കൊച്ചി : എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അതി ക്രൂരമായി അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് ക്രൂരകൃത്യം നടത്തിയത്. അജയ് കുമാറിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കും വരെ മർദിച്ചു. സി സി ടി വി ദൃശ്യങ്ങളിലാണ് ക്രൂരത വ്യക്തമായത്.

താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം . സുരേഷിന്റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു. കൊലപാതകിയായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ഹോട്ടലിൽ ലഹരി മാഫിയ അടക്കം സജീവമാണെന്ന് നാട്ടൂകാർ പറയുന്നു. പാലക്കാട്ടുകാർ എന്തിന് എറണാകുളത്ത് എത്തിയെന്നത് അടക്കമുള്ള വിഷയങ്ങളിൽ പൊലീസ് അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണ്ണായകമാകുന്നത്.

നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപമാണ് കൊല. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ്കുമാർ പാലക്കാട്ടു നിന്നെത്തി ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയിൽ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയിൽ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു.

ഭാര്യയെ കാറിൽ ഇരുത്തിയ ശേഷം സുരേഷ് കുമാർ, അജയ്കുമാറിന്റെ ഹോട്ടൽ മുറിയിലേക്ക് പോയി. തുടർന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണു മരിച്ചു. തന്നെ കാണാനാണ് അജയ്കുമാർ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നൽകാനുള്ള പണം നൽകാൻ എത്തിയതാണെന്നും യുവതി പറയുന്നു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി എല്ലാം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സ്പാനർ ഉപയോഗിച്ചാണ് തലയ്ക്കടിച്ചത്. അജയ് കുമാർ എത്തിയത് തന്നെ കാണാനാണെന്നും നല്ല സുഹൃത്തുക്കളാണെന്നും യുവതി പറഞ്ഞു. തനിക്ക് നൽകാനുള്ള പണം നൽകാനാണ് കൊച്ചിയിൽ അജയ് കുമാർ എത്തിയതെന്നാണ് യുവതിയുടെ മൊഴി. അജയ് കുമാറിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.