കും സ്ഥിരമായ വരുമാന മാർഗങ്ങളൊന്നുമില്ലെന്നും, ഇവർ ലഹരിമരുന്നുകളുടെ നിയമവിരുദ്ധമായ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായും കണ്ടെത്തിയത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് ഇവർ സ്ഥാവര ജംഗമ സ്വത്തുക്കൾ സമ്പാദിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.

കണ്ടുകെട്ടിയ സ്വത്തുക്കളിൽ അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം രൂപ വിലമതിക്കുന്ന ജെ.സി.ബി., 6.5 ലക്ഷം രൂപയുടെ കാർ, എടത്തിരുത്തി വില്ലേജിലെ 5,32,500 രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി എന്നിവ ഉൾപ്പെടുന്നു. ഫസീലയുടെ ബാങ്ക് അക്കൗണ്ടിലെ 899 രൂപയും കണ്ടുകെട്ടിയവയിൽപ്പെടും. ആകെ 37,78,117 രൂപയുടെ സ്വത്തുക്കളാണ് ഇപ്രകാരം കണ്ടുകെട്ടാൻ ഉത്തരവിട്ടിരിക്കുന്നത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ഡി.സി.ബി. ഡിവൈ.എസ്.പി. ഉല്ലാസ് കുമാർ എം., വലപ്പാട് എസ്.എച്ച്.ഒ. അനിൽകുമാർ, ജി.എ.എസ്.ഐ. സൈഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയാണ് സ്വത്തു വകകൾ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ലഹരിമരുന്ന് കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഈ നടപടി, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.