അടൂർ: ബൈക്കിൽ വന്ന പുരുഷനും സ്ത്രീയും ചേർന്ന് മുറുക്കാൻ കടക്കാരന്റെ സ്വർണമാല കവരാൻ ശ്രമിച്ചു. സ്ത്രീയെ നാട്ടുകാർ പിടികൂടി. പുരുഷൻ രക്ഷപ്പെട്ടു. പതിനാലാംമൈലിൽ മുറുക്കാൻ കട നടത്തുന്ന മേലൂട് ചരുവിള പുത്തൻവീട്ടിൽ തങ്കപ്പന്റെ (61) മാല മോഷ്ടിക്കാനാണ് ശ്രമമുണ്ടായത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.

കെഎൽ 61 ബി 955 നമ്പർ പൾസർ ബൈക്കിൽ വന്നവരാണ് കവർച്ചയ്ക്ക് ശ്രമിച്ചത്. ബൈക്കിൽ വന്ന ഇവർ തങ്കപ്പന്റെ അടുത്ത് വാഹനം നിർത്തുകയും ഓടിച്ചിരുന്ന പുരുഷൻ ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തങ്കപ്പൻ ബലം പ്രയോഗിച്ചതിനാൽ പൊട്ടിച്ചെടുത്ത മാല കൊണ്ടു പോകാൻ സാധിച്ചില്ല.

എന്നാൽ, മോഷ്ടാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. കായംകുളം രണ്ടാം കുറ്റി സ്വദേശി സരിത എന്നാണ് ഇവർ സ്റ്റേഷനിൽ നൽികയിരിക്കുന്ന പേര്. കൂടെയുണ്ടായിരുന്നത് കൃഷ്ണപുരം സ്വദേശി അൻവർഷ എന്നായാളാണെന്നാണ് ഇവർ പൊലീസിനോട്പറഞ്ഞിട്ടുള്ളത്. അടൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.