അടിമാലി: ആദിവാസികളെ കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കുന്ന സംഘങ്ങൾ ഹൈറേഞ്ച് മേഖലയിൽ വീണ്ടും സജീവം. അടുത്ത കാലത്ത് ഇത്തരത്തിൽ ഭൂമി കൈവശപ്പെടുത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായിട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. ഇതിനകം അടിമാലി ഫോറസ്റ്റ് റെയിഞ്ചിൽ മാത്രം 15 -ളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.നിവധി വാഹനങ്ങളുടെ പിടിച്ചെടുത്തിട്ടുണ്ട്.

ഉടുമ്പുംചോല തിങ്കൾകാട് സ്വദേശി മൈലടിക്കുന്നേൽ വിജയൻ(58), ഇരുമ്പുപാലം മുത്തിക്കാട് കൈപ്പടമലയിൽ ്അജിമോൻ(48) എന്നിവർക്കെതിരെയാണ് ഈ സംഭവത്തിൽ ഏറ്റവുമൊടുവിൽ വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നൂറാംകരയിൽ ആദിവാസികളെ കബളിപ്പിച്ച് ഒരേക്കർ സ്ഥലം കൈവശപ്പെടുത്തിയ സംഭവത്തിലാണ് വിജയനെ പ്രതി ചേർത്തിട്ടുള്ളത്. ഇയാൾ എത്തിയ ബൈക്ക് സഹിതം മച്ചിപ്ലാവ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബിനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുത്തിരുുന്നു.

കുടക്കല്ല് ഭാഗത്ത് ആദിവാസിഭൂമി കൈവശപ്പെടുത്തി ,കൃഷി ചെയ്ത സംഭവത്തിലാണ് അജിമോനെതിരെ കേസെടുത്തിട്ടുള്ളത്. ആദ്യം ഒരു വർഷത്തേയ്ക്ക് നിശ്ചിത തുക നൽകാമെന്ന് പറഞ്ഞാണ് ഇത്തക്കാർ ആദിവവാസികളെ സമീപിക്കുന്നതെന്നും ഭാവിയിൽ ഇവർ ഇവിടെ ഷെഡ് സ്ഥാപിച്ച്്, ഭൂമിക്ക് പട്ടയം സ്വന്തമാക്കുന്നതിനുള്ള നീക്കം നടത്തിവരുന്നതായിട്ടാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അധികൃതർ അറയിച്ചു.

മുദ്രപത്രങ്ങളിൽ കരാർ എഴുതി ഒപ്പുവയ്‌പ്പിച്ചും വാക്കാൽ ഇടപാടുകൾ ഉറപ്പിച്ചുമാണ് പുറമെ നിന്നെത്തുന്നവർ ആദിവാസികളുടെ ഭൂമിയിൽ കൃഷിചെയ്യുന്നത്.5 വർഷത്തേയ്ക്കും 10 വർഷത്തേയ്ക്കും മറ്റുമാണ് നിസാര തുകയ്ക്ക് കരാർ ഉറപ്പിക്കുന്നത്. നിശ്ചിത തുക ആദ്യവർഷം നൽകുമെങ്കിലും കൃഷിനാശവും വിലക്കുറവുമൊക്കെ ചൂണ്ടിക്കാട്ടി പിന്നീടുള്ള വർഷങ്ങളിൽ ചെറിയതുക മാത്രമായിരിക്കും നൽകുക. കാലക്രമേണ കൃഷി ഭൂമിയിൽ കൈവശക്കാരന് പ്രവേശന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സ്ഥിയിലേയ്ക്ക് കാര്യങ്ങളെത്തും. കൃഷി ഭൂമിയിൽ ഷെഡ് കെട്ടി ,ഇഷ്ടക്കാരെ താമസിപ്പിക്കുകയും ഇവർ സ്ഥിരതാമസക്കാരാണെന്ന് വരുത്തി തീർത്ത് ഭൂമിക്ക് പട്ടയം സ്വന്തമാക്കുന്ന രീതിയും നിലനിൽക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

ലഹരി വസ്തുക്കളിൽ താൽപര്യമുള്ളവർക്ക് നിസാരവിലക്ക് കിട്ടുന്ന മദ്യവും നിരോധിത പുകയില ഉത്പ്പന്നങ്ങളുമൊക്കെ എത്തിച്ച് നൽകി,അവരെ പാട്ടിലാക്കി നിർത്തുന്നതും ഇക്കൂട്ടരുടെ പതിവ് ശൈലിയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുമൂലം ഭൂമിയുടെ കൈവശക്കാരായ ആദിവാസികളിൽ ഏറെപ്പേരും വിവരം പുറത്തുപറയാൻ തയ്യാറാവുന്നില്ലന്നും ഇതാണ് പുറമെ നിന്നെത്തുന്ന കയ്യേറ്റക്കാരെ കണ്ടെത്തുന്നതിന് പ്രധാന തടസമെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസർ കെ വി രതീഷ് മറുനാടനോട് വ്യക്തമാക്കി.

ആദിവാസികളുടെ ഭൂമിയിൽ പുറമെ നിന്നെത്തുന്നവർ കൃഷി നടത്തുന്നത് വ്യാപകമായ വന നശീകരണത്തിനും പാരിസ്ഥീതി പ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ടെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.ഇത്തരക്കാർ റിസർവ്വ് വനമേഖലിയൽ നായാട്ടിന് ആവശ്യമായ സഹായ-സഹകരണങ്ങൾ നൽകുന്നതായുള്ള സൂചനകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കൃഷി ഭൂമിയിലെ ഷെഡ് നായാട്ടുകാർക്ക് തങ്ങുന്നതിനും വന്യമൃഗങ്ങളുടെ ഇറച്ചി പങ്കിടുന്നതിനും വിറ്റഴിക്കുന്നതിനും മറ്റുമുള്ള താവളങ്ങളായി മാറുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

മരങ്ങൾ മുറിച്ചുമാറ്റി,വനത്തിന്റെ സ്വാഭാവികത പാടെ നശിപ്പിച്ചാണ് പുറമെ നിന്നെത്തുന്നവർ കൃഷി നടത്തുന്നത്.ശക്തമായ കീടനാശിനി പ്രയോഗവും മറ്റും നടത്തുന്നതിനാൽ മണ്ണിന്റെ ഘടനയിലും കാതലായ മാറ്റങ്ങുണ്ടാവുന്നുണ്ടെന്നുമാണ് വിലയിരുത്തൽ. രാഷ്ട്രീയക്കാരുടെ പിൻബലത്തിലാണ് പുറമെ നിന്നുള്ളവർ ഭൂമി കൈവശപ്പെടുത്തുന്നത് എന്നതാണ് ശ്രദ്ധേയം.ആദിവാസികൾക്കായുള്ള ക്ഷേമ പദ്ധതികളിൽ കൃഷി ഭൂമിയുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങളും കൈയേറ്റക്കാർ സ്വന്തമാക്കുന്നതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.ആദിവാസി ഭൂമിയൽ പുറമെ നിന്നുള്ളവരുടെ കയ്യേറ്റം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മൂന്നാർ ഡി എഫ് ഒ രാജു കെ ഫ്രാൻസീസ് അറയിച്ചു.

ആദിവാസി ഭൂമിയിൽ ഒരു തരത്തിലുള്ള കയ്യേറ്റങ്ങളും പാടില്ലന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ കൈവശക്കാരെ കബളിപ്പിച്ച് ഭൂമി സ്വലന്തമാക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്നും ഇത് സംബന്ധിച്ച് വ്യാപകമായി അന്വേഷണം നടത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.