- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മർദിച്ചു; ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തപ്പോൾ സ്വകാര്യ മെഡിക്കൽ കോളജിൽ അഡ്മിറ്റായി; മുൻകൂർ ജാമ്യം കിട്ടുന്നതു വരെ ആശുപത്രിയിൽ തന്നെ തുടരാൻ കേബിൾ മോഷണക്കേസ് പ്രതി; ആരോഗ്യവിവരങ്ങൾ പരിശോധിച്ച് തുടർ നടപടിക്ക് പൊലീസ്
അടൂർ: വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മർദിച്ച കേസിലെ പ്രതി ജയിലിൽ പോകുന്നത് ഒഴിവാക്കാൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നുവെന്ന് ആക്ഷേപം. അതേ സമയം, ഇയാളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മുൻപ് ബിഎസ്എൻഎൽ കേബിൾ മോഷണം, സർക്കാർ ഭൂമിയിലെ മരം മുറിച്ച് കടത്തൽ എന്നീ കേസുകളിൽ പ്രതിയായിട്ടുള്ള ഏഴംകുളം തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പാണ് മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്നത്. അവശ നിലയിൽ ചികിൽസയിലാണെന്ന് വരുത്തി തീർത്ത്, ഇവിടെ കിടന്നു കൊണ്ട് മുൻകൂർ ജാമ്യം നേടുന്നതിനുള്ള നീക്കമാണ് അജി നടത്തുന്നത്.
ഇതിൽ പൊലീസിന്റെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. മുൻപ് കേബിൾ മോഷണം, മരം മുറിച്ചു കടത്തൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട അജിയെ രക്ഷിക്കാൻ അടൂർ പൊലീസ് അറസ്റ്റ് വൈകിപ്പിച്ചിരുന്നു. ഇയാൾ സിപിഎം ജില്ലാ-ഏരിയാ നേതാക്കളുടെ അടുപ്പക്കാരനാണെന്നതായിരുന്നു കാരണം. അന്ന്, മുൻകൂർ ജാമ്യം തേടി സുപ്രീം കോടതി വരെ പോയെങ്കിലും കിട്ടിയില്ല. തുടർന്ന് പാർട്ടി സെക്രട്ടറിയുടെ വീടിന് സമീപത്ത് നിന്ന് ഓടിച്ചു കൊണ്ടു വന്ന പൊലീസ് അടൂർ സെൻട്രൽ ജങ്ഷനിലെ ഹോട്ടലിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇത്തവണയും ഇതേ തന്ത്രമാണ് പൊലീസും പാർട്ടിക്കാരും അജിയും ചേർന്ന് പയറ്റുന്നത്. ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്. ഏഴംകുളം സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ ബിയാന്തോസ് നാഥ് മേനോൻ, ലൈൻ മാൻ രാമചന്ദ്രൻ എന്നിവരെ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അജി മർദിച്ചത്. വൈദ്യുതി മുടങ്ങിയത് പരിശോധിക്കാൻ പറക്കോട് എൻ എസ് യു പി എസ് സ്‌കൂളിന് സമീപം ജോലി ചെയ്യുമ്പോഴാണ് അജി എത്തിയത്. അജി ഫിലിപ്പ് നടത്തുന്ന കേബിൾ നെറ്റ് വർക്കിലെ കേബിൾ പോസ്റ്റിൽ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തമാണ് ഇവരെ ഉപദ്രവിച്ചത് എന്ന് പറയുന്നു. ഇരുവരും അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ വിവരം അറിയിച്ചെങ്കിലും സിപിഎം ജില്ലാ നേതാവിന്റെ നിർദ്ദേശ പ്രകാരം എസ്എച്ച്ഓ അടക്കമുള്ളവർ കേസെടുക്കാനോ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ല.
സിപിഎം ഏരിയാ നേതാവ് അടക്കമുള്ളവർ അജിക്ക് വേണ്ടി സ്വാധീനം ചെലുത്തി. കെഎസ്ഇബിയിലെ സിപിഎം യൂണിയനിൽപ്പെട്ടയാൾക്കാണ് മർദനമേറ്റത് എന്നിരുന്നിട്ടു കൂടി ഇവർ അജിക്കൊപ്പമാണ് നില കൊണ്ടത്. നീതി ലഭിക്കാതെ വന്നപ്പോൾ കെഎസ്ഇബി അധികൃതർ ഡിവൈ.എസ്‌പി ആർ. ജയരാജിനെ ബന്ധപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ കെഎസ്ഇബി ജീവനക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും അറിയിച്ചു. തുടർന്നാണ് അജിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്. അജിക്ക് മർദനമേറ്റുവെന്ന് പരാതിയുണ്ടെങ്കിൽ അയാളുടെ മൊഴി വാങ്ങി കെഎസ്ഇബി ജീവനക്കാർക്കെതിരേയും കേസെടുക്കാൻ നിർദ്ദേശിച്ചു. സർക്കാർ ജീവനക്കാരെ മർദിച്ച കേസിലെ പ്രതി ആശുപത്രിയിൽ ഉണ്ടെന്ന് അറിഞ്ഞതിനാൽ അവിടെ കാവൽ ഇടാനും ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനും ഡിവൈ.എസ്‌പി നിർദ്ദേശിച്ചിരുന്നു.
സ്‌കാനി്ങ് അടക്കമാണ് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അജിക്ക് വേണ്ടി നിർദ്ദേശിച്ചിരിക്കുന്നത്. ഓരോ ദിവസവും ഓരോ ചികിൽസയുടെ പേര് പറഞ്ഞ് ഡിസ്ചാർജ് വൈകിപ്പിക്കുകയാണ്. ഇങ്ങനെ മുൻകൂർ ജാമ്യം നേടിയെടുക്കുന്നതു വരെ ആശുപത്രിയിൽ തുടരാനാണ് പദ്ധതിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അജിക്ക് ആശുപത്രിയിൽ പൊലീസ് കാവലുള്ളതിനാൽ പുറത്തു പോകാനും കഴിയില്ല. അജിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സർക്കാർ ഡോക്ടർമാരെ കൊണ്ട് പരിശോധിപ്പിക്കാനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട് എന്നാണ് അറിവ്. കിടത്തി ചികിൽസയ്ക്കുള്ള പരുക്ക് ഇല്ലെന്ന് കണ്ടെത്തിയാൽ ഡിസ്ചാർജ് വാങ്ങി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നാണ് അറിയുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്