കോട്ടയം: പൊലീസ് കസ്റ്റഡിയിൽ മൊട്ടുസൂചി വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനക്കേസ് പ്രതി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ. പീഡനക്കേസിൽ കഴിഞ്ഞ ദിവസം പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്ത ചങ്ങനാശേരി സ്വദേശി സന്തോഷാണ് വ്യാഴാഴ്ച വൈകിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ കടുംകൈ. അതേ സമയം, അയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും പല്ലിന്റെ ഇട കുത്തിക്കൊണ്ടിരുന്ന കമ്പി വയറ്റിൽ പോയതാണെന്നും അത് എനിമ വച്ച് കളഞ്ഞതിന് ശേഷം റിമാൻഡ് ചെയ്തുവെന്നുമാണ് പൊലീസ് ഭാഷ്യം.

കോയിപ്രം സ്റ്റേഷൻ പരിധിയിലുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു സന്തോഷ്. ഇരുവരും ദിവസങ്ങൾക്ക് മുൻപ് നാടുവിട്ടു. യുവതിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർന്ന് ഇരുവരെയും പൊലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പിന്നെയാണ് കഥ മാറിയത്. യുവതിയെ ബലം പ്രയോഗിച്ച് തനിക്കെതിരേ മൊഴി കൊടുപ്പിച്ച് കേസെടുക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ ആരോപണം. പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ തങ്ങളെ കോടതിയിൽ ഹാജരാക്കുമെന്നും പ്രായപൂർത്തിയായതിനാൽ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുമെന്നുമായിരുന്നു സന്തോഷിന്റെ പ്രതീക്ഷ.

എന്നാൽ, യുവതിയെ നിർബന്ധിച്ച് മൊഴി വാങ്ങി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാക്കിയെന്നാണ് യുവാവിന്റെ ആരോപണം. തന്നെ പീഡനക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് കണ്ടപ്പോഴാണ് യുവാവ് മൊട്ടുസൂചി വിഴുങ്ങിയത്. കോയിപ്രം പൊലീസ് മറ്റാരുടെയോ നിർബന്ധത്തിന് വഴങ്ങി കള്ളക്കേസ് എടുക്കുകയായിരുന്നുവത്രേ. സന്തോഷ് പിൻ വിഴുങ്ങിയെന്ന് മനസിലായതോടെ പരിഭ്രാന്തരായ പൊലീസ് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെ എനിമ വച്ച വയറിളക്കി പിൻ വയറ്റിൽ നിന്ന് കളഞ്ഞുവെന്നാണ് ഇത് സംബന്ധിച്ച് അന്വേഷിച്ച മാധ്യമ പ്രവർത്തകനോട് കോയിപ്രം എസ്എച്ച്ഓ അറിയിച്ചതത്രേ. യുവാവ് പിൻ വിഴുങ്ങിയതല്ല. മൊബൈൽ ഫോണിന്റെ സിം പോർട്ട് തുറക്കാൻ ഉപയോഗിക്കുന്ന ഇജക്ടറാണ് ഉള്ളിൽപ്പോയത്. ഇതു കൊണ്ട് പല്ലിന്റെ ഇട കുത്തിക്കൊണ്ടിരുന്നപ്പോൾ അറിയാതെ വിഴുങ്ങിപ്പോയതാണത്രേ.

അതേ സമയം, യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ തന്നെ ചികിൽസയിൽ കഴിയുകയാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പിൻ ഇതു വരെ വയറ്റിൽ നിന്ന് പോയിട്ടില്ലത്രേ. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിക്കുന്നുണ്ട്.