ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുവതിയെ കൊന്നുതള്ളിയ സംഭവത്തില്‍ പുറത്തുവരുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രണയപ്പകയും സംശയവും മൂത്ത് സ്വന്തം സഹപ്രവര്‍ത്തകയെ ഓഫീസിനുള്ളിലിട്ട് വെട്ടിനുറുക്കിയ വിനയ് രാജ്പുത് എന്ന ക്രൂരനെയാണ് പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കിയത്. പാര്‍വതി വിഹാര്‍ സ്വദേശിനിയായ മിങ്കി ശര്‍മ്മയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

സംഭവം നടന്നത് ഇങ്ങനെ: ജനുവരി 24-നാണ് ആഗ്രയിലെ പാര്‍വതി വിഹാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ചാക്കില്‍ നിന്ന് യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗം ജീവനക്കാരിയായിരുന്ന മിങ്കിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. അന്വേഷണം തുടങ്ങിയ പോലീസിന് തുമ്പുണ്ടാക്കി കൊടുത്തത് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളാണ്.

മിങ്കിയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന വിനയ്, അവരെ സംസാരിക്കാനെന്ന വ്യാജേന ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓഫീസിനുള്ളില്‍ വെച്ച് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഇതിനിടെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് മിങ്കിയെ എട്ട് തവണയോളം വിനയ് കുത്തിപ്പരിക്കേല്‍പ്പിച്ചു.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മിങ്കിയുടെ ശിരസ്സ് അറുത്തുമാറ്റി. ഉടല്‍ ഭാഗം ചാക്കിലാക്കി യമുനാ നദിയില്‍ തള്ളാനായിരുന്നു ഇയാളുടെ പദ്ധതിയെങ്കിലും ചാക്കിന്റെ ഭാരം കാരണം അത് നടന്നില്ല. ഒടുവില്‍ ജവഹര്‍ നഗറിലെ പാലത്തിന് മുകളില്‍ നിന്നും താഴേക്ക് എറിയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം അതീവ തന്ത്രശാലിയായാണ് വിനയ് പെരുമാറിയത്. സംശയം തോന്നാതിരിക്കാന്‍ മിങ്കിയുടെ ബന്ധുക്കളെ ഇയാള്‍ ഫോണില്‍ വിളിക്കുകയും അവരോടൊപ്പം തിരച്ചിലില്‍ പങ്കുചേരുകയും ചെയ്തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് മിങ്കിയുടെ സ്‌കൂട്ടര്‍ വിനയ് ഓടിച്ചുപോകുന്നത് കണ്ടെത്താനായി. ഇതാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവായത്. 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പോലീസ് വിലങ്ങുവെച്ചു.

മിങ്കിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് തന്നെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. യുവതിയുടെ തല മുറിച്ചെടുത്ത് ഒരു ഓടയില്‍ എറിഞ്ഞുവെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതുവരെ ശിരസ്സ് കണ്ടെത്താനായിട്ടില്ല. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് ആഗ്ര പോലീസ്.