തിരുപ്പൂർ: ഫാംഹൗസിലുണ്ടായ തർക്കം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊളെ പോലീസ് വെടിവച്ചു കൊന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഒളിപ്പിച്ച സ്ഥലത്തേക്ക് കൊണ്ടുപോകവെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളിൽ ഒരാളായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന് പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. മടത്തുകുളം എംഎൽഎ, അണ്ണാ ഡിഎംകെയിലെ സി.മഹേന്ദ്രന്റെ ഫാം ഹൗസിലാണു സംഭവം നടന്നത്.

തമിഴ്നാട് പോലീസ് സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ ഷൺമുഖവേൽ (52) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ സി.മഹേന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ഫാം ഹൗസിലാണ് സംഭവമുണ്ടായത്. ഫാംഹൗസിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയതായിരുന്നു ഷൺമുഖവേൽ. 5 പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തിൽ പ്രതികൾ കഴിഞ്ഞ ദിവസം പിടിയിലാവുകയായിരുന്നു.

ചൊവാഴ്ച രാത്രിയാണ് ഷൺമുഖവേൽ കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ഫാം ഹൗസിലെ ജോലിക്കാരനായ മൂർത്തി, മകൻ തങ്കുപാണ്ഡി എന്നിവർ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഫാംഹൗസിലേക്ക് എത്തിയതായിരുന്നു ഷൺമുഖവേൽ. അച്‌ഛനും മകനും തമ്മിലുള്ള സംഘട്ടനത്തിൽ മകന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മൂർത്തിയെ സബ് ഇൻസ്പെക്‌ടർ ഷൺമുഖവേലിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ മകൻ തങ്കപാണ്ഡി അരിവാൾ ഉപയോഗിച്ച് ഷൺ‌മുഖവേലിനെ വെട്ടുകയായിരുന്നു.

പോലീസ് ഡ്രൈവറെയും വെട്ടാനായി പിന്തുടർന്നെങ്കിലും ഡ്രൈവർ രക്ഷപ്പെട്ട് പോലീസ് ‌സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘം എത്തുന്നതിന് മുൻപായി ഷൺമുഖവേലിന്റെ മരണം സംഭവിച്ചിരുന്നു.