- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏനാദിമംഗലത്ത് വീട് കയറി ആക്രമണവും പ്രത്യാക്രമണവും: കൊല്ലപ്പെട്ട സുജാതയുടെ ആൺമക്കൾ അടക്കം മൂന്നു പേർ അറസ്റ്റിൽ; ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത് സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ; സുജാത കൊല്ലപ്പെട്ട കേസിൽ ഒരാളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു
അടൂർ: ഏനാദിമംഗലത്ത് വീടു കയറി ആക്രമണവും പ്രത്യാക്രമണവും നടന്ന കേസിൽ കൊല്ലപ്പെട്ട സുജാതയുടെ രണ്ട് ആൺമക്കൾ സഹിതം മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിന് തുടക്കമിട്ട സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സുജാതയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അടൂർ പൊലീസും അറസ്റ്റ് ചെയ്തു.
ഒഴുകുപാറ വടക്കേ ചരുവിൽ സുജാതയുടെ മക്കളായ സൂര്യലാൽ (26), ചന്ദ്രലാൽ (21), ഇവരുടെ സുഹൃത്തുകൊട്ടാരക്കര നെടുവത്തൂർ വല്ലം വിനായകം വീട്ടിൽ വിഘ്നേഷ് (26) എന്നിവരെയാണ് ഏനാത്ത് ഇൻസ്പെക്ടർ കെ.ആർ. മനോജ്കുമാർ അറസ്റ്റ് ചെയ്തത്. സുജാതയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സുജാത കൊല്ലപ്പെട്ട കേസിൽ കുറമ്പകര എൽസി ഭവനത്തിൽ അനീഷ് (32) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് ചീനിവിള കോളനിക്ക് സമീപം ഉണ്ടായ സംഘർഷത്തിനിടെ ആയുധം കൊണ്ട് തലയ്ക്കടിച്ചും പട്ടിയെ വിട്ടു കടിപ്പിച്ചു എന്നീ വകുപ്പുകൾ ചുമത്തി എടുത്ത കേസിലാണ് അറസ്റ്റ്. മുളയംകോട് പടിഞ്ഞാറെ പുത്തൻ വീട്ടിൽ ശരൺ മോഹനന്റെ പരാതിയെ തുടർന്ന് ഏനാത്ത് പൊലീസ് 19 നാണ് കേസ് എടുത്തത്. സംഘർഷത്തിൽ ശരൺ മോഹൻ, സഹോദരൻ ശരത്ത്, സഹോദരി രേവതി, രേവതിയുടെ ഭർത്താവ് മോനിഷ്, മോഹനൻ (68)
അനീഷ് എന്നിവർക്ക് പരുക്കേറ്റിരുന്നു. ശരൺ, ശരത്ത്, മോനിഷ് എന്നിവർക്ക് പട്ടിയുടെ കടിയുമേറ്റു. പിഗ് ബുൾ ഇനത്തിൽപ്പെട്ട നായയുമായിട്ടാണ് സൂര്യലാലും ചന്ദ്രലാലും ക്വട്ടേഷൻ എടുക്കാൻ എത്തിയത്.
ചീനിവിള കോളനി ഭാഗത്ത് സന്ധ്യ എന്നയാൾക്ക് വീട് വയ്ക്കാൻ വസ്തു നിരപ്പാക്കിയപ്പോൾ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ശരണിന്റെ വീട്ടിലേക്ക് പോകാനുള്ള നടവഴിയിൽ മുള്ളുവേലിക്ക് സമീപം വരെ മണ്ണു മാന്തി ഉപയോഗിച്ച് മണ്ണെടുത്തു. ഇതോടെ നടവഴിയിടിഞ്ഞ് പോ കുമെന്നതിനാൽ ഇടിയാതിരിക്കാൻ കെട്ടി കൊടുക്കാനുള്ള കരാർ എഴുതാൻ തുടങ്ങിയിരുന്നു. അതിനോടകം മണ്ണെടുപ്പ് കഴിഞ്ഞതിനാൽ കരാർ ഒപ്പിട്ടില്ല. ഇതിനെ തുടർന്ന് ശരണും സംഘവും ചേർന്ന് മണ്ണുമാന്തി യന്ത്രം തടഞ്ഞു. വിവരമറിഞ്ഞ് സൂര്യലാൽ, ചന്ദ്രലാൽ, വിഘ്നേഷ് എന്നിവർ സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തു. സൂര്യലാൽ പതിവു പോലെ വളർത്തു നായയുമായിട്ടാണ് ക്വട്ടേഷന് വന്നത്. ഇവർ അനീഷുമായി ഏറ്റുമുട്ടി. ശരൺ ഉൾപ്പെടെയുള്ളവർ തടയാൻ
ശ്രമിച്ചപ്പോൾ അവർക്കു നേരെയും ആക്രമണം ഉണ്ടായി.
ഇതിനുള്ള തിരിച്ചടി നൽകാൻ ശരണിന്റെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം ഞായറാഴ്ച രാത്രി സൂര്യലാലിന്റെ വീട്ടിലെത്തി. മക്കളെ ഇറക്കി വിടാൻ സുജാതയോട് ഇവർ ആവശ്യപ്പെട്ടു. വീട്ടിൽ ഇല്ലെന്ന് പറഞ്ഞതോടെ ആക്രമണം തുടങ്ങി. വീട്ടു സാധനങ്ങൾ വാരി കിണറ്റിലിട്ടു. ആക്രമണത്തിന് ഉപയോഗിച്ച പട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച സുജാതയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. കല്ലെടുത്ത് വാരിയെല്ലിന് എറിഞ്ഞു. മക്കളുടെ സുഹൃത്തായ അക്ബറിനെ വിളിച്ചു വരുത്തി അയാളുടെ ബൈക്കിന് പിന്നിൽ ഇരുന്നാണ് സുജാത ആശുപത്രിയിലേക്ക് പോയത്. തലച്ചോറിൽ രണ്ടിടത്ത് പൊട്ടലുണ്ടായി വാരിയെല്ലിനും ക്ഷതമേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട സുജാത സർജറിക്കിടെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് ഏനാത്ത് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായത്.
അനീഷിനെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുറുമ്പകരയിൽ നിന്നുമാണ് ഇൻസ്പെക്ടർ റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്