ലഖ്‌നോ: പ്രമുഖ ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. വരാണസി പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. അഭിഭാഷകൻ ശശാങ്ക് ശേഖർ ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഗണിക്കും. ആകാൻക്ഷയുടെ ബന്ധുക്കൾക്ക് വരാണസി പൊലീസിൽ ഇനി വിശ്വാസമില്ല. അവർ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത് -അഭിഭാഷകൻ പറഞ്ഞു.

സംഭവത്തിൽ നേരത്തെ അറസ്റ്റിലായ ഗായകൻ സമർ സിങ് ആകാൻക്ഷയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. ആകാൻക്ഷ കൊല്ലപ്പെട്ടതാണെന്നാണ് അവരുടെ മാതാവ് വിശ്വസിക്കുന്നത് -അദ്ദേഹം വ്യക്തമാക്കി. 25കാരിയായ ആകാൻക്ഷയെ ഹോട്ടൽ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ്ങിനായി ഉത്തർപ്രദേശിലെ വരണാസിയിൽ എത്തിയതായിരുന്നു നടി. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആകാൻക്ഷ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പുതിയ നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ സമർ സിങ്ങുമായുള്ള പ്രണയത്തെ കുറിച്ച് ആകാൻക്ഷ വെളിപ്പെടുത്തിയിരുന്നു. തന്റെ മകൾ ജീവനൊടുക്കാൻ കാരണം സമർ സിങ്ങാണെന്ന് നടിയുടെ അമ്മ ആരോപിച്ചിരുന്നു. നേരത്തെ നടിയുടെ അമ്മ മധു ദുബെയുടെ ആരോപണത്തിൽ കേസെടുക്കാനായി ആവശ്യപ്പട്ട അഭിഭാഷകൻ ശശാഖ് ശേഖർ ത്രിപാഠി, ആകാൻക്ഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ചോദ്യമുയർത്തി. ഇതിൽ മെഡിക്കൽ വിദഗ്ധരുടെ ഉപദേശം തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സിബിഐയോ, സിബി-സിഐഡിയോ അന്വേഷണം നടത്തണമെന്നും ത്രിപാഠി ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ 25 കാരിയായ നടിയുടേത് ആത്മഹത്യയല്ലെന്നും ഹോട്ടൽ മുറിയിൽ ചിലർ കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സംസ്‌കാരം നടത്താവൂ എന്ന അമ്മയുടെ നിർബന്ധം വകവയ്ക്കാതെയാണ് ആകാൻക്ഷയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചത്. മാത്രമല്ല ഭോജ്പുരി ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന പലരും, ചെയ്യുന്ന ജോലിക്ക് പ്രതിഫലം നൽകാതെ ദുബെയെ ചൂഷണം ചെയ്തിരുന്നുവെന്നും ശശാഖ് ശേഖർ ത്രിപാഠി ആരോപിച്ചിരുന്നു.

മാർച്ച് 26 നാണ് ആകാൻക്ഷ ദുബെയെ വാരാണസിയിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തെ തുടർന്ന് ഭോജ്പുരി സിനിമയിലെ ഗായകനായ സമർ സിങ്ങുമായി ആകാൻക്ഷ കഴിഞ്ഞ മൂന്ന് വർഷമായി ലിവിങ് റിലേഷനിലായിരുന്നുവെന്നും കണ്ടെത്തി. മരണ ദിവസം അകാൻക്ഷ ദുബെ ഒരു ജന്മദിന പാർട്ടിയിൽ നിന്ന് മടങ്ങി മഹമൂർഗഞ്ച് ഏരിയയിലെ ഒരു അപ്പാർട്ട്മെന്റിലെ ഹോട്ടലിൽ എത്തിയതായി അഡീഷണൽ പൊലീസ് കമ്മിഷണർ സന്തോഷ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ ഒരു ആൺകുട്ടിയും അകാൻക്ഷയോടൊപ്പം ഹോട്ടൽ മുറിയിൽ എത്തിയിരുന്നുവെന്നും ഈ കുട്ടി വാരാണസിയിലെ തിക്രി മേഖലയിലാണ് താമസിക്കുന്നതെന്നും പൊലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം തന്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് ആകാൻക്ഷയുടെ അമ്മ മധു ദുബെ രംഗത്തെത്തി. സമർ സിങ്ങും സഹോദരൻ സഞ്ജയ് സിംഗുമാണ് തന്റെ മകളുടെ ജീവനെടുത്തതിന് പിന്നിലെന്നും ആകാൻക്ഷയുടെ അമ്മ ആരോപിച്ചിരുന്നു. മാർച്ച് 23 ന് സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും സമർ സിങ് ആകാൻക്ഷ ദുബെയ്ക്ക് രണ്ട് കോടിയിലധികം രുപയുടെ കടം തിരിച്ചുനൽകാനുണ്ടെന്നും ഇതിന് താൽപര്യം കാണിച്ചിരുന്നില്ലെന്നും അമ്മ അറിയിച്ചിരുന്നു.