അടൂർ: കെഎസ്ഇബി ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും മർദിക്കുകയും ചെയ്ത കേസിലെ പ്രതി ഏഴംകുളം തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിനെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റൊഴിവാക്കാനും മുൻകൂർ ജാമ്യം കിട്ടാൻ സമയം നേടാനുമായി നെഞ്ചു വേദന പറഞ്ഞ് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന അജിയെ അവിടെയെത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ഇതോടെ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങൾ അവസാനിച്ചു. ഇനി കോടതിയിൽ നിന്ന് സ്വാഭാവിക ജാമ്യം നേടണം.

ഇല്ലാത്ത നെഞ്ചുവേദന അഭിനയിച്ച് മുൻകൂർ ജാമ്യം തരപ്പെടുത്താനുള്ള നീക്കത്തിന് തടയിട്ടത് അടൂർ ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ നടപടിയാണ്. വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മർദിച്ച കേസിലെ പ്രതി ജയിലിൽ പോകുന്നത് ഒഴിവാക്കാൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഇല്ലാത്ത നെഞ്ചു വേദന അഭിനയിച്ച് മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞ അജി ഫിലിപ്പ് അവിടെ നിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. മുൻപ് ബിഎസഎൻഎൽ കേബിൾ മോഷണം, സർക്കാർ ഭൂമിയിലെ മരം മുറിച്ചു കടത്തൽ കേസുകളിൽ പ്രതിയായിരുന്ന അജിക്ക് അന്ന് മുൻകൂർ ജാമ്യം നേടാൻ ആവശ്യത്തിന് സമയം അടൂർ ഡിവൈ.എസ്‌പിയായിരുന്ന ബിനുവും എസ്എച്ചഓ ആയിരുന്ന പ്രജീഷും നൽകിയിരുന്നു. സിപിഎമ്മിന്റെ ജില്ലാ നേതാവിന്റെയും ഏരിയാ നേതാവിന്റെയും സമ്മർദമായിരുന്നു ഇതിന് കാരണം. സുപ്രീം കോടതി വരെ അജി പോയെങ്കിലും ജാമ്യം കിട്ടിയില്ല. പിന്നീട് പിടികിട്ടാപ്പുള്ളിയെപ്പോലെ ഓടിച്ചിട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇക്കുറിയും ഇതേ രീതിയിൽ സിപിഎം സമ്മർദം ചെലുത്താൻ നോക്കിയെങ്കിലും ഡിവൈ.എസ്‌പിയുടെ അടുത്ത് ചെലവായില്ല. ഏഴംകുളം സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ ബിയാന്തോസ് നാഥ് മേനോൻ, ലൈന്മാൻ രാമചന്ദ്രൻ എന്നിവരെ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അജി മർദിച്ചത്. വൈദ്യുതി മുടങ്ങിയത് പരിശോധിക്കാൻ പറക്കോട് എൻ എസ് യു പി എസ് സ്‌കൂളിന് സമീപം ജോലി ചെയ്യുമ്പോഴാണ് അജി എത്തിയത്. അജി ഫിലിപ്പ് നടത്തുന്ന കേബിൾ നെറ്റ് വർക്കിലെ കേബിൾ പോസ്റ്റിൽ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തമാണ് ഇവരെ ഉപദ്രവിച്ചത് എന്ന് പറയുന്നു. ഇരുവരും അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ വിവരം അറിയിച്ചെങ്കിലും സിപിഎം ജില്ലാ നേതാവിന്റെ നിർദേശ പ്രകാരം എസ്എച്ച്ഓ അടക്കമുള്ളവർ കേസെടുക്കാനോ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ല.

സിപിഎം ഏരിയാ നേതാവ് അടക്കമുള്ളവർ അജിക്ക് വേണ്ടി സ്വാധീനം ചെലുത്തി. കെഎസ്ഇബിയിലെ സിപിഎം യൂണിയനിൽപ്പെട്ടയാൾക്കാണ് മർദനമേറ്റത് എന്നിരുന്നിട്ടു കൂടി ഇവർ അജിക്കൊപ്പമാണ് നില കൊണ്ടത്. നീതി ലഭിക്കാതെ വന്നപ്പോൾ കെഎസ്ഇബി അധികൃതർ ഡിവൈ.എസ്‌പി ആർ. ജയരാജിനെ ബന്ധപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ കെഎസ്ഇബി ജീവനക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും അറിയിച്ചു. തുടർന്നാണ് അജിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്. അജിക്ക് മർദനമേറ്റുവെന്ന് പരാതിയുണ്ടെങ്കിൽ അയാളുടെ മൊഴി വാങ്ങി കെഎസ്ഇബി ജീവനക്കാർക്കെതിരേയും കേസെടുക്കാൻ നിർദേശിച്ചു. സർക്കാർ ജീവനക്കാരെ മർദിച്ച കേസിലെ പ്രതി ആശുപത്രിയിൽ ഉണ്ടെന്ന് അറിഞ്ഞതിനാൽ അവിടെ കാവൽ ഇടാനും ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനും ഡിവൈ.എസ്‌പി നിർദേശിച്ചിരുന്നു.

ആശുപത്രിയിൽ വന്ന് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഇയാൾ നെഞ്ചു വേദന അഭിനയിച്ച് ഐസിയുവിലേക്ക് മാറിയത്. കാര്യമായ കുഴപ്പങ്ങൾക്ക് ഇയാൾക്ക് ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നിരുന്നാലും റിസ്‌ക് എടുക്കണ്ടെന്ന് കരുതിയാണ് മജിസ്ട്രേറ്റിനെ ഐസിയുവിൽ എത്തിച്ച് റിമാൻഡ് ചെയ്തത്. നെഞ്ചുവേദന കലശലായി ഐസിയുവിൽ കിടക്കുന്ന രോഗി രാവിലെ മുതൽ വാട്സാപ്പ് സന്ദേശങ്ങൾ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും അയയ്ക്കുന്നുണ്ടെന്ന കാര്യവും പൊലീസിന്റെ ശ്രദ്ധയിലുണ്ട്. മുൻകൂർ ജാമ്യത്തിനുള്ള വഴി അടഞ്ഞതോടെ സ്വാഭാവിക ജാമ്യം എടുക്കേണ്ടി വരും. അതിന് കഴിയാതെ വന്നാൽ ജയിലിലേക്ക് മാറ്റും.