- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇതെന്താ..പാക്കിസ്ഥനാണോ? നോമ്പിന് ഹോട്ടലില്‍ നിന്ന് ഭക്ഷണം നൽകി; ഒന്നും നോക്കാതെ അവർ എല്ലാവരും കൂടി ചേർന്ന് എന്നെ ആക്രമിച്ചു! വാട്സാപ്പില്‍ ഒരാളുടെ സന്ദേശം കേട്ട് അമ്പരന്ന് ആളുകൾ; നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ച; ഒടുവിൽ പോലീസിന്റെ വരവിൽ സത്യം പുറത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന രീതിയിൽ വ്യാജ സന്ദേശങ്ങൾ നിർമിച്ച് പ്രചരിപ്പിച്ച ഹോട്ടൽ ഉടമയെ പോലീസ് പിടികൂടി. നടുവട്ടം സ്വദേശിയും ഇപ്പോൾ കാരത്തൂരിൽ താമസക്കാരനുമായ ശ്രീജിത്തിനെയാണ് (46) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആതവനാട് കാട്ടിലങ്ങാടിയിൽ ഇയാൾ നടത്തുന്ന ഹോട്ടലുമായി ബന്ധപ്പെടുത്തിയാണ് മുസ്ലിം സമുദായത്തിനെതിരെ തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇയാൾ സോഷ്യൽ മീഡിയ വഴി പടച്ചുവിട്ടത്.
കുടുംബശ്രീ പ്രവർത്തകരായ മൂന്ന് സ്ത്രീകൾക്ക് തന്റെ ഹോട്ടലിൽ ഭക്ഷണം നൽകിയതിന്റെ പേരിൽ ഒരു വിഭാഗം ആളുകൾ ഇടപെട്ട് ഹോട്ടൽ അടപ്പിച്ചുവെന്നും, പിന്നീട് അത് തുറക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഇയാളുടെ വ്യാജ പ്രചാരണം. ഇത്തരത്തിൽ വർഗീയ വിദ്വേഷം പടർത്തുന്ന സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.
വിദ്വേഷം നിറഞ്ഞ വാക്കുകളിലൂടെ നാടിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തി. താൻ നടത്തുന്ന ഹോട്ടലിലെ സാധനങ്ങൾ എടുക്കാൻ പോലും നാട്ടുകാർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച ഇയാൾ, 'ഇത് പാകിസ്ഥാനാണോ' എന്ന തരത്തിലുള്ള തീവ്രമായ വർഗീയ പരാമർശങ്ങളും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കൂടാതെ, തനിക്ക് പിന്തുണ നൽകാൻ പ്രത്യേക കൂട്ടായ്മകൾ രൂപീകരിക്കണമെന്നും സഹായത്തിനായി ആളുകൾ ബന്ധപ്പെടണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഹോട്ടൽ പൂട്ടിച്ചെന്നോ ആരെങ്കിലും ഭീഷണിപ്പെടുത്തിയെന്നോ ഉള്ള ആരോപണങ്ങൾ പൂർണ്ണമായും പച്ചക്കള്ളമാണെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ വ്യാജവാർത്ത ചമച്ചതിന് ശ്രീജിത്തിനെതിരെ പോലീസ് നടപടിയെടുത്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഇതിനു മുൻപും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും മൂന്ന് കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. മലപ്പുറം ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
സോഷ്യൽ മീഡിയ വഴി മതസ്പർദ്ധ വളർത്തുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.


