കോഴിക്കോട്: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിൻ ആണ് ശനിയാഴ്ച മരിച്ചത്. യുവതിയെ ആക്രമിക്കുന്നതിനിടെ ആസിഡ് വീണ് പരിക്കേറ്റ ഷാനവാസ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ഷാനവാസ് ആക്രമണം നടത്തിയത്. ഏറെ നാളായി യുവതിയും ഭർത്താവും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ ഭാര്യയോട് വീട്ടിൽ വരാൻ വീണ്ടും ഷാനവാസ് ആവശ്യപ്പെട്ടത്. തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഷാനവാസ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നു.

എന്നാൽ ഷഫാന ഷെറിന്റെ വീട്ടിൽ അതിക്രമിച്ചു നടത്തുകയായിരുന്നു. ഓടുപൊളിച്ചാണ് ഷാനവാസ് വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഷഫാനയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് ഷഫാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.

ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവം നടന്ന അന്ന് തന്നെ ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്റെ മകളാണ് ഷഫാന ഷെറിൻ.