അടൂർ: ക്വട്ടേഷൻ സംഘത്തിന് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ തടങ്കൽപ്പാളയം ഒരുക്കാൻ അനധികൃതമായി മുറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. പഴകുളം സ്വദേശി രാജീവ്ഖാനെയാണ് പിരിച്ചു വിട്ടത്. ഇയാൾ ഡിവൈഎഫ്ഐയുടെ പെരിങ്ങനാട് മേഖലാ കമ്മറ്റി വൈസ് പ്രസിഡന്റാണെന്ന് പറയുന്നു. കൊച്ചിയിൽ നിന്നും തട്ടിക്കൊണ്ട് വന്ന യുവാവിനെ റസ്റ്റ്ഹൗസിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ രാവിലെയാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി സ്വദേശി ലിബിൻ വർഗീസിനെയാണ് മർദിച്ചത്. ഈ കേസിൽ മൂന്നു പേരെ ഇവിടെ നിന്ന് അടൂർ പൊലീസ് പിടികൂടി കൊച്ചി ഇൻഫോ പാർക്ക് പൊലീസിന് കൈമാറിയിരുന്നു. ലിബിനെ മർദിക്കാൻ രാജീവ്ഖാനും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഗോകുൽ, അശ്വിൻ പിള്ള എന്നീ അടൂർ സ്വദേശികളും ഒളിവിലാണ്.

കേസിലെ മറ്റ് പ്രതികളെ തേടിപ്പോയ ഇൻഫോ പാർക്ക് പൊലീസ് സംഘത്തിന് പ്രതികൾക്ക് നേരെ വെടിയുതിർക്കേണ്ട സാഹചര്യം വന്നതോടെയാണ് വിഷയം ഗൗരവമായത്. അടൂരിലെ പ്രാദേശിക സിപിഎം നേതാക്കളിൽ ചിലരുടെ ഒത്താശയോടെയാണ് റെസ്റ്റ് ഹൗസിലേക്ക് ക്വട്ടേഷൻ സംഘമെത്തിയത് എന്നാണ് സൂചന. ഇവർ പിടിയിലായ വിവരം അറിഞ്ഞ് ചില നേതാക്കൾ സ്റ്റേഷനിൽ സമ്മർദം ചെലുത്താൻ ശ്രമിച്ചിരുന്നുവത്രേ. എന്നാൽ, പ്രതികളെ തീരുമാനിക്കുന്നത് ഇൻഫോ പാർക്ക് പൊലീസ് ആയതിനാൽ സമ്മർദം ചെലുത്താനുള്ള ശ്രമം വിജയിച്ചില്ല.

മുൻകൂർ ബുക്കിങ്ങോ തിരിച്ചറിയൽ രേഖയോ ഇല്ലാതെയാണ് രാജീവ് ഖാൻ ക്വട്ടേഷൻ സംഘത്തിന് മുറി സംഘടിപ്പിച്ചു കൊടുത്തത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീലത എക്സിക്യൂട്ടീവ് എൻജിനീയർ വഴി ചീഫ് എൻജിനിയർക്ക് റിപ്പോർട്ട് കൈമാറി. താല്കാലിക ജീവനക്കാരൻ രാജീവ് ഖാന് വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. വന്നവരുടെ തിരിച്ചറിയൽ കാർഡ് വാങ്ങാതെ മുറി നൽകിയതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

ഓൺലൈനായി ബുക്ക് ചെയ്താണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ മുറികൾ നൽകുന്നത്. ഒഴിവുണ്ടെങ്കിൽ കൗണ്ടർ ബുക്കിങ് വഴിയും നൽകാം. ഇതിന് മുറിയെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് നല്കണം എന്നാണ് നിബന്ധന. ഇവിടെ തിരിച്ചറിയൽ കാർഡ് വാങ്ങാതെയാണ് മുറി ലഭ്യമാക്കിയത്. ടൂറിസ്റ്റ് ഹോം ഉൾപ്പെടെയുള്ള സ്വകാര്യ കെട്ടിട ഉടമകൾ വരെ കൃത്യമായ തിരിച്ചറിയൽ കാർഡിന്റെ കോപ്പി വരെ വാങ്ങിവച്ച ശേഷമാണ് മുറികൾ നല്കുന്നത്. ഇത്തരത്തിൽ കർശന നിർദ്ദേശമാണ് പൊലീസ് ഇവർക്കെല്ലാം നല്കിയിരിക്കുന്നത്. എന്നാൽ സർക്കാർ സംവിധാനത്തിലുള്ള അടൂരിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ ഇതെല്ലാം മറികടന്നാണ് മുറി നല്കിയത്. അക്രമി സംഘത്തിന് നല്കിയ മുറിയിൽ രാവിലെ 10 വരെ ബുക്കിങ് സംവിധാനം വഴി ആളുണ്ടായിരുന്നു. വൈകിട്ട് ആറ് മുതലും ബുക്കിങ് ഉണ്ടായിരുന്നു. ഇതിനിടയിലുള്ള സമയത്താണ് ചട്ടം മറികടന്ന് മുറി നല്കിയതെന്ന് റിപ്പാർട്ടിൽ പറയുന്നു.