തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ പൊലീസിന്റെ മെല്ലപ്പോക്കെന്ന് ആരോപണം. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് പരാതിക്കാരൻ. തിരുവനന്തപുരം വിഴിഞ്ഞം പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഒടിടി പ്ലാറ്റ്ഫോം ഉടമകൾക്കും സിനിമയുടെ സംവിധായികയുമാണ് കേസിലെ പ്രതികൾ. സംവിധായിക രാഷ്ട്രീയമായി ഉന്നതബന്ധങ്ങളുള്ള വ്യക്തിയാണെന്നും ഇത്രയേറെ പരാതികൾ ഉയർന്നിട്ടും അവർ സോഷ്യൽ മീഡിയയിലൂടെ പ്രമോഷൻ നടത്തുകയാണെന്നും യുവാവ് പറഞ്ഞു.

യുവാവ് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു. തുടർനടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവാവ് കോടതിയെ സമീപിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയും, അണിയറപ്രവർത്തകർ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്.ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമാണ് തന്റെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതെന്നു യുവാവ് പറയുന്നു. കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയുമാണ് യുവാവിന്റെ പരാതി

ആത്മഹത്യയുടെ വക്കിലാണ് താനെന്ന് യുവാവ് പറയുന്നു. വീട്ടിൽ നിന്ന് പുറത്തായി. ഇന്നാണ് പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത്. രാഷ്ട്രീയമായി ഉന്നത ബന്ധമുള്ള വ്യക്തിയാണ് ആ സംവിധായിക. അതുകൊണ്ടാണ് നടപടിയെടുക്കാൻ വൈകുന്നത്. ഒരുപാട് ആളുകൾ ഇവർക്കെതിരേ പരാതി നൽകി കഴിഞ്ഞു. ഇപ്പോഴും അവർ അടുത്ത വെബ് സീരീസിന്റെ പ്രമോഷൻ സോഷ്യൽ മീഡിയയിൽ കൂടി നന്നായി ചെയ്യുന്നു.

അവർ ഞങ്ങളെകൊണ്ട് ഒപ്പിടിച്ച കരാറിന് കടലാസിന്റെ വിലപോലുമില്ലെന്നാണ് എന്റെ അഭിഭാഷകൻ പറഞ്ഞത്. ഈ കടലാസ് വച്ചാണ് ഞങ്ങളിൽ പലരെയും ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചത്. പരാതി നൽകിയതിന് ശേഷം പല കോണുകളിൽ നിന്നും എനിക്കെതിരേ അക്രമം നടക്കുന്നുണ്ട്. എന്റെ ജീവൻ പോലും കടുത്ത ഭീഷണിയിലാണ്. അവർ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചേ പറ്റൂ. അതിന്റെ പേരിൽ എന്റെ ജീവൻ പോയാലും ഞാൻ പിന്മാറില്ല.

പൊലീസിന് മൊഴി കൊടുത്തതിന് ശേഷം സ്ഫോടനാത്മകമായ പല കാര്യങ്ങളും പുറത്തുവരും. അതിന്റെ പിന്നിൽ രാഷ്ട്രീയക്കാരും ലഹരിമാഫിയകളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത ഒരു പാവം സ്ത്രീയെയും അവർ ചൂഷണത്തിനിരയാക്കി. അപകടം തിരിച്ചറിഞ്ഞപ്പോൾ ഞാൻ പിന്മാറാൻ ശ്രമിച്ചിരുന്നു. അന്ന് അവർ പറഞ്ഞത് ഞാൻ അഭിനയിച്ചില്ലെങ്കിൽ എനിക്കെതിരേ ഏതെങ്കിലും പെൺകുട്ടിയെ കൊണ്ട് ലൈംഗിക പീഡനപരാതി നൽകുമെന്നാണ്. എന്റെ കുടുംബ ജീവിതവും ഭാവിജീവിതവുമെല്ലാം അവർ തകർത്തു. എനിക്കിന്ന് നഷ്ടപ്പെടാനൊന്നുമില്ല- യുവാവ് പറഞ്ഞു.

ഭീഷണിക്കു വഴങ്ങി അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്തായ മലപ്പുറം സ്വദേശിനിയായ യുവതി, രണ്ടു വയസ്സുള്ള കുഞ്ഞുമായി ആഴ്ചകളായി റെയിൽവേ പ്ലാറ്റ്ഫോമുകളിലാണ് ഉറങ്ങുന്നത്.എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്ന് യുവതി പറഞ്ഞു.

ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇതു സീരിയൽ അല്ലെന്നും വെബ്‌സീരീസിനു വേണ്ടിയാണെന്നും അറിയുന്നത്. ഇതിനകം അവർ സിനിമയുടേതെന്ന പേരിൽ ഒരു കരാറിൽ ഒപ്പുവപ്പിച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തതിനാൽ എന്തിലാണ് ഒപ്പിട്ടു കൊടുത്തതെന്ന് മനസ്സിലായില്ല. തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി വായിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഒപ്പിട്ടു കൊടുത്തത്. യുവതി പറഞ്ഞു.

''മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞു. ഇതോടെ ഭീഷണിപ്പെടുത്തി. തിരികെ പോകണമെങ്കിൽ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നു പറഞ്ഞു. ഞാനും ഒരു സ്ത്രീയല്ലേ.. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞു.നിന്നെ ചതിക്കില്ല, നഗ്നത ആരും കാണില്ല എന്നെല്ലാം ഉറപ്പു നൽകിയതോടെയാണ് അഭിനയിച്ചത്.

ആദ്യ രണ്ടു ദിവസം അഭിനയിച്ചതിന് 20,000 രൂപ വീതം നൽകിയിരുന്നു.മൂന്നാം ദിവസം പോകാതിരുന്നപ്പോൾ ഒരു ലക്ഷം രൂപ തരാമെന്നു വാഗ്ദാനം ചെയ്തു.ഒരു കോടി തന്നാലും അഭിനയിക്കില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തി.സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായത്. ഇതോടെ പൊലീസിൽ പരാതി കൊടുക്കുമെന്നു പറഞ്ഞു. പൊലീസുമായും മന്ത്രിമാരും എംഎൽഎമാരുമായും ബന്ധമുണ്ട്, നീ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു സംവിധായിക വെല്ലുവിളിച്ചു.

തിരുവനന്തപുരം സൈബർ സെൽ പൊലീസിൽ പരാതി നൽകിയപ്പോൾ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിന്നെ ചോദിക്കുമ്പോൾ കേസെടുക്കാൻ പറ്റില്ലെന്നു പറഞ്ഞു. എന്നെ മുന്നിലിരുത്തി എന്റെ വിഡിയോ പച്ചയ്ക്കിരുന്നു കണ്ട അയാൾ ഒരു ബഹുമാനത്തിനും അർഹതയില്ലാത്ത ആളാണ്.അടുത്ത ദിവസം വിളിച്ചപ്പോൾ നേമം പൊലീസിൽ പോയി കേസു കൊടുക്കാൻ പറഞ്ഞു. നേമത്തു കേസെടുക്കാതിരുന്നപ്പോഴാണ് സൈബർ പൊലീസിൽ പരാതി കൊടുക്കാൻ വന്നത്.

പരാതി വാങ്ങിവച്ചിട്ടുണ്ട്. കേസെടുക്കില്ലെങ്കിൽ അതു നേരത്തെ പറയാമായിരുന്നു. സംവിധായികയുടെ വക്കീലാണ് സ്റ്റേഷനിൽ വന്നത്. അവരുടെ സംസാരത്തിൽ ഇവർ സുഹൃത്തുക്കളാണെന്നു മനസ്സിലായി. അതുകൊണ്ടു മാത്രമാണ് പൊലീസ് അവിടെ കേസെടുക്കാതിരുന്നത് എന്നാണ് മനസ്സിലായത്'' യുവതി പറഞ്ഞു.''ഷൂട്ടിനു ചെല്ലുമ്പോൾ വീട്ടുകാരെ കൊണ്ടുവരാൻ പാടില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. അതിനാൽ ആരെയും കൂട്ടാതെയാണ് പോയത്.

അവിടെ ചെന്നപ്പോൾ പല സീരിയൽ നടിമാരും അവരുടെ അമ്മമാരും ചേച്ചിമാരുമെല്ലാമുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ നീ ഹീറോ അല്ലേ, അങ്ങനെ കൊണ്ടുവരാൻ പാടില്ല എന്നായിരുന്നു മറുപടി. സംശയിക്കാൻ ഒന്നും ഇല്ലാത്ത നല്ല ആഘോഷമായിരുന്നു ആദ്യ ദിവസം. ആദ്യമായി ഒരു ഷൂട്ടിനു വന്നതിന്റെ സന്തോഷമായിരുന്നു. ഈ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് കരാറിൽ ഒപ്പുവപ്പിച്ചത്. വേറെ ഷൂട്ടിങ്ങിനു പോകാതിരിക്കാനാണ് കരാർ എന്നും പറഞ്ഞു.

അഭിനയിച്ചത് പൂർണ്ണ സമ്മതത്തോടെയെന്ന് സംവിധായിക

ചിത്രത്തിനെതിരെ പരാതി ഉയർന്നതോട പ്രതികരണവുമായി സംവിധായിക രംഗത്തെത്തി.90 ശതമാനം നഗ്നതയാവാമെന്ന് ധാരണയുണ്ടെന്ന് ചിത്രത്തിന്റെ സംവിധായിക പ്രതികരിച്ചു. സീരീസിലെ അഭിനേതാക്കൾ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയെന്നും സംവിധായിക പറഞ്ഞു. സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെ യുവനടൻ പരാതി നൽകിയതിനു പിന്നാലെ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.

അതിനിടെ, യുവനടൻ അശ്ലീല ഒടിടി സീരീസിന്റെ കരാറിൽ ധാരണയാവുന്നതിന്റെ ദൃശ്യം ഒടിടിക്കാർ പുറത്തുവിട്ടു. നടൻ കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ കുറച്ച് ചിത്രീകരിച്ച ശേഷമാണ് കരാറിൽ ഒപ്പുവയ്‌പ്പിച്ചത്.