മലപ്പുറം: ഗുണ്ടാ ആക്ട് നിയമപ്രകാരം മലപ്പുറം ജില്ലയിൽനിന്നും കാപ്പ ചുമത്തി നാടുകടത്തിയ പ്രതികളെല്ലാം വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നു. ദിവസങ്ങൾക്കുള്ള പിടിയിലാകുന്നത് മൂന്നാമത്തെ പ്രതി. നാടുകടത്തിയ പടിഞ്ഞാറേക്കര സ്വദേശി റിയാസാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലായി സമാനമായ രീതിയിൽ നാടുകടത്തിയ രണ്ടുപ്രതികൾ ജില്ലയിൽ പ്രവേശിച്ച് പിടിയിലായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ പടിഞാറേക്കര സ്വദേശി റിയാസ് (32) നെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത്ദാസ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം തിരൂർ ഡി.വൈ.എസ്‌പി വി.വി ബെന്നിയും സംഘവും പിടികൂടിയത്.

മയക്കുമരുന്ന് , കവർച്ച, കൊലപാതകശ്രമ കേസുകൾ തുടങ്ങിയവയിൽ പ്രതിയായ ഇയാൾക്കെതിരെ മലപ്പുറം ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ .ജി യാണ് ഉത്തരവിറക്കിയത്. ഇന്നലെ രാത്രിയിൽ വീട്ടിലെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ജിഷിൽ. വി, എഎസ്ഐ പ്രതീഷ് കുമാർ, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, സുബാഷ്, ജിനേഷ് , ആന്റണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

മലപ്പുറം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ കോഡൂർ സ്വദേശി ആമിയൻ ഷംനാദ് വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് പിടിയിലായതിന് തൊട്ടുപിന്നാലെ കാപ്പ ചുമത്തി നാടുകടത്തിയ മറ്റൊരുപ്രതിയും വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഒരുവർഷത്തേക്കു നാടുകടത്തിയ വിവിധ കേസുകളിൽ പ്രതിയായ തിരൂർ തൃപ്രങ്ങോട് സ്വദേശി ആലുക്കൽ വീട്ടിൽ സാബിനൂൽ (38) ആണ് അറസ്റ്റിൽ ആയത്.

നേരത്തെ പിടിയിലായ ഷംനാദ് അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിക്കു കരിപ്പൂർ വിമാനത്തവളത്തിലെ സ്വർണക്കടത്തു വിവരങ്ങൾ ഉൾപ്പെടെ അറിയിച്ച് ചാരനായി പ്രവർത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്ത് രഹസ്യങ്ങളും, പൊലീസ് നീക്കങ്ങളും വരെ ഷംനാദ് ആയങ്കിയെ അറിയിച്ചതിന്റെ വാട്സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചിരുന്നു.

അതേ സമയം പ്രവേശന വിലക്ക് ലംഘിച്ച് സാബിനൂൽ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് ഇൻസ്‌പെക്ടർ ജിജോയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജിഷിൽ, സി.പി.ഒ ഉണ്ണിക്കുട്ടൻ, സി.പി.ഒ ധനീഷ്, തിരൂർ ഡൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ )പ്രകാരം സാബിനൂലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കും.

സമാനമായാണ് നേരത്തെ ഷംനാദു പിടിയിലായിരുന്നത്. മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയായ കോഡൂരിലെ ആമിയൻ ഷംനാദാണ്(25) കാപ്പ ചുത്തി മലപ്പുറം ജില്ലയിൽനിന്നും നാടുകടത്തിയിട്ടും വിലക്കു ലംഘിച്ച് വീണ്ടും രഹസ്യമായി മലപ്പുറം ജില്ലയിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് രഹസ്യവിവരത്തെ തുടർന്ന് ഷംനാദിനെ മലപ്പുറം താനൂരിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സ്പെഷ്യൽ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്നു പ്രതിയെ താനൂർ പൊലീസ് സ്റ്റേഷനിൽകൊണ്ടുപോകുകയായിരുന്നു. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്മേലായിരുന്നു ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നത്.

മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു. ജില്ലയിൽ കടക്കാൻ പാടില്ലെന്നിരിക്കെ ജില്ലയിലെ താനൂരിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിക്കു താനൂരിൽ ഒളിവിൽ കഴിയാൻ ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടേയെന്നും പൊലീസ് പരിശോധിച്ചിരുന്നു. ഇത്തരം പ്രതികളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കുമെന്ന നിലപാടിയാണ് പൊലീസ്.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(ഗുണ്ടാ ആക്ട്). 2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തിയാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.

ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്. അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്നത്.

പൊതുസുരക്ഷയ്ക്കും, സമാധാനത്തിനും കോട്ടം വരുത്തുന്നവരേയും അറിയപ്പെടുന്ന ഗുണ്ടകൾ, അതുപോലെ അനധികൃത മദ്യക്കച്ചവടക്കാർ, കടത്തുകാർ, വിൽപനക്കാർ, ഇവരുടെ അടുത്ത ബന്ധുക്കൾ, വ്യാജ നോട്ട് നിർമ്മാതാക്കൾ, വിതരണക്കാർ, മണൽ മാഫിയ, വ്യാജ സിഡി നിർമ്മാതാക്കൾ, വിതരണക്കാർ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ, വിൽപനക്കാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.

വിദേശ രാജ്യങ്ങളിൽനിന്നു ഹവാലഇടപാടിലൂടെ പണം കടത്തുന്നവരേയും പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, തുടങ്ങിയവർ ഇതിൽപ്പെടും. ബ്ളേഡിനു പണം നൽകിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവർ, എന്നിവരെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.