- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വർഷം മുൻപ് കട്ടപ്പനയിൽ നടത്തിയത് കുറ്റിമുല്ല കൃഷി തട്ടിപ്പ്; രൂപ മാറ്റം വരുത്തി വീണ്ടും വന്നിരിക്കുന്നത് ആട് വളർത്തൽ പദ്ധതിയുമായി; കൊല്ലത്തെ ചാരിറ്റബിൾ ട്രസ്റ്റിലുള്ളതൊക്കെയും മുൻ തട്ടിപ്പുകാർ! മറ്റൊരു വമ്പൻ തട്ടിപ്പിന് ഇടുക്കിയിൽ കളമൊരുങ്ങുമ്പോൾ
ഇടുക്കി: കൊല്ലം തെക്കുംഭാഗം കേന്ദ്രീകരിച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ആട് തട്ടിപ്പിന് നീക്കം നടത്തുന്ന സംഘം ആദ്യം തട്ടിപ്പ് നടത്തിയത് 18 വർഷം മുമ്പ് കട്ടപ്പന കേന്ദ്രീകരിച്ച്. കുറ്റിമുല്ല കൃഷിയിലൂടെ വീട്ടമ്മമാർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നൂറ് കണക്കിന് സ്ത്രീകളെ കബളിപ്പിച്ച് ഇവർ ലക്ഷങ്ങളുമായി മുങ്ങിയത്. കട്ടപ്പന ഗവൺമെന്റ് കോളേജിന് സമീപത്ത് ഓഫീസും സംഘത്തിനുണ്ടായിരുന്നു. ഇവിടെയും ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ.
ഒരു കിലോ മുല്ലപ്പൂവിന് 350 രൂപ മുതൽ അയ്യായിരം രൂപ വരെ വില ലഭിക്കുമെന്നും സൊസൈറ്റി ജാസ്മിൻ ഓയിൽ ഫാക്ടറി ആരംഭിച്ച് പൂക്കൾ ശേഖരിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു ആളുകളെ വലയിലാക്കിയത്. പ്രാദേശികമായുള്ള ചിലരെ കോ-ഓർഡിനേറ്റർമാരായി നിയമിച്ചായിരുന്നു ഇരകളെ കണ്ടെത്തിയിരുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജെ.എൽ.ജി ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു തട്ടിപ്പ്.
ജെ.എൽ.ജി ഗ്രൂപ്പിൽ അംഗമാകാൻ 1500 രൂപയും പിന്നീട് കൃഷിക്ക് ആവശ്യമായ മുല്ലച്ചെടികൾ നൽകുന്നതിനായി 15000 രൂപയും ഇവർ വാങ്ങി. കൃഷിക്ക് എടുക്കുന്ന തുകയ്ക്ക് സർക്കാർ സബ്സിഡി ലഭിക്കുമെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു .തമിഴനാട്ടിലെ രാമേശ്വരത്തു നിന്നും 40 പൈസ നിരക്കിൽ എത്തിച്ച മുല്ല തണ്ടുകൾ മുളപ്പിച്ച് നൽകിയായിരുന്നു തട്ടിപ്പ്. 200 മുല്ലച്ചെടികൾ ഒരു യൂണിറ്റ് എന്ന കണക്കിലായിരുന്നു 15000 രൂപ വീതം സംഘം വാങ്ങിയത്. ഇത്തരത്തിൽ അഞ്ചു മുതൽ പത്ത് യൂണിറ്റുകൾ വരെ കൃഷി ചെയ്തവരുമുണ്ട്.
കർഷകർ ഉല്പാദിപ്പിക്കുന്ന മൂല്ലപ്പൂക്കൾ സൊസൈറ്റി നേരിട്ട് സംഭരിച്ച് ആഴ്ചയിൽ വില നല്കുന്നതിനൊപ്പം ബാങ്ക് വായ്പയും അടയ്ക്കുമെന്നുമായിരുന്നു വാഗ്ദാനം. സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മുല്ലപ്പൂവിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന ഫാക്ടറി തുടങ്ങി അതിലെ ലാഭ വിഹിതം അംഗങ്ങൾക്ക് വീതിച്ച് നല്കുമെന്നും പറഞ്ഞിരുന്നു. പലരും ഈ മോഹന സുന്ദര വാഗ്ദാനത്തിൽ മയങ്ങിയാണ് ഗ്രൂപ്പിൽ ചേർന്നത്.
എന്നാൽ കൃഷിയിറക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇവർ പറഞ്ഞതു പോലെ ചെടികൾ പുഷ്പിച്ചില്ല. ലഭിച്ച പൂക്കൾ സംഭരിക്കാനും ആരും എത്താതാകുകയും ചെയ്തതോടെ പണം നഷ്ടപ്പെട്ടവർ കട്ടപ്പനയിലെ ഓഫീസിൽ എത്തി. അപ്പോഴാണ് ആഴ്ചകൾക്ക് മുമ്പ് ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിച്ച് സംഘം കടന്നു കളഞ്ഞ കാര്യം അറിയുന്നത്. തട്ടിപ്പിനിരയായ കർഷകർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നല്കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തതൊഴിച്ചാൽ തുടർ നടപടികളുമുണ്ടായില്ല.
ഇവരുടെ നേതൃത്വത്തിൽ സമാന രീതിയിൽ ചേർത്തല,കോഴിക്കോട്,കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചും കുറ്റിമുല്ല കൃഷിയുടെ പേരിൽ നിരവധിപ്പേരിൽ നിന്നും ലക്ഷങ്ങൾ കബളിപ്പിച്ചതായാണ് വിവരം. വിവധ സ്ഥലങ്ങളിൽ പല പേരുകളിലാണ് അവതരിക്കുന്നതിനാൽ ഇവരെ കുറിച്ച് ഇരകളാക്കപ്പെടുന്നവർക്ക് വ്യക്തമായ വിവരങ്ങളുമില്ല.
ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ തങ്ങളുടെ നാട്ടിലെ പ്രാദേശിക നേതാക്കൾ ചമഞ്ഞാണ് ഇവർ എത്തുന്നതെന്നാണ് വിവരം. ഈ പാർട്ടികളുടെ അവിടുത്തെ നേതാക്കന്മാരെ സ്വാധീനിച്ചാണ് സംഘം മേഖലയിൽ ചുവടുറപ്പിക്കുന്നത്.നേതാക്കളുടെ സഹായത്താൽ സംഘങ്ങൾ രൂപീകരിക്കുന്നതും ആളുകളെ വലയിലാക്കുന്നതും.
നീണ്ട ഇടവേളക്ക് ശേഷം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് ആട് വിതരണത്തിന്റെ മറവിൽ സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്താനുള്ള നീക്കമാണ് നടക്കുന്നത്. കൊല്ലം ജില്ലയിലെ തെക്കുംഭാഗം കേന്ദ്രീകരിച്ച് 2019 ൽ രൂപവത്ക്കരിച്ച തട്ടിക്കൂട്ട് സംഘടനയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്ത് വൻ തട്ടിപ്പിന് കളമൊരുക്കുന്നത്. 2015 ൽ വയനാട് ജില്ലയിലെ ഉൾനാടൻ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രമാക്കി സമാന രീതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സംഘം തന്നെയാണ് പുതിയ തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്