തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. തെളിവെടുപ്പും മൊഴിയെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇത്. വന്‍ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അഫാന്റെ മൊഴികളെ അമ്മ ഷെമിയും സ്ഥിരീകരിച്ചിരുന്നു. ഇതോടെ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങി. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.

കൊല നടന്ന ദിവസം 50,000 കടം തിരികെ നല്‍കാനുണ്ടായിരുന്നുവെന്നാണ് അഫാന്‍ നല്‍കിയ മൊഴി. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയില്‍ നിന്നും 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടില്‍ കടം ചോദിക്കാന്‍ പോയത്. 100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു. കടക്കാര്‍ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് അഫാന്റെ മൊഴി. നാല് പേരെ തലക്കടിച്ച് കൊല്ലാന്‍ അഫാനെ ഒരു സിനിമ പ്രേരിപ്പിച്ചുവെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് പൊലീസ് പറയുന്നു.

അഫാനെയും അച്ഛന്‍ റഹിമിനെയും പൊലീസ് സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട് റഹിം അഫാനെ കണ്ടപ്പേള്‍ ചോദിച്ചത്. ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്നായിരുന്നു അഫാന്‍ മറുപടി നല്‍കിയത്. പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചരണം തെറ്റാണെന്നും പൊലീസ് പറയുന്നു. കൊല നടന്ന ദിവസം കടംവാങ്ങിയ 50,000 രൂപ തിരികെ കൊടുക്കാനുണ്ടായിരുന്നു.

അഫാന്‍ ബന്ധുക്കളായ രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍, അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ഏറെ അടുപ്പമുണ്ടായിരുന്ന അനുജന്‍ അഫ്സാനെ കൊലചെയ്തതോടെ മനോധൈര്യം ചോര്‍ന്ന് തളര്‍ന്നുപോയി. തുടര്‍ന്ന് മറ്റു കൊലകള്‍ക്കുള്ള പദ്ധതി ഉപേക്ഷിച്ച് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു- കൗണ്‍സലിങ്ങിനിടെ മാനസികാരോഗ്യ വിദഗ്ധരോട് അഫാന്‍ ഇങ്ങനെ വെളിപ്പെടുത്തിയതായാണ് വിവരം.

മാതാവ് ഷെമിയുടെ ബന്ധുവായ സ്ത്രീയെയും അവരുടെ മകളെയുമാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇവരോട് അഞ്ചുലക്ഷം രൂപ ചോദിച്ചെങ്കിലും നല്‍കിയില്ല എന്നതായിരുന്നു വിരോധത്തിനു കാരണം. കൂടാതെ മുന്‍പ് ഇവരില്‍നിന്നു വാങ്ങിയ പണത്തിന് ഇരട്ടിയോളം പലിശ ഈടാക്കിയതും വിദ്വേഷത്തിനു കാരണമായി. സാമ്പത്തികമായി സഹായിക്കാത്ത ഒരു അമ്മാവനോടും പകതോന്നി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയെന്നും പ്രതി വെളിപ്പെടുത്തി. മനോരോഗ വിദഗ്ധര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്.

മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയസഹോദരന്‍ അഫ്സാന്‍, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷം തട്ടത്തുമലയിലെത്തി രണ്ടുപേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍, അനുജന്‍ അഫ്സാന്‍ കണ്‍മുന്നില്‍ മരിച്ചതോടെ എല്ലാ ധൈര്യവും ചോര്‍ന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.