അടൂർ: മധ്യതിരുവിതാംകൂറിലെ ലഹരിമരുന്ന് ഹബ് ആയി അടൂർ മാറുന്നു. ഏറ്റവുമൊടുവിലായി എംഡിഎംഎയുമായി യുവാവ് പിടിയിലായതാണ് സംഭവം. ഇയാളിൽ നിന്ന് കണ്ടെത്തിയത് വെറും .330 മില്ലാഗ്രാം എംഡിഎംഎയാണ്. അതു കൊണ്ടു തന്നെ ജാമ്യം ലഭിച്ചു. പക്ഷേ, ഇയാൾക്ക് വേണ്ടി ഉണ്ടായ രാഷ്ട്രീയ ഇടപെൽ ഞെട്ടിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ കഞ്ചാവുമായി പിടിയിലായ ചെറുപ്പക്കാരനാണ് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി വീണ്ടും പിടിയിലായിരിക്കുന്നത്.

പെരിങ്ങനാട് മേലൂട് പത്താം മൈൽ കരിംകുറ്റിക്കൽ സ്വരലയയിൽ പ്രസന്നകുമാറിന്റെ മകൻ ഷൈൻ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും .330 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിന് വാങ്ങിക്കൊണ്ടുവരും വഴിയാണ് യുവാവ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജിതമാക്കി. എസ്‌ഐ. മനീഷ്, എസ്.സി.പി.ഓ അനീഷ്, സി.പി.ഓ സൂരജ് എന്നിവരുടെ സംഘത്തോടൊപ്പം, ഡാൻസാഫ് എസ്‌ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, സി.പി.ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരും ചേർന്നാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്ളാറ്റിൽ നിന്ന് കഞ്ചാവുമായി ഷൈൻ അടക്കം നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പെൺകുട്ടികൾ അടക്കമുള്ളവർ ഉണ്ടായിരുന്നു.

അന്ന് ഇയാളെ രക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങിയത് സിപിഐയുടെ നേതാക്കളിൽ ചിലരായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു ആദ്യം ഷൈൻ. പിന്നീട് സിപിഐയിൽ ചേർന്നു. ഇതു കാരണം ഇയാളെ രക്ഷിക്കേണ്ട ബാധ്യത സിപിഐയ്ക്കായി. ഇരുമുന്നണികളിലെയും ചില നേതാക്കൾ ഇത്തരം ലഹരിക്കച്ചവടക്കാർക്ക് വേണ്ടി നേരിട്ടും തിരശീലയ്ക്ക് പിന്നിലിരുന്നും ഇടപെടുന്നു. ഇതു കാരണം പൊലീസിനും എക്സൈസിനും തങ്ങളുടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ പുതിയ തന്ത്രമാണ് ലഹരി കടത്തുകാർ പ്രയോഗിക്കുന്നത്. അറസ്റ്റിലായാലും ചരക്ക് നഷ്ടം വരാതിരിക്കാനും കടത്തുകാരൻ റിമാൻഡിൽ പോകാതിരിക്കാനുമുള്ള തന്ത്രമാണത്. വളരെ ചെറിയ അളവിൽ മാത്രമാകും ഇവർ കൈവശം സൂക്ഷിക്കുക. ഇതോടെ അറസ്റ്റിൽ ആയാലും ജാമ്യം ലഭിക്കും.

വേനൽ അവധിക്കാലത്ത് ബംഗളുരുവിൽ നിന്ന് പത്തനംതിട്ട ജില്ലയിലേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്കാണ്. വളരെ ചുരുങ്ങിയ അളവിലുള്ളത് മാത്രമാണ് പിടികൂടാൻ കഴിയുന്നത്. എംഡിഎംഎ ഉൾപ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്സാണ് ട്രാവൽസ് വഴി എത്തിക്കുന്നത്. അവധിക്കായി നാട്ടിലെത്തുന്നുവെന്ന രീതിയിൽ ഇത്തരം സ്വകാര്യ ബസുകളുടെ സാധനങ്ങൾ വയ്ക്കാനുള്ള പ്രത്യേക അറകളിലും മറ്റും സൂക്ഷിച്ചാണ് നാട്ടിൽ എത്തിക്കുന്നത്. അടൂർ, തിരുവല്ല, റാന്നി ഭാഗങ്ങളിൽ ഇറക്കുന്ന ഇവ അവിടെ നിന്നും ഉൾനാടൻ പ്രദേശങ്ങളിൽ ബൈക്കുകളിൽ കൊണ്ടുപോവുകയാണ് പതിവ്.

പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യത്തിൽ പോകാൻ കഴിയുന്ന അളവ് എംഡിഎംഎ മാത്രമേ സംഘത്തിൽപ്പെട്ടവർ കൈവശം വയ്ക്കാറുള്ളൂ. അടൂരിൽ ഇവയുടെ വരവും ഉപയോഗവും ഏറി വരികയാണ്. ലഹരിവസ്തുക്കൾ കുത്തിവയ്ക്കുന്ന രീതിയും നിലവിലുണ്ട്. സെന്റ് മേരീസ് സ്‌കൂൾ റോഡിൽ ബൈക്കിലെത്തുന്ന സംഘം ഇവിടെ വച്ച് ലഹരി വസ്തു കുത്തിവച്ച ശേഷം സിറിഞ്ച് റോഡിൽ ഉപേക്ഷിച്ച് കടന്ന് കളയുന്നുണ്ട്. അടൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൈയിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു. കമ്പം, തേനി ഭാഗത്ത് നിന്നും പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലാണ് കഞ്ചാവ് എത്തിക്കുന്നത് . അടൂരിൽ കഴിഞ്ഞ മാസം വിവിധ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച കേസിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു. ആഡംബര കാറുകളിൽ ചെങ്കോട്ട, അച്ചൻകോവിൽ, കോന്നി വഴി കഞ്ചാവ് എത്തുന്നുണ്ട്.

അടൂർ നഗരത്തിലെ ഉപപാതകൾ കേന്ദ്രീകരിച്ച് ലഹരിവസ്തുകളുടെ കൈമാറ്റം വ്യാപകമാണ്. ഹോളിക്രോസ് ജങ്ഷന് സമീപമുള്ള കനാൽ റോഡുകൾ, ഹോളിക്രോസ് ആനന്ദപ്പള്ളി റോഡ്, വിദ്യാനഗർ റോഡ്, കരുവാറ്റ ഇ.വി വായനശാല റോഡ്, സ്റ്റാൻഡ് ചുറ്റിപ്പോകുന്ന കെ.എസ്.ആർ.ടി.സി ജങ്ഷൻ ഇല്ലത്തു കാവ് പുതുവീട്ടിൽപ്പടി പാലം റോഡ് , പാർത്ഥസാരഥി ജങ്ഷൻ സെന്റ് മേരീസ് റോഡ്, വട്ടത്തറപ്പടി യമുന ഭാഗത്തേക്കുള്ള റോഡ് എന്നിവിടങ്ങളിൽ ലഹരിവസ്തുക്കളുടെ കൈമാറ്റം നടക്കുന്നത്.

ആഡംബര ബൈക്കുകളിൽ എത്തുന്നവർ റോഡരികിൽ വച്ച് ആവശ്യക്കാർക്ക് കൈമാറും. കൈമാറിയാലുടൻ അവിടെ നിന്ന് കടന്നു കളയും. പിടിക്കപ്പെടാതിരിക്കാൻ സ്ഥിരമായി ഒരിടത്ത് വച്ച് കൈമാറുന്നതിന് പകരം മാറി മാറി പലയിടങ്ങളിൽ വച്ചാണ് ലഹരി വസ്തുകളുടെ കൈമാറ്റം. സമീപ പ്രദേശത്ത് എത്തുമ്പോൾ മാത്രമാണ് ആവശ്യക്കാർ എവിടെ എത്തണമെന്ന വിവരം വാട്ട്സാപ്പ് കോളിലൂടെ അറിയിക്കുക. ഇതനുസരിച്ച അവശ്യക്കാർ എത്തുമ്പോഴേക്കും മയക്കുമരുന്നുമായി എത്തുന്ന സംഘവും എത്തും. പിന്നെയെല്ലാം ഞൊടിയിടയിലാണ് കൈമാറ്റം. ടൗണിലെ വിനോബാജി റോഡിലും ശ്രീമൂലം മാർക്കറ്റ് പന്നിവിഴ റോഡുകളിലും ലഹരി കടത്ത് സംഘം തമ്പടിക്കാറുണ്ട്. നഗരത്തിൽ നിന്നും മാറി ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചും ലഹരിവസ്തുക്കളുടെ കൈമാറ്റം നടക്കുന്നുണ്ട്