- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകിട്ട് പെറോട്ടയും ചിക്കനും; ഉച്ചയ്ക്ക് മീന്‍ കറി; നാലു മണിയാകുമ്പോള്‍ ചായ മസ്റ്റ്; പോലീസ് കസ്റ്റഡിയിലും എല്ലാത്തിനും നിര്‍ബന്ധം; ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനാല്‍ എല്ലാം ചെയ്തു കൊടുത്ത് പോലീസ്; ചുറ്റിക വാങ്ങിയതിനും സൂപ്പര്‍ തിയറി; അഫാന് കൂസിലില്ലായ്മയുടെ പ്രതീകം
തിരുവനന്തപുരം: അഫാന് ഇനിയും ഒരു കൂസലുമില്ല. വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാന്‍ കുഴഞ്ഞു വീണത് നാടകമെന്ന നിഗമനത്തിലാണ് പൊലീസ്. തെളിവെടുപ്പ് നീട്ടിവയ്ക്കാന്‍ അഫാന്‍ കുഴഞ്ഞുവീണതാണോയെന്ന് സംശയം പോലീസിനുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡിഎംഒയ്ക്ക് ഉടന്‍ കത്തുനല്‍കും. ഡോക്ടര്‍മാരുടെ സംഘത്തെ രൂപീകരിച്ചാല്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസ് നീക്കം.
അഫാന്‍ പാങ്ങോട് സ്റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നു പൊലീസ് ചോദിച്ചപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങള്‍ പൊലീസ് വാങ്ങി നല്‍കി. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മീന്‍കറി വേണമെന്ന് അഫാന്‍ ആവശ്യപ്പെട്ടിരുന്നു. നാലു മണിക്ക് ചായും വേണമെന്ന് പറഞ്ഞു. അഫാന്‍ പലപ്പോഴും ആത്മഹത്യാ ഭീഷണി മുഴക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പോലീസ് ചോദിക്കുന്നതെല്ലാം കൊടുക്കുകയാണ്.
രാത്രി കിടക്കുന്നതിനു വേണ്ടി പേപ്പറുകള്‍ നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവന്‍ അഫാന്‍ വായിച്ചു തീര്‍ത്തു. തുടര്‍ന്ന് പത്രം പൊലീസ് തിരികെ വാങ്ങി. തനിക്ക് വെറും തറയില്‍ കിടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് സെല്ലില്‍ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു. 24 മണിക്കൂറും നിരീക്ഷണവും ഉണ്ട്. എല്ലാവരെയും കൊലപ്പെടുത്താന്‍ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടു നടക്കാന്‍ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്നുമാണ് അഫാന്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.
ചുറ്റികയാകുമ്പോള്‍ എവിടെയും കൊണ്ടുപോകാമെന്നും ആര്‍ക്കും സംശയം തോന്നില്ലെന്നും ചോദ്യം ചെയ്യലിനിടെ അഫാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ശക്തിയായി അടിച്ചാല്‍ ആള്‍ മരണപ്പെടുമെന്ന് തനിക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നതായും പ്രതി മൊഴി നല്‍കി. പലപ്പോഴും കുറ്റബോധമോ ഭാവവ്യത്യാസമോ ഇല്ലാതെയാണ് അഫാന്‍ പോലീസിനോട് പെരുമാറിയത്. വെള്ളിയാഴ്ച ഊണ് കഴിക്കുമ്പോള്‍ മീന്‍ കറിയില്ലേയെന്നും അഫാന്‍ പൊലീസിനോട് ചോദിച്ചു. അതേസമയം പറയുന്ന പലകാര്യങ്ങളും പരസ്പരവിരുദ്ധമാണ്. സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാനും പിതാവും മാതാവ് ഷെമിയും പറയുന്നതും പരസ്പരവിരുദ്ധമാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസ് കൂടുതല്‍ തെളിവ് ശേഖരിക്കും.
വെള്ളിയാഴ്ച രാവിലെ 6.30നാണ് ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍ പോകുമ്പോള്‍ അഫാന്‍ കുഴഞ്ഞുവീണത്. ലോക്കപ്പില്‍നിന്ന് മൂന്നടിയോളം ഉയരമുള്ളതാണ് ശുചിമുറി. അതിന് മുകളില്‍ കയറിയ അഫാന്‍ പെട്ടെന്ന് താഴെ വീഴുകയായിരുന്നു.ഉടന്‍ കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ലെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലാണെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ പ്രയാസമാണെന്നാണ് അഫാന്‍ ഡോക്ടറോട് പറഞ്ഞത്. തലകറക്കത്തിനുള്ള ഗുളികയും ഒആര്‍എസ് ലായനിയും മാത്രമാണ് അഫാന് നല്‍കിയത്.
കുടുംബം കടബാധ്യതയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ പിതൃമാതാവിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വര്‍ണമാല ഉണ്ടായിരുന്നെന്നും പിന്നീട് ഒന്ന് കാണാതായെന്നും അഫാന്‍ പറഞ്ഞു. ബന്ധുവായ മറ്റൊരാള്‍ക്ക് മാല കൊടുത്തെന്നു മനസ്സിലായതോടെ വൈരാഗ്യം തോന്നിയെന്നുമാണ് അഫാന്‍ കഴിഞ്ഞദിവസം പറഞ്ഞത്. മാതാവ് ഷെമിയെയാണ് ആദ്യം ആക്രമിച്ചതെന്നും അവര്‍ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ ആക്രമിച്ചതെന്നും അഫാന്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടില്ലെന്നു മൊബൈല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.