തിരുവനന്തപുരം: കൂട്ടക്കൊലയുടെ കാര്യം പെണ്‍സുഹൃത്തായ ഫര്‍സാനയോട് പറഞ്ഞുവെന്നും ഇതിന് ശേഷം അവളെയും കൊന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ കുറ്റസമ്മത മൊഴി. മറ്റുള്ളവരെല്ലാം കൊല്ലപ്പെട്ടെന്ന വിശ്വാസത്തിലാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വീടിന്റെ പിന്‍വാതിലിലൂടെ ഉള്ളില്‍ കടന്ന് മുകളിലത്തെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കാര്യം ഫര്‍സാനയോട് പറഞ്ഞു. 'നമ്മള്‍ ഇനി എങ്ങനെ ജീവിക്കും' എന്ന് ചോദിച്ച് കസേരയിലിരുന്ന ഫര്‍സാനയെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി. ഫര്‍സാനയുടെ മുഖത്തിന്റെ ഒരു വശം പാടെ തകര്‍ന്നു. കട ബാധ്യതയാണ് എല്ലാത്തിനും കാരണം. ദിവസവും പണം തിരികെ ആവശ്യപ്പെട്ട് ആളുകളെത്തിത്തുടങ്ങിയതോടെ അഫാന്‍ അസ്വസ്ഥനായി. പണമില്ലാത്തതിനാല്‍ പിതാവിന് നാട്ടിലെത്താന്‍ സാധിക്കുന്നില്ലെന്ന തിരിച്ചറിവും അഫാനെ അസ്വസ്ഥനാക്കി. നാട്ടില്‍ തിരിച്ചെത്തിയ അഫാന്റെ അച്ഛന്‍ റഹീമില്‍ നിന്നും പോലീസ് മൊഴി എടുക്കും. ചികില്‍സയിലുള്ള അമ്മ ഷെമിയുടെ മൊഴിയും രേഖപ്പെടുത്തും. കൂട്ടക്കൊല നടത്തുന്നതിനിടെയുള്ള അഫാന്റെ മദ്യപാനവും ആഹാരം കഴിക്കലും കടംവീട്ടലും അനിയന്റെ മൃതദേഹത്തിനരികെ നോട്ട് വിതറലുമെല്ലാം അതി വിചിത്രമെന്നാണ് പൊലീസ് പറയുന്നത്.

ഫര്‍സാനക്ക് മുക്കുപണ്ടം പകരം നല്‍കി വാങ്ങിയ സ്വര്‍ണമാല പണയംവെച്ച 90,000 രൂപയുടെ കടബാധ്യതയുമുണ്ട്. ഫര്‍സാന ഇത് തിരികെ ചോദിച്ചതും അക്കാര്യം അവളുടെ വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നതും ഫര്‍സാനയെ കൊല്ലാന്‍ കാരണമായി. തന്റെ മരണശേഷം ഫര്‍സാനയെ എല്ലാവരും തനിച്ചാക്കുമെന്ന ആശങ്കയുണ്ടായിരുന്നതായും മൊഴി നല്‍കി. കൂട്ടക്കൊലക്ക് പ്രേരണയായത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. അഫാന്റെ ഫോണ്‍ സംഭാഷണങ്ങളും ചാറ്റ് ഹിസ്റ്ററിയും ബാങ്ക് രേഖകളും ശേഖരിച്ച പൊലീസ്, പണം കടം നല്‍കിയവരെ കണ്ടെത്തി കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. അഫാനും ഉമ്മയും സഹോദരനുമടങ്ങിയ കൊച്ചുകുടുംബത്തിന് 65 ലക്ഷം രൂപയുടെ കടമുണ്ട്. ബന്ധുക്കളും നാട്ടുകാരുമായി 13 പേരില്‍ നിന്ന് ലക്ഷങ്ങള്‍ കടം വാങ്ങി. കൂടാതെ, 12 ലക്ഷം രൂപ കിട്ടിയ രണ്ട് ചിട്ടികളുടെ അടവും മുടങ്ങി. പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് പിടിച്ചുനിന്നത്. എന്നാല്‍, കുടംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിഞ്ഞതോടെ പലരും പണം നല്‍കാതെയായി. നേരത്തേ പണയം വെച്ച ബുള്ളറ്റ് ബൈക്ക് തിരിച്ച് വാങ്ങിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന കാര്‍ ആദ്യം രണ്ടര ലക്ഷം രൂപക്ക് പണയംവെക്കുകയും പിന്നീട്, നാലുലക്ഷം രൂപക്ക് വിറ്റ് അതില്‍ ഒരു ലക്ഷം രൂപ സൗദിയിലുള്ള പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1400 രൂപ കടമെടുത്താണ് ഉറ്റവരെ കൊലപ്പെടുത്താനുപയോഗിച്ച ആയുധമായ ചുറ്റിക വാങ്ങിയത്. വല്യുമ്മയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല ഇതേ സ്ഥാപനത്തില്‍ പണയംവെച്ച് 74,000 രൂപ വാങ്ങുകയും അതില്‍ നിന്ന് 40,000 രൂപ കടക്കാരില്‍ നാലുപേര്‍ക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു.

