കണ്ണൂർ: മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണവും പതിനായിരം രൂപയും കവർന്ന കേസിലെ പ്രതിയെ മട്ടന്നൂർ പോലീസ് മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടി. പാലക്കാട് വട്ടമനപുരം സ്വദേശി നവാസ് ആണ് മാനന്തവാടി കാട്ടിക്കുളത്ത് വെച്ച് പോലീസ് പിടിയിലായത്. കവർച്ച നടന്ന വീടിന് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയുന്നതിനും വേഗത്തിൽ അറസ്റ്റ് ചെയ്യുന്നതിനും പോലീസിന് നിർണായകമായത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് തെരൂരിലെ ആളില്ലാത്ത വീട്ടിൽ കവർച്ച നടന്നത്. ബംഗളൂരുവിൽ താമസിക്കുന്ന വീട്ടുകാർ വീട് അടച്ചിട്ട നിലയിലായിരുന്നു. മോഷണത്തിന് മുൻപായി പ്രതി വീടിന് പുറത്ത് നിരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. പിന്നീട് ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആദ്യഘട്ടത്തിൽ തന്നെ ലഭിച്ച ഈ ദൃശ്യങ്ങൾ അന്വേഷണത്തിൽ പോലീസിന് സഹായകമായി.

സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി മട്ടന്നൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ നവാസ് ഒളിവിൽ പോവുകയായിരുന്നു. ആദ്യം കാസർകോട്ടേക്കും പിന്നീട് മൈസൂരിലേക്കും കടന്ന ഇയാൾ, കേരളത്തിലേക്ക് തിരികെ വരുന്ന വഴിയാണ് മാനന്തവാടിയിലെ കാട്ടിക്കുളത്ത് വെച്ച് പോലീസിന്റെ വലയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.