അടൂർ: ദേവി സ്‌കാൻസിൽ യുവതി തുണി മാറുന്ന ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി അൻജിത്തിന്റെ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ തിരുവനന്തപുരം ദേവി സ്‌കാൻസിൽ ജോലി ചെയ്യുമ്പോഴും ഇതേ പണി കാണിച്ചിട്ടുണ്ട്. അവിടെ നിന്ന് പകർത്തിയ 12 പേരുടെ ദൃശ്യങ്ങളാണ് ഫോണിൽ ഉണ്ടായിരുന്നത്. ഡ്യൂട്ടിക്ക് കയറിയാൽ ഉടൻ രോഗികൾ സ്‌കാനിങ്ങിനായി വസ്ത്രം മാറുന്ന മുറിയിൽ ഫോൺ സ്ഥാപിക്കുകയാണ് ഇയാളുടെ രീതി. കാമറ ഫോക്കസ് ചെയ്ത് വയ്ക്കുമ്പോൾ കൃത്യമായി കിട്ടുന്ന ദൃശ്യങ്ങൾ മാത്രമാണ് സേവ് ചെയ്ത് സുക്ഷിച്ചിരുന്നത്. അല്ലാത്ത വീഡിയോ ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.

ചില ദൃശ്യങ്ങളിൽ നഗ്‌നഭാഗങ്ങൾ ലഭിച്ചില്ലെങ്കിൽ അത് ഡിലീറ്റ് ചെയ്യും. പൂർണമായി കിട്ടിയിരുന്നത് മാത്രമാണ് മൊബൈൽ ഫോൺ ഗാലറിയിൽ സുക്ഷിച്ചിരുന്നത്. അടൂരിലെ ദേവി സ്‌കാൻസിൽ വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് യുവതി സ്‌കാനിങ്ങിന് എത്തിയത്. കാലിന്റെ എം.ആർ.ഐ സ്‌കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. ഇതിന് സ്‌കാനിങ് സെന്ററിലെ വസ്ത്രം ധരിക്കണമായിരുന്നു. സെന്ററിലെ ഒരു മുറിക്കുള്ളിലാണ് വസ്ത്രം മാറുന്നതിനായി യുവതി കയറിയത്. മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന തുണികൾക്കിടയിൽ മൊബൈൽ ഫോൺ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, യുവതി പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം മൊബൈൽ ഫോണിൽ കണ്ടത്. ഇതോടെ ദൃശ്യങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്ത ശേഷം അടൂർ പൊലീസിൽ വിവരം അറിയിച്ചു.

അടൂർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അടുരിൽ നിന്ന് നാലിലധികം ദൃശ്യങ്ങൾ ഇയാൾ പകർത്തിയിട്ടുണ്ട്.

കൂടുതൽ ദൃശ്യങ്ങൾ പ്രതി പകർത്തിയിട്ടുണ്ടോ എന്നറിയാൻ ഫോൺ ജില്ലാ സൈബർ സെല്ലിന് കൈമാറും. വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചു.

അടൂർ ഡിവൈഎസ്‌പി ആർ.ബിനു, പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ് ഐമാരായ വിപിൻകുമാർ, സുദർശന, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ, റോബി ഐസക് എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.