- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിട്ടു മടങ്ങിയ കുട്ടികൾ വാഹനത്തിൽ കയറിയിരുന്നപ്പോൾ ക്രൂരമർദ്ദനം; പരാതി ഉയർന്നപ്പോൾ രാഷ്ട്രീയ സ്വാധീനവുമെത്തി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; മർദന ദൃശ്യങ്ങൾ വൈറലായപ്പോൾ വീണ്ടുവിചാരം
കോഴഞ്ചേരി: സ്‌കൂൾ വിദ്യാർത്ഥികളെ പൊതിരെ തല്ലിയ കേസിലെ പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ സമ്മർദം. കുട്ടികളുടെ പരാതിയിൽ നിസാര വകുപ്പ് ചുമത്തി പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിന്നാലെ ഡ്രൈവർ കുട്ടികളെ വിചാരണ ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. ഇതോടെ പെട്ടു പോയ പൊലീസ് പ്രതിയെ വീണ്ടും വിളിച്ചു വരുത്തി വകുപ്പുകളിൽ മാറ്റം വരുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള പൊലീസാണ് ഭരണകക്ഷിയിലെ ജില്ലാ നേതാവിന്റെ സമ്മർദം മൂലം കുട്ടികൾക്ക് ലഭിക്കേണ്ട നീതി വൈകിപ്പിച്ചത്.
കിടങ്ങന്നൂർ മണപ്പള്ളിയിൽ വച്ചാണ് സ്‌കൂൾ വിദ്യാർത്ഥികളെ ദേഹോപദ്രവം ഏൽപ്പിച്ചത്. വല്ലന എരുമക്കാട് ശബരിമാൻതടത്തിൽ അനുരാജിനെ(39)യാണ് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. മെഴുവേലി പിഎച്ച്എസ്സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. മണപ്പള്ളി ജങ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോയ കുട്ടികൾ അനുരാജ് ഡ്രൈവറായ വാഹനത്തിൽ കയറി ഇരുന്നുവെന്ന് ആരോപിച്ചാണ് മർദനം നടത്തിയത്. കുട്ടികളുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ആദ്യം ഇയാൾ പറഞ്ഞിരുന്നത്. ഇയാളുടെ മൊഴിയും രാഷ്ട്രീയ നേതാക്കളുടെ സമ്മർദവും കണക്കിലെടുത്താണ് നിസാര വകുപ്പുകൾ ചുമത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്താൻ കഴിയില്ലെന്നും നിലനിൽക്കില്ലെന്നുമാണ് പൊലീസ് ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാൽ, കുട്ടികളെ അനുരാജ് വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ദൃശ്യമാധ്യങ്ങളും ഏറ്റു പിടിച്ചു. ഇതോടെ പൊലീസ് പെട്ടു. ഉന്നത തലങ്ങളിൽ നിന്നും ചൈൽഡ് ലൈനിൽ നിന്നുമൊക്കെ ചോദ്യം വന്നതോടെ പ്രതിയെ വിളിച്ചു വരുത്തി കൂടുതൽ വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്