തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തി പോലീസ്. കൊലപ്പെടുത്തിയ ശേഷം അഫാന്‍ കൈക്കലാക്കിയ സല്‍മാബീവിയുടെ മാല വെഞ്ഞാറമൂട്ടിലെ സ്വകാര്യബാങ്കില്‍ 74,000 രൂപയ്ക്ക് പണയംവച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണമുപയോഗിച്ചാണ് മദ്യപിച്ചതും ചുറ്റിക വാങ്ങിയതും. ചുറ്റികവാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയും കണ്ടെത്തി.അഫാന്റെ പിതാവ് റഹിമിന്റെ സൗദിയിലെ ബിസിനസ് തകര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പലയിടത്തുനിന്ന് അഫാന്‍ പണം കടംവാങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ അഫാന്‍ ഇക്കാര്യമാണ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്.

സഹോദരനടക്കം അഞ്ച് പേരെ യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടായ കുടുംബപ്രശ്‌നങ്ങളുമെന്നാണ് സൂചന. പ്രതി അഫാന്റെ മാനസികനില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. അഫാന്റെ സഹോദരന്‍ അഫ്‌സാന്‍ (13), പിതാവിന്റെ മാതാവ് സല്‍മാബീവി (95), പിതാവിന്റെ സഹോദരന്‍ ലത്തീഫ്(60), ലത്തീഫിന്റെ ഭാര്യ സജിതാ ബീവി(55) എന്നിവരുടെ മൃതദേഹങ്ങള്‍ കല്ലറ താഴെ പാങ്ങോട് ജുമാമസ്ജിദിലും സുഹൃത്ത് വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാനയുടെ (22) മൃതദേഹം ചിറയിന്‍കീഴ് കാട്ടുമുറയ്ക്കല്‍ ജുമാമസ്ജിദിലും സംസ്‌കരിച്ചു. തലയ്ക്ക് ഗുരുതരപരിക്കേറ്റ ഉമ്മ ഷെമി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സല്‍മാബീവി, ലത്തീഫ്, സജിതാ ബീവി എന്നിവരെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ബാറില്‍ പോയി മദ്യപിച്ചതായും അതിന് ശേഷമാണ് വീട്ടിലെത്തി ഫര്‍സാനയെയും അഫ്‌സാനെയും കൊലപ്പെടുത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. കുടുംബത്തില്‍ എല്ലാവരും ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെന്നും മരണം ഉറപ്പാക്കാനാണ് താന്‍ തന്നെ കൃത്യം ചെയ്തെന്നുമാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.

പണം ചോദിച്ചിട്ട് തരാത്തതിലുള്ള വൈരാഗ്യവും കുടുംബത്തില്‍ അനാവശ്യമായി തലയിടുന്നതുമാണ് ലത്തീഫിനെയും സജിതാ ബീവിയെയും കൊലപ്പെടുത്താന്‍ കാരണം പറയുന്നത്. ഫര്‍സാനയെ കൊലപ്പെടുത്തിയതിന് വ്യക്തമായ കാരണം പറയുന്നില്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അഫാന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. പ്രതി മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ എന്നറിയാന്‍ രക്തസാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.

കൂട്ടക്കൊലയ്ക്കുശേഷം വിഷംകഴിച്ച് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതി അഫാന്‍ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സൂചന നല്‍കിയിരുന്നു. എലിവിഷം കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞതുകൊണ്ടാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരുന്ന് നല്‍കുന്നതിന് കൈയില്‍കുത്തിയ കാനുല ഇയാള്‍ ഊരിയെറിഞ്ഞതായാണ് ആശുപത്രിയില്‍നിന്നുള്ള വിവരം. ചികിത്സയോട് സഹകരിക്കുന്നില്ലെന്നും അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇയാളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതിനിടെ ഗാര്‍ഹികമായ കൊലപാതകങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിക്കുന്നതായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പറയുന്നു. ഇതില്‍ 80-90 ശതമാനം കൊലപാതകങ്ങളും മദ്യപാനത്തിന്റെയോ ലഹരി ഉപയോഗത്തിന്റെയോ പശ്ചാത്തലത്തിലാണ് നടക്കുന്നത്. പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങളാണ് പലതിനും കാരണം. ഇത്തരം കൊലപാതക സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി തടയാന്‍ കഴിയുന്നില്ല. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച ഒരു പ്രധാനകാരണമാണ്. സുഹൃത്തുക്കള്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങളും പെട്ടെന്നുള്ള കൊലപാതകത്തിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന പല കൊലപാതകങ്ങളും ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.