- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ സംഭവത്തിൽ ദുരൂഹത കൂടുകയാണ്, അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് അന്വേഷിക്കും. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട് സ്വദേശി ജിവിനുമായുള്ള പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. ബ്ലൈഡ് മാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇവർക്ക് മയക്കുമരുന്ന് ഇടപാടുകളും ഉണ്ടായിരുന്നു.
ബൈക്ക് പണയപ്പെടുത്തി ജിവിനിൽനിന്ന് ആദിത്യൻ പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് നിശ്ചയിച്ചത്. ഇതിൽ പതിനായിരം രൂപ നൽകി. ബാക്കി പണത്തിനായി ആദിത്യൻ എത്തിയപ്പോൾ ജിവിൻ ആദിത്യനെ ആക്രമിച്ചു. പ്രതികാരത്തിൽ പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയിൽ വിളിച്ചുവരുത്തി. തുടർന്നാണ് കാറിലുണ്ടായിരുന്നവർ വാളുപയോഗിച്ച് ആദിത്യനെ വെട്ടിക്കൊന്നത്. പിന്നീട്, അക്രമിസംഘം കാറുപേക്ഷിച്ചു കടന്നുകളഞ്ഞു.
ആദിത്യൻ മൈക്രോ ഫിനാൻസ് ഏജന്റാണ്. നെല്ലിമൂട് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പണം പിരിക്കാൻ പോയ സമയത്ത് അവിടെ ചിലരുമായി തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിൽ നെല്ലിമൂടുള്ള സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനിടെ വെട്ടേറ്റ് ആദിത്യൻ റോഡിൽ വീണു. അപ്പോഴേയ്ക്കും നാട്ടുകാർ ഓടിക്കൂടി. ഇതോടെ അക്രമിസംഘം കാറുപേക്ഷിച്ച് കടന്നുകളഞ്ഞു. ആദിത്യനും കുടുംബവും നിലവിൽ പത്താംകല്ലിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആദിത്യനും അക്രമിസംഘവും തമ്മിലുണ്ടായ പിടിവലിയിൽ ഇവർ ഉപേക്ഷിച്ച കാറിന്റെ ഗ്ലാസ് തകർന്നിരുന്നു. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ആദിത്യന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)