ഹരിപ്പാട്: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി ഹരിപ്പാട് പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ വിളപ്പക്കം, പിള്ളേയ്യര്‍ കോവില്‍ സ്ട്രീറ്റ് സ്വദേശി അജിത് കുമാര്‍ (28) ആണ് പുതിയതായി അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം, ഫേയ്‌സബുക്ക്, ടെലിഗ്രാം വഴി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലതയിലേക്ക് മാറ്റുകയായിരുന്നു പ്രതിയുടെ രീതി. 'കുമാര്‍ സെവന്‍' എന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ഈ പ്രവൃത്തി.

ഹരിപ്പാട് സ്വദേശികളായ എട്ടോളം പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കോട്ടയം സ്വദേശി അരുണ്‍ (25) നെ ഏപ്രില്‍ 25ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അജിത് കുമാറിന്റെ പങ്കും തെളിയിക്കപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ് എച്ച് ഓ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ് ഐ ഷൈജ, എ എസ് ഐ ശിഹാബ്, സി പി ഓമാരായ ശ്രീജിത്ത്, നിഷാദ്, ശിഹാബ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് തുടര്‍ന്നും കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.