തളിപ്പറമ്പ്: തളിപറമ്പ് നഗരത്തിൽ ആൾക്കൂട്ടം നോക്കിനിൽക്കവേ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ. സാഹിദയ്ക്കാ(45)ണ് ആക്രമണമുണ്ടായത്. പൊള്ളലേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച്ച വൈകുന്നേരം തളിപ്പറമ്പ് മാർക്കറ്റിലെ ന്യൂസ് കോർണർ ജങ്ഷനിലാണ് സംഭവം. ആസിഡ്ആക്രമണത്തിനിടെ സമീപത്തുണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്രവിൽപനക്കാരനായ ജബ്ബാർ എന്നിവർക്കം പരുക്കേറ്റു. ചിലരുടെ വസ്ത്രത്തിൽ ആസിഡ് വീണുകത്തി. സംഭവത്തിൽ കൂവേരി സ്വദേശിയായ സർ സയ്യിദ് കോളേജ് ഓഫീസ് ക്ളർക്ക് എം. എം.വി അഷ്‌കർ(52) പൊലിസ് പിടിയിലായിട്ടുണ്ട്.

ആസിഡ് ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി തളിപ്പറമ്പ് പൊലിസിൽ ഏൽപ്പിച്ചത്. പിടിയിലായ അഷ്‌കറിനെ തളിപ്പറമ്പ് പൊലിസ് ചോദ്യം ചെയ്തുവരികയാണ്. ചപ്പാരപ്പടവ് കൂവേരി സ്വദേശിയാണ് അഷ്‌കർ. സാഹിദയെ വഴിയിൽ കാത്തുനിന്ന ഇയാൾ കുപ്പിയിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയും ഷാഹിദയും തമ്മിൽ നേരത്തെ പരിചയമുണ്ട്. സമീപകാലത്ത് അകൽച്ചയിലുമാണ്. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൈയിൽ കരുതിയിരുന്ന ആസിഡ് ഇയാൾ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. യുവതിയെ ആക്രമിക്കാനുള്ള ശ്രമം മറ്റൊരാൾ തടഞ്ഞതിന്റെ ഭാഗമായി യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല.

യുവതിയുടെ ഒപ്പമുണ്ടായിരുന്നയാൾക്കും സംഭവത്തിൽ പൊള്ളലേറ്റു. ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാഹിദയുടെ തലയിൽ പിൻഭാഗത്തും മുഖത്തുംപൊള്ളലേറ്റിറ്റുണ്ട്. ഇവർ ഒഴിഞ്ഞുമാറിയതിനാലാണ് ഗുരുതരമായി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്. ഇയാൾ എവിടെ നിന്നാണ് മാരക രാസവസ്തുവായ ആസിഡ് ശേഖരിച്ചതെന്നു അന്വേഷിക്കുന്നുണ്ടെന്ന് തളിപ്പറമ്പ് ടൗൺ പൊലിസ് അറിയിച്ചു.