ഹൈദരാബാദ്: സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. വിവിധ മേഖലകളില്‍ നിന്നും സ്ത്രീകളും കുട്ടികളും പല രീതിയിലാണ് ചൂഷണങ്ങൾ നേരിടുന്നത്. നമ്മൾ പഠിക്കാൻ വിടുന്ന സ്ഥലങ്ങളിൽ പോലും പെൺകുട്ടികൾ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി സമൂഹത്തിൽ നടക്കുന്നത്. ഇപ്പോഴിതാ ഹൈദരാബാദിലെ ഞെട്ടിപ്പിച്ച പീഡന വാർത്തകളാണ് പുറത്തുവരുന്നത്. അതും നല്ലവനെന്ന് കരുതിയ ഒരാളാണ് കേസിലെ മുഖ്യപ്രതി.

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഡ്രൈവർ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി. ഹൈദരാബാദിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വന്നിരുന്ന വിദ്യാർത്ഥിനിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഹോസ്റ്റൽ നിൽ‌ക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഡ്രൈവറാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ബുധനാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്.

വിദ്യാർത്ഥിനി രാത്രിയിൽ മുറിയിൽ ഒറ്റയ്ക്കിരുന്ന് പഠിക്കുകയായിരുന്നു. കതക് കുറ്റിയിട്ട നിലയിലുമായിരുന്നു. പെട്ടെന്ന് മുറിയിലേക്ക് പുതിയ ബെഡ് ഷീറ്റ് തരാനായി വന്നതാണെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ മുട്ടിയത്.

ഇത് കേട്ട പെൺകുട്ടി വാതിൽ തുറന്നപ്പോൾ പ്രതി പെട്ടെന്ന് മുറിയിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റൽ കെട്ടിട ഉടമയുടെ ഡ്രൈവറാണ് പ്രതിയെന്നും പോലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച യുവതിക്ക് പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിന്നു. ഇതിനാൽ മറ്റ് ചില വിദ്യാർത്ഥികൾ ഈ സമയം വിവിധ മുറികളിലായിരുന്നു പഠിച്ചിരുന്നത്. ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടി.

കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. മെഡിക്കൽ പരിശോധനയ്ക്കായി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റ് വിവരങ്ങൾ ശേഖരിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.