കണ്ണൂർ : പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്ത അയൽവാസിയെ മർദ്ദിച്ചു കൊന്ന പിതാവിനെയും രണ്ടു മക്കളെയും പൊലിസ് അറസ്റ്റു ചെയ്തു. കക്കാട് തുളിച്ചേരി നമ്പ്യാർ മെട്ടയിലെ അമ്പൻഹൗസിൽ അജയകുമാറാ(61) ണ് കൊല്ലപ്പെട്ടത്. അയൽവാസികളായ ടി.ദേവദാസ് , മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഇവരുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്‌ച്ച വൈകിട്ട ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി രാത്രി എട്ടുമണിയോടെ വീണ്ടും തർക്കമുണ്ടാവുകയും ദേവദാസും മക്കളുമെത്തി വീടിന് മുൻവശത്തെ റോഡിൽ വെച്ച് ഹെൽമെറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദ്ദിക്കുകയുമായിരുന്നു.

ഇതു തടയാൻ ചെന്ന മറ്റൊരു അയൽവാസിയായ പ്രവീൺ കുമാറിനും (52) തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്‌ച്ച രാത്രി എട്ടര മണിയോടെ പരുക്കേറ്റു റോഡിൽ കിടക്കുകയായിരുന്ന അജയകുമാറിനെയും പ്രവീണിനെയും നാട്ടുകാർ കൊയിലി ആശുപത്രിയിലെത്തിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ അജയകുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

പൊലിസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷംമൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ കുമാരന്റെ മകനാണ് അജയകുമാർ. സഹോദരങ്ങൾ: രജനി, രാഗിണി, റോജ, സീന.