അടൂർ: കെഎസ്ഇബി ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്ത കേസിൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്ത പ്രതി ഏഴംകുളം തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിനെ(48) പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തടവുകാർക്കുള്ള സെല്ലിലേക്ക് മാറ്റി.

ജാമ്യമില്ലാ വകുപ്പിട്ട് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിൽ നിന്ന് രക്ഷ നേടാനും മുൻകൂർ ജാമ്യഹർജിക്ക് സമയം കിട്ടാനും വേണ്ടി സ്വകാര്യ ആശുപത്രി മെഡിക്കൽ കോളജ് ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പ്രതിയെ മജിസ്ട്രേറ്റ് അവിടെയെത്തി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇതിനിടെ ഇയാളെ റൗഡിൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നീക്കം തുടങ്ങിയതായി ഡിവൈ.എസ്‌പി ആർ. ജയരാജ് അറിയിച്ചു.

കഴിഞ്ഞ 25 ന് രാത്രി ഒമ്പതരയോടെ പറക്കോട് എൻ.എസ്.യു.പി. സ്‌കൂളിന് സമീപം ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന ഏഴംകുളം കെ.എസ്.ഇ.ബി സബ് എൻജിനീയർ ബിയാന്തോസ് നാഥ മേനോൻ, ലൈൻ മാൻ രാമചന്ദ്രൻ എന്നിവരെയാണ് മർദിച്ചത്. അജിയുടെ നെറ്റ് വർക്കിലെ കേബിളുകൾ പോസ്റ്റിൽ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം മൂലം വാക്കുതർക്കവും അസഭ്യ വർഷവും ഉണ്ടാവുകയും പിന്നാലെ മർദിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥർ പരാതി നൽകിയെങ്കിലും സിപിഎം സമ്മർദം മൂലം പൊലീസ് കേസെടുക്കാൻ വൈകി.

പിറ്റേന്ന് രാവിലെ വിവരം അറിഞ്ഞ ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ നിർദ്ദേശ പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. അകത്തു പോകുമെന്ന് മനസിലാക്കിയ പ്രതി അജി ഫിലിപ്പ് ചായലോട് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസ തേടി. കെ.എസ്.ഇ.ബി ജീവനക്കാർ തന്നെ മർദിക്കുകയായിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, തന്ത്രം മനസിലാക്കിയ ഡിവൈ.എസ്‌പി
അജിക്ക് മെഡിക്കൽ കോളജിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. അറസ്റ്റ് വൈകിപ്പിക്കാനും മുൻകൂർ ജാമ്യം സംഘടിപ്പിക്കാൻ സമയം ലഭിക്കാനും വേണ്ടി പൊലീസിൽ രാഷ്ട്രീയ സമ്മർദം ഉണ്ടായി. എന്നാൽ ഡിവൈ.എസ്‌പി ഉറച്ച നിലപാട് എടുത്തതോടെ മജിസ്ട്രേറ്റ് ആശുപത്രിയിൽ ചെന്ന് പ്രതിയെ റിമാൻഡ് ചെയ്യുകയും മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റുകയുമായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് പൊലീസിന്റെ അപേക്ഷ പ്രകാരം മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി അജി ഫിലിപ്പിനെ റിമാൻഡ് ചെയ്തത്. റിമാൻഡ് നടപടികൾ പൂർത്തീകരിച്ച് ഡിസ്ചാർജ് വാങ്ങി പ്രതിയെ ജയിലിലേക്കോ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതികൾക്കായുള്ള സെല്ലിലേക്കോ മാറ്റാനായിരുന്നു പൊലീസ് തീരുമാനം. ഇന്നലെ ഉച്ചയോടു കൂടി പ്രതിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

മുൻപ് ബി.എസ്.എൻ.എൽ കേബിൾ മോഷ്ടിക്കുകയും സർക്കാർ ഭൂമിയിലെ മരം മുറിച്ച് കടത്തുകയും ചെയ്തതിന് അജി ഫിലിപ്പിനെതിരേ കേസ് എടുത്തിരുന്നു. അന്ന് പൊലീസും രാഷ്ട്രീയ കക്ഷി നേതൃത്വവും ചേർന്ന് ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റൊഴിവാക്കി. പ്രതി ഒളിവിൽ പോയെന്ന് പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് സമീപിച്ചെങ്കിലും അപേക്ഷ പരിഗണിച്ചതു പോലുമില്ല. അഭയം തേടി സിപിഎം ജില്ലാ സെക്രട്ടറിയുടെ വീടിന് മുന്നിൽ ചെന്ന അജിയെ അവിടെ നിന്ന് ഓടിച്ചു കൊണ്ടു വന്ന് അടൂരിലെ ഹോട്ടലിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരന്തരം സർക്കാർ സംവിധാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പ്രതിക്കെതിരെ ഉടനടി റൗഡി ഹിസ്റ്ററി ഷീറ്റ് ഓപ്പൺ ചെയ്യുമെന്നും 107 വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിവൈ.എസ്‌പി ആർ. ജയരാജ് അറിയിച്ചു. പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ വിപിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്‌പി അറിയിച്ചു.