ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ എയര്‍ഹോസ്റ്റസായ യുവതി ലൈംഗിക പീഡനത്തിന് ഇരയായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഏപ്രില്‍ 6ന് ഉണ്ടായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകിയാണ് പുറത്തവന്നത്. ആശുപത്രിയില്‍ നിന്നു ഏപ്രില്‍ 13ന് ഡിസ്ചാര്‍ജ് ആയതിനു ശേഷമാണ് യുവതി പീഡന വിവരം പുറത്ത് പറയുന്നത്. ഭര്‍ത്താവിനോടാണ് ഇക്കാര്യം യുവതി പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഹരിയാന് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

46 വയസ്സുള്ള യുവതിയാണ് പരാതിക്കാരി. എയര്‍ലൈന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട പരിശീലനത്തിനായി ഗുരുഗ്രാമിലെത്തിയ ഇവര്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രശ്‌നം മൂലം ആദ്യം ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നിലെ ഏപ്രില്‍ 5ന് ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ആശുപത്രിയിലായിരുന്നു പീഡനമെന്ന് പരാതി.

പീഡന സമയത്ത് വെന്റിലേറ്ററിന് ആശ്രയിച്ചാണ് യുവതി കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാന്‍ സാധിച്ചില്ലെന്നും ഭയഭീതിയിലായിരുന്നെന്നും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി പട്ടിക പരിശോധിക്കുകയാണ് പൊലീസ്. കൂടാതെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു. പ്രതിയെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.