കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയി. സംഭവത്തിൽ സംവിധായകൻ ഇമെയിൽ മുഖേന പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മാളിലെ ജീവനക്കാരെയടക്കം ചോദ്യം ചെയ്യും. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടിമാരെ ഉപദ്രവിച്ചവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ ലൈംഗികാതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. 'സാറ്റർഡേ നൈറ്റ്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും മാളിൽ എത്തിയത്. പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിലാണ് അക്രമം ഉണ്ടായത്.

തിരക്കിനിടയിൽ നിന്ന് യുവനടിയെ കയറിപ്പിടിച്ച യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവർത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായും വെളിപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതിക്രമം നേരിട്ട നടിമാരിലൊരാളാണ് കഴിഞ്ഞ ദിവസം സംഭവം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. മാളിലെ പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കയറിപ്പിടിച്ചെന്ന് നടി പറഞ്ഞു. കൂടെയുണ്ടായ ഒരു സഹപ്രവർത്തകക്കും ഇതേ അനുഭവമുണ്ടായി. എന്നാൽ അവർ അതിനെതിരെ പ്രതികരിച്ചെങ്കിലും തനിക്കതിന് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേർത്തു.

സിനിമ പ്രമോഷന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നതെന്ന് നടി തന്റെ പോസ്റ്റിൽ പറയുന്നു. നടിമാരിൽ ഒരാൾ അതിക്രമം നടത്തുന്ന വ്യക്തിക്കെതിരെ കൈവീശി അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.