കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലില്‍ അന്‍സിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് എത്തുമ്പോള്‍ വീണ്ടും കേരളത്തെ ഞെട്ടിക്കുകയാണ് പ്രണയ വിഷ ചതി. സംഭവത്തില്‍ അന്‍സിലിന്റെ പെണ്‍സുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.അന്‍സിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്‍സിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ അന്‍സില്‍ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. അഥീനയ്‌ക്കെതിരെ അന്‍സില്‍ മൊഴി നല്‍കിയിരുന്നു. കോതമംഗലം എസ്എച്ച്ഒ പി.ടി.ബിജോയ് നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാറശാലയില്‍ ഷാരോണിനെ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയതിന് സമാന രീതിയിലായിരുന്നു കൊലപാതകം.

അന്‍സിലിനെ ഒഴിവാക്കാനായി അഥീന കളനാശിനി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ചേലാടുള്ള ഒരു കടയില്‍ നിന്നാണ് ഈ കളനാശിനി വാങ്ങിയത്. ടിപ്പര്‍ ഡ്രൈവറായ അന്‍സിലും അഥീനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അന്‍സില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അന്‍സിലും അഥീനയും തമ്മില്‍ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് അന്‍സില്‍ മര്‍ദിച്ചതായി കാണിച്ച് കോതമംഗലം പൊലീസില്‍ അഥീന പരാതി നല്‍കിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുന്‍പ് അഥീന പിന്‍വലിച്ചു .അന്‍സിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച പണത്തെക്കുറിച്ച് വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അഥീനയുടെ കുറ്റസമ്മത മൊഴി.

ഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബുധനാഴ്ച പുലര്‍ച്ചെയാണ് വിഷം നല്‍കിയത്. അന്‍സില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് സൂചന. അബോധാവസ്ഥയിലായതോടെ അന്‍സില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അഥീന പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും എത്തി ആംബുലന്‍സില്‍ അന്‍സിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടിനാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ നാലിന് അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍വച്ചാണു സംഭവം. വിഷം അകത്തു ചെന്നെന്ന് അന്‍സില്‍ സുഹൃത്തിനെയും പൊലീസിനെയും അറിയിച്ചു. അന്‍സിലിന്റെ വീട്ടുകാരെ അഥീന വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യശ്രമം എന്നായിരുന്നു അഥീന പറഞ്ഞത്. പൊലീസ് ബന്ധുക്കളെ അറിയിച്ച് ആംബുലന്‍സു വരുത്തി അന്‍സിലിനെ ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സില്‍ വച്ചു തന്നെ അഥീനയാണു വിഷം നല്‍കിയതെന്നു അന്‍സില്‍ പൊലീസിനോടും ബന്ധുവിനോടും പറഞ്ഞു. ഇതോടെ അഥീന പോലീസ് നിരീക്ഷണത്തിലാക്കി.

ഒരു മാസം മുന്‍പു മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു.ഇതിനെ ചൊല്ലിയും അല്‍സിലും അഥീനയും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. ഈ യുവാവും അഥീനയും തമ്മിലും അടുപ്പമുണ്ടായിരുന്നു. ഈ യുവാവുമായി കൂടുതല്‍ അടുക്കാനാണ് കൊലയെന്നും സൂചനയുണ്ട്. കൃത്യത്തില്‍ അഥീനയ്ക്കു പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അഥീന അവിവാഹിതയാണ്.കളനാശിനിയുടെ കുപ്പിയും അന്‍സിലിന്റെ മൊബൈലും അഥീനയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. വിവാഹിതനായ അന്‍സിലിന് ഒരു മകളുണ്ട്. അഥീനയും അന്‍സിലും ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കും പതിവായിരുന്നു. അന്‍സില്‍ മര്‍ദ്ദിച്ചതായി ഒരു വര്‍ഷം മുമ്പ് അഥീന കോതമംഗലം പൊലീസില്‍ നല്‍കിയ പരാതി രണ്ടാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. എന്നാല്‍, ഒത്തുതീര്‍പ്പു പ്രകാരമുള്ള പണം അന്‍സില്‍ നല്‍കിയില്ലെന്നും സൂചനയുണ്ട്. അന്‍സിലിന്റെ മെബൈല്‍ ഫോണ്‍ അഥീന വീടിനു സമീപത്ത് കാടുപിടിച്ച സ്ഥലത്തേക്ക് എറിഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ഈ ഫോണില്‍നിന്നും അഥീനയുടെ ഫോണില്‍നിന്നും നിര്‍ണായകതെളിവുകളും പൊലീസിന് ലഭിച്ചു.

അന്വേഷണത്തില്‍, മാസങ്ങള്‍ക്കുമുമ്പ് അഥീന കോതമംഗലം ചെറിയപള്ളിത്താഴത്തുള്ള കടയില്‍നിന്ന് കീടനാശിനി വാങ്ങിച്ചതായുള്ള സുപ്രധാന തെളിവ് ലഭിച്ചു. മാലിപ്പാറയില്‍ അഥീനയുടെ വീടിനുചുറ്റുമുണ്ടായിരുന്ന സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് അപ്രത്യക്ഷമായതായും കണ്ടെത്തി. ഇത് കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. ശാസ്ത്രീയ തെളിവെടുപ്പിനുശേഷമാണ് പൊലീസ് അഥീനയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തില്‍ 'പരാക്ക്വേറ്റ്' എന്ന കീടനാശിനി അകത്തുചെന്നതാണ് മരണകാരണമെന്ന് തെളിഞ്ഞു. ആസൂത്രിത കൊലപാതകമാണെന്നും ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കോതമംഗലം എസ്എച്ച്ഒ പി ടി ബിജോയ് പറഞ്ഞു.