ബെംഗളൂരു: നടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാ നിർമാതാവ് ബെംഗളൂരുവിൽ പിടിയിലായി. എ.വി.ആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് കുടുങ്ങിയത്. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് നിർമാതാവ് അറസ്റ്റിലായിരിക്കുന്നത്. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് പിടികൂടിയത്. പോലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീ‍ഡിപ്പിച്ചെന്നാണ് പരാതി. ശേഷം മോ‍ർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ന‌ടിയുടെ പരാതിയിൽ പറയുന്നു. നിർമാതാവിന്റെ സമ്മ‍ർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും നടി ആരോപിക്കുന്നു. ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തൽ തുടർന്നെന്നും പരാതിയിൽ പറയുന്നു.

അതേസമയം, ന‌ടിയു‌ടെ ആരോപണം മുഴുവനായും നിഷേധിച്ച് കൊണ്ട് അരവിന്ദ് രംഗത്തെത്തി. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും അരവിന്ദ് ആരോപണം ഉയർത്തുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് പറഞ്ഞു.