- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോലിയും കൂലിയും ഇല്ല; അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കിയത് വിശന്നുവലഞ്ഞപ്പോൾ; അക്രമം നടത്തിയത് അരിയും പയറും പൂട്ടിവെച്ചതുകൊണ്ട്'; കണ്ണൂരിലെ 'അംഗൻവാടി കള്ളൻ' മട്ടന്നൂർ സ്വദേശി വിജേഷ് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള താവക്കര വെസ്റ്റ് അംഗൻവാടിയിൽ കയറി കഞ്ഞി വച്ചു കഴിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രതി പിടിയിൽ. മട്ടന്നൂർ സ്വദേശി നഞ്ചേടത്ത് വീട്ടിൽ വിജേഷിനെയാണ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയത്.
അംഗൻവാടിയിൽ പൂട്ടുപൊളിച്ചു അകത്തു കയറി കഞ്ഞിയും പയറും മുട്ടയും പാചകം ചെയ്തു കഴിക്കുകയും അംഗൻവാടിയിലെ ഉപകരണങ്ങളും ടൈൽസ് പാകിയ തറ നശിപിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് കണ്ണൂർ ടൗൺ സിഐ.പി.എ ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യം കുടുങ്ങിയതാണ് പ്രതി പിടികൂടാൻ സഹായിച്ചത്.
ജോലിയും കൂലിയും ഇല്ലെന്നും വിശന്നുവലഞ്ഞപ്പോഴാണ് അങ്കണവാടിയിൽ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കി കഴിച്ചതെന്നുമായിരുന്നു വിജേഷ് പൊലീസിനോട് പറഞ്ഞത്. അരിയും പയറും പൂട്ടിവെച്ചതുകൊണ്ടാണ് അതിക്രമം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിജേഷിനെതിരെ പൊലീസ് കേസെടുത്തു.
താവക്കര വെസ്റ്റ് അങ്കണവാടിക്ക് നേരെയാണ് കഴിഞ്ഞദിവസം അതിക്രമം നടന്നത്. പൂട്ട് പൊളിച്ച് വാതിൽ തുറന്ന് അകത്തുകയറിയായിരുന്നു അക്രമം. ജനൽ ചില്ല് തകർക്കുകയും കമ്പികൾ വളച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. അങ്കണവാടിയുടെ അകത്തേക്ക് കയറുന്ന പടവുകളിൽ പതിച്ച ടൈലുകൾ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയും ചെയ്തു.
അകത്തുകയറിയ പ്രതി ആഹാരസാധനങ്ങൾ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിക്കുകയുംചെയ്തു. ഇതേ അങ്കണവാടിക്കുനേരേ മൂന്നാംതവണയാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12-നും ഒക്ടോബർ ആറിനും അക്രമം നടന്നിരുന്നു. ആദ്യ രണ്ടുതവണയും അകത്തുകയറിയ 'കള്ളൻ' കഞ്ഞിവെച്ച് കഴിക്കുക മാത്രമാണ് ചെയ്തത്. ഇത്തവണയാണ് വ്യാപകമായ അക്രമം നടത്തിയത്.
അംഗനവാടികളിൽ കയറി കഞ്ഞിവെച്ചു കുടിക്കുകയും രാത്രി മുഴുവൻ അവിടെ കിടന്നുറങ്ങുകയും പിറ്റേന്ന് രാവിലെ തിരിച്ചു പോകുകയും ചെയ്യുകയായിരുന്നു ഇയാളുടെ പതിവ്. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അംഗനവാടിയിൽ കയറുകയും അവിടെ കഞ്ഞി വെച്ചു കുടിച്ചതിന് ശേഷം അവിടെ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
നാലിടങ്ങളിൽ കയറിയിട്ടും കള്ളനെ പിടികൂടാൻ സാധിക്കാതിരുന്നത് പൊലീസിനെ സംബന്ധിച്ച് വലിയ തലവേദനയായിരുന്നു. മട്ടന്നൂരിൽ നിന്നാണ് വിജേഷ് പിടിയിലാകുന്നത്. ഇയാൾ കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോൾ സെയിൽ ഷോറൂമിൽ കയറി പണവും ഡ്രസ്സും കവർന്ന കേസിലും പ്രതിയാണ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് ഇയാൾ അംഗൻവാടിയിൽ സീലിങ് തകർത്തും ജനൽ വാതിലുകൾ പൊളിച്ചും അകത്തു കടന്നത്. കണ്ണൂർ നഗരത്തിലെ വിവിധ കടകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണിയാൾ. നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ജയിലിൽ നിന്നും ഇറങ്ങിയാൽ മോഷണം നടത്തുന്നത് പതിവാണ്.
കണ്ണൂർ കോടതിയിൽ ഹാജരാക്കിയ വിജേഷിനെ റിമാൻഡ് ചെയ്തു. കവർച്ച നടത്തുന്ന ഇടങ്ങളിൽ നിന്നും പാചകം ചെയ്തു കഴിക്കുകയെന്നതാണ് ഇയാളുടെ പതിവു രീതി. ഈ ശീലമാണ് പ്രതിയെ പിടികൂടാൻ പൊലിസിനെ സഹായിച്ചത്. താണ മുഴത്തടം യു. പിസ്കുളിലും തലശേരിയിലും ഇതിനു സമാനമായി മോഷണം നടന്നിട്ടുണ്ട്.
കണ്ണൂർ നഗരത്തിലെ കോളേജ് കൊമേഴ്സ് ഹാളിനു സമീപമുള്ള ജെൻഡ്സ് ഷോറൂമിൽ കവർച്ച നടത്തിയ കേസിലെ പ്രതിയായ വിജേഷ് മോഷണം പതിവാക്കിയ സ്ഥിരം കുറ്റവാളിയാണെന്ന് പൊലിസ് പറഞ്ഞു. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ടു ഇയാൾ ആർഭാട ജീവിതം നയിക്കുകയും പിടിയിലായി ജയിലിൽ കഴിയുമ്പോൾ പുറത്തിറങ്ങിയാൽ നടത്തേണ്ട മോഷണത്തിന്റെ പ്ളാൻ തയ്യാറുക്കുകയുമായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്