തിരുവനന്തപുരം: അമ്മയ്ക്കു അസുഖം കൂടുതലാണെന്നു കള്ളം പറഞ്ഞാണ് പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടു വന്നതെന്ന് അഫാന്റെ വെളിപ്പെടുത്തല്‍ കാന്‍സര്‍ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫര്‍സാനയെ കാണണമെന്നും പറഞ്ഞതിനാല്‍ വീട്ടിലേക്കു വരണമെന്നും സംഭവദിവസം താന്‍ ഫര്‍സാനയെ അറിയിച്ചതായി അഫാന്‍ പൊലീസിനു മൊഴി നല്‍കി. പണയംവയ്ക്കാന്‍ നല്‍കിയ സ്വര്‍ണമാല തിരികെ ചോദിച്ച് സമ്മര്‍ദത്തിലാക്കിയ ഫര്‍സാനയോടു വൈരാഗ്യം തോന്നിയിരുന്നെന്നു അഫാന്‍ പറഞ്ഞു. ഇതോടെ പെണ്‍സുഹൃത്തിനെ കൊന്നത് സ്‌നേഹം കൊണ്ടല്ലെന്നും വൈരാഗ്യം മൂലമാണെന്നും കൂടി വ്യക്തമാകുകയാണ്. ദുരിതാവസ്ഥയില്‍ തന്നെ വീര്‍പ്പുമുട്ടിച്ചെന്ന ചിന്തയാണു ഫര്‍സാനയോടുണ്ടായിരുന്നതെന്ന് അഫാന്‍ പൊലീസിനു മൊഴി നല്‍കി.

അഫാന് മാതാവ് ഷെമിയോടും കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി കൂടാന്‍ കാരണം ഷെമിയുടെ സാമ്പത്തിക ഇടപാടുകളാണെന്നും കടക്കാരുടെ ശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് കൊലപാതകങ്ങള്‍ നടന്ന ദിവസം രാവിലെയും ഷെമിയുമായി തര്‍ക്കമുണ്ടായി. തന്റെ ആര്‍ഭാട ജീവിതം കാരണമാണ് കുടുംബത്തിന് ഈ അവസ്ഥ വന്നതെന്ന് അഫാനോട് ഷെമി പറഞ്ഞതും പക ഇരട്ടിയാക്കി. തങ്ങളെല്ലാവരും മരിച്ചാല്‍ ഒറ്റയ്ക്കായി പോകുമെന്നതിനാലാണ് സഹോദരന്‍ അഫ്‌സാനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും എന്നാല്‍ അതില്‍ തനിക്ക് കുറ്റബോധമില്ലെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു.

ഫര്‍സാനയെ അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിച്ചു. ഇതോടെ കൂടെ വരാന്‍ സമ്മതിച്ചു. നടന്ന് കാവറ റോഡിലെത്തിയ ഫര്‍സാനയെ ബൈക്കില്‍ കാത്തുനിന്ന അഫാന്‍ വീട്ടിലെത്തിച്ചു. പൂട്ടിയ ഗേറ്റ് തുറക്കാന്‍ നോക്കിയപ്പോള്‍ കയ്യിലെ താക്കോല്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടര്‍ന്ന്, മതിലിന് ഉയരം കുറഞ്ഞ ഭാഗത്ത് ഇഷ്ടിക അടുക്കിവച്ച് അതില്‍ ചവിട്ടി ഇരുവരും മതില്‍ ചാടിക്കടന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു തന്നെ സഹായിക്കാന്‍ ഫര്‍സാന സ്വര്‍ണമാല നല്‍കിയിരുന്നു. എന്നാല്‍, ഫര്‍സാനയുടെ വീട്ടുകാര്‍ ഇതറിഞ്ഞതോടെ പ്രശ്‌നമായി. മാല തിരികെ ചോദിച്ച് ഫര്‍സാന തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. ഇതേത്തുടര്‍ന്ന്, തന്റെ പിതാവിന്റെ കാര്‍ ആറ്റിങ്ങലിലെ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചു. അതുവഴി ലഭിച്ച പണമുപയോഗിച്ചു മാല എടുത്തുകൊടുത്തെങ്കിലും ഫര്‍സാനയോടുള്ള വൈരാഗ്യം കൂടി.

സ്വന്തം വീട്ടില്‍ അമ്മ ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ അഫാന്‍ താക്കോല്‍ ശുചിമുറിയിലെ ഫ്‌ലഷ് ടാങ്കില്‍ ഉപേക്ഷിച്ചു. പേരുമലയിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ താക്കോല്‍ കണ്ടെടുത്തു. ഷാള്‍ ഉപയോഗിച്ച് അമ്മയെ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്താനാണ് അഫാന്‍ ആദ്യം ശ്രമിച്ചത്. രക്തംവാര്‍ന്ന നിലയില്‍ അമ്മയെ മുറിയിലിട്ട ശേഷം ഇയാള്‍ മുത്തശ്ശി സല്‍മാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിയ അഫാന്‍ മുറിയില്‍ നിന്ന് അമ്മയുടെ ഞെരക്കം കേട്ടതോടെ വീണ്ടും ആക്രമിച്ചു. എന്നിട്ടും അവര്‍ മാത്രം മരിച്ചില്ല.

പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണമാല കൈക്കലാക്കി. ഈ മാല പണയം വച്ച് 75000 രൂപ വാങ്ങിയ ശേഷം കല്ലറയിലെ എ.ടി.എം മെഷീന്‍ ഉപയോഗിച്ച് 45000 രൂപ അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്തു. തുടര്‍ന്ന് പണം രാവിലെ വിളിച്ച് ശല്യപ്പെടുത്തിയ നാല് കടക്കാര്‍ക്ക് അയച്ചുകൊടുത്തുവെന്നും അഫാന്‍ പറഞ്ഞു. ഇത് ശരിയാണെന്ന് പോലീസിനും വ്യക്തമായി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായുള്ള പാങ്ങോട് പോലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. തുടര്‍ന്ന് ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് തിരികെ ജയിലില്‍ എത്തിച്ചു. ഈ മാസം 13 വരെയാണ് റിമാന്‍ഡ് കാലാവധി. ഇനിയുള്ളത് പ്രതിയുടെ പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലുള്ള തെളിവെടുപ്പാണ്. ഇതിനായി കിളിമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. ഉടന്‍ കിളിമാനൂര്‍ പോലീസിനും കസ്റ്റഡിയില്‍ കിട്ടും.