കോഴിക്കോട്: ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യങ്ങള്‍ പ്രതി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. മുന്‍ഭര്‍ത്താവ് പ്രശാന്ത്, മുന്‍കൈകൊണ്ട് തന്നെ ആസിഡ് പരീക്ഷിച്ച് ഭയാനകമായ പൊള്ളലേല്‍ക്കുന്നുണ്ടോയെന്ന് നോക്കിയ ശേഷം പ്രവിഷയ്ക്കെതിരെ ആക്രമണം നടത്താന്‍ തീരുമാനിച്ചതായി മൊഴി നല്‍കി. മുഖം വിരൂപമാക്കാനാണ് ആക്രമണം നടത്തിയത് എന്ന് പോലീസിനോട് പ്രശാന്ത് സമ്മതിച്ചതായി അന്വേഷണസംഘം അറിയിച്ചു.

കുടുംബബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രവിഷയ്ക്കെതിരെ ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രശാന്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യമത് മൂത്തമകനെ ഉപയോഗിച്ച് കൃത്യം നടത്തിക്കൊള്ളാനായിരുന്നു ശ്രമം, എന്നാല്‍ കുട്ടി തയ്യാറായില്ല.

തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവിഷയോട് ആശുപത്രിയില്‍ വച്ച് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടതായും, അവള്‍ നിരാകരിച്ചതിനൊടുവിലാണ് കാറില്‍ സൂക്ഷിച്ചിരുന്ന ആസിഡ് പ്രവിഷയുടെ ശരീരത്തില്‍ ഒഴിച്ചതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മേപ്പയ്യൂരിലെ ഒരു കടയില്‍ നിന്നാണ് ആസിഡ് വാങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിക്കുനേരേ മുന്‍ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. നടുവണ്ണൂര്‍ കൂട്ടാലിട പൂനത്ത് കാരടിപറമ്പില്‍ പ്രവിഷയുടെ (29) മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്.

പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മുന്‍ ഭര്‍ത്താവ് നടുവണ്ണൂര്‍ തിരുവോട് കാരടിപറമ്പില്‍ പ്രശാന്ത് (36) മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിക്കടിമയാണ് പ്രശാന്തെന്നാണ് പ്രവിഷയുടെ കുടുംബം പറയുന്നത്.

നടുവേദനയ്ക്ക് ചികിത്സയ്ക്കായി 18-നാണ് പ്രവിഷ ആശുപത്രിയിലെത്തിയത്. ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് പ്രശാന്ത് വാര്‍ഡിനുമുന്നിലെ വരാന്തയിലേക്ക് പ്രവിഷയെ വിളിക്കുകയായിരുന്നു. കൈയില്‍ സ്റ്റീല്‍കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് പ്രവിഷയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പൊള്ളലേറ്റ് നിലവിളിയോടെ പിന്‍തിരിഞ്ഞോടവേ ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും ആസിഡൊഴിച്ചു. രക്ഷപ്പെടാനായി വാര്‍ഡിലെ ബാത്ത്‌റൂമിലേക്ക് പ്രവിഷ ഓടിക്കയറി. ഈസമയം പ്രശാന്ത് റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.

ആശുപത്രി ജീവനക്കാരും ഓടിയെത്തിയവരും പ്രവിഷയെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ശരീരത്തിന്റെ 20 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായും അപകടനില തരണംചെയ്തതായുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. മാറാട് കോടതി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പ്രവിഷയുടെ മൊഴി രേഖപ്പെടുത്തി.

മൂന്നുവര്‍ഷം മുന്‍പാണ് കുടുംബക്കോടതിവഴി ഇവര്‍ ബന്ധം വേര്‍പിരിഞ്ഞത്. ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ അച്ഛനൊപ്പമാണ്. ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ക്കയറി പ്രവിഷയെയും അമ്മയെയും അടിച്ച് പരിക്കേല്‍പ്പിച്ചതിന് പ്രശാന്തിനെതിരേ ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായുണ്ടായ നടുവേദനയ്ക്കാണ് ആയുര്‍വേദചികിത്സ നടത്തിയതെന്നും പറയുന്നു. രണ്ടുദിവസം മുന്‍പ് പ്രശാന്ത് പ്രവിഷയെ കാണാനെത്തിയിരുന്നു. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയാണ് പ്രവിഷ. പ്രശാന്ത് തൃശ്ശൂരില്‍ ടാക്സി ഡ്രൈവറാണ്.