- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ടാൽ പറയുമോ? ഇവൻ ഇന്ത്യ മുഴുവൻ കറങ്ങുന്നത് ഒരൊറ്റ ആവശ്യത്തിന്; ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് കള്ളത്തരം കാണിക്കും; ഇമ്രാൻ ഖാനെ ആലുവ പോലീസ് കുടുക്കിയത് ഇങ്ങനെ

കൊച്ചി: രാജ്യത്തുടനീളം ഇരുചക്ര വാഹനങ്ങളിൽ നിന്ന് മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ച് സിം കാർഡ് ഉപയോഗിച്ച് എടിഎം പിൻ മാറ്റി പണം തട്ടുന്ന ഹൈടെക് മോഷ്ടാവ് ആലുവ പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശി ഇമ്രാൻ ഖാൻ (34) ആണ് കൊച്ചി വൈറ്റില ഹബ് പരിസരത്തെ ഒരു ലോഡ്ജിൽ നിന്ന് സാഹസികമായി അറസ്റ്റിലായത്.
ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ച് സ്കൂട്ടറുകളുടെ സീറ്റിനടിയിലുള്ള സ്റ്റോറേജ് തുറന്ന് മൊബൈൽ ഫോണും പേഴ്സും കവരുക എന്നതാണ് ഇയാളുടെ പ്രധാന തട്ടിപ്പ് രീതി. മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മറ്റൊരു ഫോണിലിട്ട് എടിഎം കൗണ്ടറിൽ നിന്ന് എടിഎം പിൻ മാറ്റി പണം പിൻവലിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. സിം ഇടുന്ന ഫോൺ പിന്നീട് വിളിക്കാൻ ഉപയോഗിച്ചിരുന്നില്ല.
ഈ മാസം 14-ന് തൃശൂർ സാമ്പാളൂർ സ്വദേശിയായ ഒരു യുവാവ് ആലുവ ടിസിഎസ് ഐഓൺ എക്സാം സെന്ററിൽ പരീക്ഷയ്ക്കെത്തിയപ്പോഴാണ് സമാനമായ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹം സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച പേഴ്സും മൊബൈൽ ഫോണും നഷ്ടപ്പെടുകയും, പിന്നീട് എടിഎം കാർഡ് ബ്ലോക്ക് ചെയ്യാൻ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ പിൻവലിച്ചതായി അറിയുകയും ചെയ്തു. തുടർന്ന് ആലുവ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആലുവ, കൊല്ലം കിളികൊല്ലൂർ, തൃശൂർ എന്നിവിടങ്ങളിലും തമിഴ്നാട്ടിലെയും ഉത്തർപ്രദേശിലെയും വിവിധ സ്ഥലങ്ങളിലും സമാനമായ മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് പോലീസ് ഇയാൾക്കുവേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ലാത്ത ഇമ്രാൻ ഖാൻ യാത്രകൾക്കിടയിലാണ് മോഷണങ്ങൾ നടത്തിയിരുന്നത്. കഴിഞ്ഞ 23-ന് ഭോപ്പാലിലും 27-ന് കോയമ്പത്തൂരിലുമായിരുന്ന ഇയാൾ, പുതിയ മോഷണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് കുടുങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി വൈറ്റില ഹബ് പരിസരത്തെ ലോഡ്ജ് വളഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്ന് പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, നിരവധി പേഴ്സുകൾ എന്നിവ കണ്ടെടുത്തു. ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ ജോസ്സി എം. ജോൺസൺ, അനൂപ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്യുകയും കൂടുതൽ വിവരങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും.


