അടൂർ: കെപി റോഡിൽ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യയെന്ന് പ്രാഥമിക സൂചന. കാറിലുണ്ടായിരുന്ന തുമ്പമൺ ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപിക കായംകുളം ചിറക്കടവം ഡാഫൊഡിൽസിൽ അനുജ (38), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിം (31) എന്നിവരാണ് മരിച്ചത്. അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്നാണ് സഹഅദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴിയിൽ നിന്ന് പൊലീസിന് കിട്ടിയിരിക്കുന്ന സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. അനുജ ജോലി ചെയ്യുന്ന തുമ്പമൺ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകർ കുടുംബസമേതം ഇന്നലെ തിരുവനന്തപുരത്ത് വിനോദയാത്ര പോയിരുന്നു. അനൂജ മാത്രം ഒറ്റയ്ക്കാണ് ചെന്നത്. മടങ്ങി വരും വഴി രാത്രി ഒമ്പതരയോടെ കുളക്കടയിൽ വച്ച് ഹാഷിം മാരുതി സ്വിഫ്ട് കാറിൽ എത്തി വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം തടയുകയും അനുജയെ വിളിച്ചിറക്കിക്കൊണ്ടു പോവുകയുമായിരുന്നു. സഹഅദ്ധ്യാപകരോട് അനിയൻ ആണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ സഹപ്രവർത്തകരിൽ ഒരാൾ അനുജയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഞങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. അനുജയുടെ സ്വരത്തിൽ പരിഭ്രമം ഉണ്ടായിരുന്നുവെന്നും പറയുന്നു.

പന്തികേട് തോന്നിയ സഹപ്രവർത്തകർ അനുജയുടെ ഭർത്താവിനെ വിളിച്ച് വിവരം അറിയിച്ചു. അതിന് ശേഷം അടൂർ പൊലീസ് സ്റ്റേഷനിൽ ചെന്ന് നടന്ന സംഭവം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിൽ ഇടിച്ചു കയറി അപകടം ഉണ്ടായ വിവരം അറിഞ്ഞത്. ദൃക്സാക്ഷികൾ പറയുന്നത് അനുസരിച്ച് അമിത വേഗത്തിൽ വന്ന കാർ തെറ്റായ ദിശയിൽ ചെന്ന് തടിലോറിയിലേക്ക് നേർക്കു നേരെ ഇടിക്കുകയായിരുന്നുവെന്നാണ്. അനുജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിം ആശുപത്രിയിൽ എത്തിയതിന് പിന്നാലെ മരിച്ചു. അനുജയുടെ സഹപ്രവർത്തകരും ബന്ധുക്കളും ഉടൻ തന്നെ ആശുപത്രിയിലെത്തി.

ഇവർ നടന്ന വിവരങ്ങൾ പൊലീസിനെ അറിയിച്ചപ്പോഴാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണ് എന്ന് മനസിലായത്. നൂറനാട് മറ്റപ്പള്ളി സ്വദേശിയാണ് അനുജ. വിവാഹം കഴിച്ച് അയച്ചിരിക്കുന്നത് കായംകുളത്താണ്. ഭർത്താവിന് ബിസിനസാണ്. 12 വയസുള്ള മകനുണ്ട്. ഹാഷിമും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹരിശ്രീ ബസ് ഓടിക്കുന്നയാളാണ് ഹാഷിം. ബസിൽ സഞ്ചരിച്ചുള്ള അടുപ്പമാണ് ഇരുവരും തമ്മിലെന്ന് പറയുന്നു. ഏറെ നാളായി സ്വന്തം കാറിലാണ് അനുജ സ്‌കൂളിൽ വന്നിരുന്നത്. ഇന്നലെയും സ്‌കുളിൽ കാർ കൊണ്ടു വന്ന് ഇട്ടതിന് ശേഷമാണ് വിനോദയാത്ര പോയത്.

ഹാഷിമും അനുജയുമായുള്ള ബന്ധം സംബന്ധിച്ച് സഹപ്രവർത്തകർക്ക് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു. ഇതു കാരണമാണ് ഇവർ സംശയിച്ചതും വിവരം പൊലീസിൽ അറിയിച്ചതും.