- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ വൈരാഗ്യത്തെ തുടർന്ന് എസ്എൻഡിപി ശാഖാ സെക്രട്ടറിയെ വെട്ടി; അടുത്ത വീട്ടിൽ വാഹനങ്ങൾ കത്തിച്ചു; മോഷ്ടിക്കാൻ കയറിയ വീട്ടിലെ ഉടമയെ ആക്രമിച്ചു; മറ്റൊരു വീട്ടിൽ നിന്ന് ബൈക്കും മോഷ്ടിച്ചും കടന്നു; ഗുജറാത്തിലും ആന്ധ്രയിലും ഒളിവിൽ കഴിഞ്ഞ കൊടുംക്രിമിനലിനെ പിടികൂടി അടൂർ പൊലീസ്
അടൂർ: ഒറ്റദിവസം തന്നെ ഒരു ക്രിമിനൽ കുറ്റകൃത്യം ചെയ്ത ശേഷം വനമേഖലയിൽ ഒളിവിൽ കഴിയുകയും പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഗുജറാത്തിലേക്ക് കടക്കുകയും ചെയ്ത കൊടുംക്രിമിനൽ ഒരു മാസത്തിന് ശേഷം പൊലീസ് വിരിച്ച വലയിൽ വന്നു വീണു. പെരിങ്ങനാട് ചാല പോളച്ചിറ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (37) ആണ് ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 23 ന് പുലർച്ചെ പെരിങ്ങനാട് ചാല എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് രാധാകൃഷ്ണനെ വീട്ടിൽ കയറി വെട്ടിപരുക്കേൽപ്പിക്കുകയും സമീപമുള്ള സന്തോഷിന്റെ വീടിന്റെ പോർച്ചിലെ വാഹനങ്ങൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്തു. അതിന് ശേഷം നെല്ലിമുകൾ ജങ്ഷന് സമീപം മോഷണം നടത്താൻ ശ്രമിക്കവേ ഉണർന്ന ഉടമ ലിജുവിനെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു. സമീപവാസിയായ സതീഷിന്റെ വീട്ടിൽ നിന്നും ബൈക്കും മോഷ്ടിച്ച് അതിൽ രക്ഷപ്പെട്ട അഖിൽ ഗുജറാത്തിലാണ് ഒളിവിൽ കഴിഞ്ഞത്.
പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു ദിവസം കൊണ്ട് തന്നെ നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡും സയന്റിഫിക് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
പ്രതി തെന്മല, കഴുതുരുട്ടി, ആര്യങ്കാവ് വനമേഖലകളിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച പൊലീസ് കാട്ടിലുള്ള തുരങ്കത്തിലും റോസ്മല, കഴുതുരുട്ടി വനമേഖലകളിലും രാത്രിയിലും പകലും ദിവസങ്ങളോളം തങ്ങിയാണ് തെരച്ചിൽ നടത്തിയത്. പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതി തമിഴ്‌നാട് വഴി ഗുജറാത്തിലേക്ക് കടന്നു. പൊലീസ് അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യൂണിയൻ ഡിവൈ.എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഒരിടത്തും സ്ഥിരമായി തങ്ങാത്ത പ്രതി നിരന്തരം യാത്ര ചെയ്തു കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചു. പ്രത്യേകിച്ച് സുഹൃത്തുക്കൾ ഇല്ലാത്തതും ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പ്രതിയുടെ നീക്കങ്ങൾ ദിനംപ്രതി നിരീക്ഷിച്ചു വന്നിരുന്ന പൊലീസ് വെള്ളിയാഴ്ച ഇയാൾ കേരളത്തിൽ എത്തിയതായി സ്ഥിരീകരിച്ചു.
രാത്രിയിലും ഇന്നലെയുമായി വിവിധ സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തി. ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ വിപിൻകുമാർ, സുരേഷ് ബാബു, ധന്യാ, സുദർശന, എസ്.സി.പി.ഓ രാജേഷ് ചെറിയാൻ, സി.പി.ഓ സിറോഷ്, അനീഷ്, അരുൺലാൽ, ശ്രീജിത്ത്, സുനിൽകുമാർ, അമൽ, സതീഷ്, റോബി, പ്രവീൺ എന്നിവർ ചേർന്ന് പല സംഘങ്ങളായി തിരിഞ്ഞ് കരുവാറ്റയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
2018 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന ഇയാൾ അടൂർ പൊലീസ് സ്റ്റേഷനിൽ മാത്രം 15 ക്രിമിനൽ കേസുകളിൽ പ്രതിയാണ്, ഏറെയും മോഷണ കേസുകളാണ്. ഇയാളുടെ പേരിൽ നിലവിൽ ആകെ 18 കേസുകളുണ്ട്. ഏനാത്ത്, പന്തളം, കോന്നി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് ഉൾപ്പെടെയാണിത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്