അര്‍ബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സക്കുപോലും പണമില്ലാത്ത അവസ്ഥ വന്നതോടെ, കൂട്ട ആത്മഹത്യക്ക് കുടുംബം ആലോചിച്ചിരുന്നു. എന്നാല്‍, ഷെമിക്ക് ആത്മഹത്യ ചെയ്യാന്‍ ഭയമായിരുന്നു. തുടര്‍ന്നാണ് കൊല ആസൂത്രണം ചെയ്തത്. സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്താന്‍ ധൈര്യം കിട്ടാന്‍ വേണ്ടിയാണ് താന്‍ മദ്യപിച്ചതെന്ന് പ്രതി പറയുന്നു. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് അഫാന്‍ മറ്റു കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ശേഷം ഇനി എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന അവസാനമായി അഫാനോട് ചോദിച്ചിരുന്നത്. വിവരം കേട്ടു കരഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫര്‍സാനയെ പ്രതി ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയത്. പ്രതിയുടെ മുത്തശ്ശി സല്‍മാബീവി തങ്ങള്‍ക്കുണ്ടായ കടബാധ്യതയ്ക്ക് കാരണം അമ്മ ഷെമിയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് മുത്തശ്ശിയോടുള്ള വൈരാഗ്യത്തിന് കാരണമായത്. പിതൃ സഹോദരന്‍ ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന ഭയത്താലാണ് അവരെയും കൊലപ്പെടുത്തിയതെന്ന് അഫാന്‍ മൊഴി നല്‍കി. കടം വാങ്ങിയ പണം ആവശ്യപ്പെട്ടു വീട്ടിലേക്ക് വരാനിടയുള്ള ആളുകള്‍ക്കായിരുന്നു സ്വര്‍ണ്ണം പണയം വെച്ച പണം അയച്ചു കൊടുത്തതെന്നും അഫാന്റെ മൊഴി.

മാതാവ് ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയത് സഹിക്കാന്‍ കഴിയാത്തതിനാലാണ് അമ്മൂമ്മയെ കൊലപ്പെടുത്തിയതെന്ന് അഫാന്‍ പറഞ്ഞു. പാങ്ങോട്ടെ വീട്ടിലെത്തിയപ്പോള്‍ അമ്മൂമ്മയെ കണ്ടയുടന്‍ തന്നെ സംസാരിക്കാനൊന്നും നില്‍ക്കാതെ തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്‍ മൊഴി നല്‍കി. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഷെമിയാണെന്ന് അമ്മൂമ്മ സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. മാതാവിനെ സ്ഥിരമായി കുറ്റം പറയുന്നത് തനിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അഫാന്‍ പറഞ്ഞു. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുന്‍പ് അഫാനും ഫര്‍സാനയും തമ്മിലുള്ള ഫോണ്‍ സന്ദേശവും സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അഫാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടില്‍നിന്ന് വെഞ്ഞാറമൂട് ടൗണിലേക്കു പോകാതെ ഇടവഴിയിലൂടെ ഫര്‍സാന കാവറയിലേക്കു നടന്നുവരുന്നതും തൊട്ടുപിന്നാലെ അഫാന്‍ ബൈക്കിലെത്തി പേരുമലയിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങള്‍.

മുക്കുന്നൂരിലെ വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഫര്‍സാന ഇടവഴിയിലൂടെ നടക്കുന്നതിനിടയില്‍ അഫാന്‍ ഫോണ്‍ചെയ്ത് എവിടെയാണുള്ളതെന്നു തിരക്കി. വര്‍ക്ക്ഷോപ്പിനടുത്തുള്ളതായി ഫര്‍സാന മറുപടി നല്‍കി. തുടര്‍ന്നാണ് ഫര്‍സാന നടന്നുനീങ്ങിയ ഇടവഴിയിലൂടെ അഫാന്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്. മുന്‍പ് ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. വീട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ പകരം മുക്കുപണ്ടവും നല്‍കി. പണയം വെച്ച മാല തിരികെയെടുത്തുതരാന്‍ ഫര്‍സാന പിന്നീട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുന്‍പ് പണത്തിന് ആവശ്യം വന്നപ്പോള്‍ വാഹനങ്ങള്‍ പണയപ്പെടുത്തി അഫാന്‍ പണം കണ്ടെത്തിയെന്നും പിന്നീട് അവ വിറ്റെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കാര്‍ രണ്ടരലക്ഷം രൂപയ്ക്ക് അഫാന്‍ പണയപ്പെടുത്തിയിരുന്നു.

പിന്നീട് ഇത് നാലുലക്ഷം രൂപയ്ക്കു വില്‍ക്കുകയും സൗദിയിലുള്ള പിതാവിനു പണം അയച്ചുകൊടുക്കുകയും ചെയ്തു. അന്വേഷണസംഘം അഫാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തികബാധ്യതകളുടെ കണക്കുകള്‍ രേഖപ്പെടുത്തിയ പുസ്തകം കണ്ടെത്തിയിരുന്നു.