കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി വില്ലേജിലെ മർകസ് നോളജ് സിറ്റി നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്. താമരശ്ശേരി താലൂക്ക് ഓഫീസിലാണു ഗുരുതര ക്രമക്കേടുകൾ നടന്നതായി അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കോടഞ്ചേരി വില്ലേജിലെ നോളജ് സിറ്റിയുടെ നിർമ്മാണം അനധികൃതമാണെന്നും ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നുമാണു കണ്ടെത്തൽ. ബിനാമി പേരുകളിൽ 20 കെട്ടിടങ്ങൾ അനധികൃതമായാണ് പണിതതെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്കിയില്ലെന്നും റിപ്പോർട്ട് പറയുന്നു.

1964ലെ ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് നോളജ് സിറ്റിയിലെ വൻ കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ചത്.റീ സർവേ നമ്പർ 15/1 ൽ ഉൾപ്പെട്ട ഭൂമിയുടെ പാട്ടക്കാലാവധി 1984ൽ അവസാനിച്ചെന്നും നിലവിലെ കൈവശക്കാരന് കുടികിടപ്പവകാശമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മേൽ റീ സർവേ നമ്പറിൽ പത്ത് കെട്ടിടങ്ങൾക്ക് അനുമതി നല്കിയിട്ടുണ്ടെന്നും കെട്ടിടനമ്പർ അനുവദിച്ചെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടെങ്കിലും നേരിൽ പരിശോധിച്ചപ്പോൾ അനധികൃതമായി ഇരുപത് കെട്ടിടങ്ങൾ പണിതിട്ടുണ്ടെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച രേഖകൾ പഞ്ചായത്ത് അധികൃതർ മറച്ചുവയ്ക്കുകയായിരുന്നു.

2017 ഫെബ്രുവരി ഒന്നിന് ക്ലിഫ് വെയ്ൽ എംഡി ഇ. മൊയ്തീൻകോയക്ക് 144807.81 ചതുരശ്ര വിസ്തീർണമുള്ള കെട്ടിടത്തിന് അനുമതി നല്കിയിട്ടുണ്ടെങ്കിലും നിർമ്മാണാനുമതിക്കായി ആരും അപേക്ഷ നല്കിയിട്ടില്ലെന്നും കണ്ടെത്തി. തോട്ടഭൂമിയിൽ പണിയുന്ന കെട്ടിടങ്ങൾക്ക് വൈദ്യുതി നല്കുന്നത് സംബന്ധിച്ച് ലാൻഡ് ബോർഡ് നല്കിയ നിർദ്ദേശങ്ങൾ ലംഘിച്ചതായും അനധികൃത നിർമ്മാണങ്ങൾക്ക് വൈദ്യുതാനുമതി നല്കിയതായും പഞ്ചായത്ത് ഇക്കാര്യത്തിൽ ഗുരുതര ക്രമക്കേടുകൾ കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രദേശത്തുള്ള പോത്തുണ്ടിപ്പുഴയും കൈത്തോടുകളും മണ്ണിട്ട് നികത്തിയാണ് പാലങ്ങളും റോഡുകളും നിർമ്മിച്ചത്. അധികൃതരിൽ നിന്നും അനുമതി വാങ്ങാതെയാണ് ഇത്തരം നിർമ്മാണങ്ങൾ നടന്നത്. 2018-19ലെ വെള്ളപ്പൊക്കത്തിന് ഇത് കാരണമായെന്നും പരിശോധനയിൽ കണ്ടെത്തി. മറ്റു ക്രമക്കേടുകളും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

മർകസ് നോളജ് സിറ്റി നഗര പദ്ധതി ഉദ്ഘാടനം കഴിഞ്ഞ മാർച്ചിലാണ് നടന്നത്. 120ഏക്കർ സ്ഥലത്ത് 2000 കോടിരൂപ ചെലവിലാണു പ്രവർത്തനം. വിദ്യാഭ്യാസം സംസ്‌കാരം പാർപ്പിടം വാണിജ്യം എന്നിവയെ സമന്വയിപ്പിക്കുന്ന ഒരു ചെറു നഗര മാതൃകയാണ് നോളജ് സിറ്റിയെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. 'സിവിലിസ്' എന്ന പേരിൽ ഇരുപതിന പരിപാടികളാണ് ഉദ്ഘാടനത്തോടനുബ്ന്ധിച്ചു ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിൽ അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ച മർകസു സഖാഫത്തി സുന്നിയയുടെ ഏറ്റവും പുതിയ സംരംഭമാണ് മർകസ് നോളജ് സിറ്റിയെന്നാണു ഭാരവാഹികൾ പറയുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, ഫൈൻ ലിവിങ്ങ്, വാണിജ്യം, കാർഷികം എന്നിങ്ങനെ ആറ് മേഖലകളിലായി ശ്രദ്ധ പതിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളിലൂന്നിയാണ് മർകസ് നോളജ് സിറ്റി പ്രവർത്തിക്കുന്നത്. അന്തർദേശീയ നിലവാരമുള്ള പഠന മികവിനും പശ്ചാത്തല സൗകര്യങ്ങൾക്കുമൊപ്പം പ്രതിബന്ധരും സേവന സന്നദ്ധരുമായ പ്രൊഫഷണലുകളെ സൃഷ്ടിച്ചെടുക്കുകയാണ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ, മെഡിക്കൽ കോളേജ്, ലോ കോളേജ്, ഗ്ലോബൽ സ്‌കൂൾ, ടെക്‌നോളജി സെന്റർ, മാനേജ്മെന്റ് സ്‌കൂൾ, ഫിനിഷിങ് സ്‌കൂൾ, ലൈബ്രറി, റിസർച്ച് സെന്റർ, ക്വീൻസ് ലാൻഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരഭങ്ങൾ നോളജ് സിറ്റിയിൽ ഉണ്ട്. കൂടാതെ ഹോട്ടൽ, വെൽനെസ്സ് സെന്റർ, ആശുപത്രി, പാർപ്പിടസമുച്ചയം എന്നിവയും പ്രവർത്തിച്ചു വരുന്നു.

ആർക്കിട്ടെക്ച്ചറൽ പ്രത്യേകതകളാലും വലിപ്പത്താലും നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദ് ആഗോള ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.നോളജ് സിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഇക്കാലത്തിനിടയിൽ നാല്പതോളം രാജ്യങ്ങളിൽ നിന്നുള്ള വിദേശ അതിഥികൾ ഇവിടം സന്ദർശിച്ചു. കൾച്ചറൽ സെന്റററിനു താഴെ പണി പൂർത്തീകരിച്ച് വരുന്ന നൂറ്റി അമ്പതോളം കടകൾ അടങ്ങിയ സൂഖ് പ്രവർത്തന സജ്ജമാകുന്നതോടെ വാണിജ്യ രാഗത്ത് പുതിയ അനുഭവമാകും.

മലയോര ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസ തൊഴിൽ രംഗത്ത് നോളജ് സിറ്റി ഗണ്യമായ സംഭാവനകൾ ഇതിനകം നൽകിയിട്ടുണ്ട്. പ്രഥമഘട്ടം വിഭാവനം ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർത്തിയാവുന്നതോടെ സംസ്ഥാനത്തെ ഹയർ എജുക്കേഷനൽ ഹബ്ബുകളിൽ ഒന്നായി നോളജ് സിറ്റി മാറും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെയുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ കൂടെ സ്വീകരിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ കുറഞ്ഞ കാലയളവിനുള്ളിൽ പൂർത്തിയാകുമെന്നുമാണു അധികൃതർ പറഞ്ഞിരുന്നത്.