കണ്ണൂർ: കാപ്പക്കേസിൽ കുരുക്കിയ ആകാശ് തില്ലങ്കേരിക്കെതിരെ നിയമയുദ്ധം ശക്തമാക്കി പിണറായി സർക്കാർ പിടിമുറുക്കുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പൊലിസിന്റെ ഹർജിയിൽ തലശേരി കോടതി മാർച്ച് എട്ടിന് വാദം കേൾക്കും. ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചതിനാൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ ബുധനാഴ്‌ച്ച കോടതി കേസ് പരിഗണിച്ചപ്പോൾ വാദിച്ചു. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മറുപടി നൽകുന്നതിനായി ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകൻ കൂടുതൽ സമയം തേടി.

തുടർന്ന് ഈ കേസിലെ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം എട്ടിലേക്ക് കോടതി മാറ്റുകയായിരുന്നു. ആകാശ് തില്ലങ്കേരിയുടെ ജാമ്യഹരജി റദ്ദാക്കണമെന്ന കേസ് തലശേരി അഡീഷണൽ ജില്ലാകോടതി മൂന്നിലേക്ക് മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെഅതീവ സുരക്ഷയുള്ള പത്താം ബ്‌ളോക്കിലാണ് ആകാശിനെയും ജിജോയെയും പാർപ്പിച്ചിരിക്കുന്നത്. ഈ ബ്‌ളോക്കിലുള്ളവരിൽ കൂടുതൽ പേരും ഗുണ്ടാ ആക്ടു പ്രകാരം അറസ്റ്റിലായവരാണ്. ആകാശിനും ജിജോയ്ക്കും പ്രത്യേകം നിരീക്ഷണവുമേർപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്‌ച്ച പുലർച്ചെ നാലുമണിക്കാണ് ആകാശിനെയും കൂട്ടാളി ജിജോവിനെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്.മുഴക്കുന്ന് പൊലിസ് ഇൻസ് പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് ഇരുവരേയും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും തുടർന്ന് മുഴക്കുന്ന് സ്റ്റേഷനിലെത്തിച്ച് കാപ്പ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിഅറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്, മട്ടന്നൂർ പൊലിസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ മുഖേനെ കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന് കൈമാറിയിരുന്നു.

ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഇരുവരെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ് തില്ലങ്കേരി നിലവിൽ ഒരു കേസിൽ മാത്രമാണ് പ്രതിയെന്നതിനാൽ ഇയാളെ കാപ്പ ചുമത്തുന്നതിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. എടയന്നൂർ ഷുഹൈബ് വധത്തിനു പിന്നിൽ സി.പി. എം നേതാക്കളുടെ നിർദ്ദേശമാണെന്ന വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരിക്ക് വിനയായത്.

ഈ സംഭവത്തിൽ ആകാശ് തില്ലങ്കേരിയെ തള്ളിപറഞ്ഞുകൊണ്ടു സി.പി. എം നേതാക്കളായ പി.ജയരാജൻ, എം.വി ജയരാജൻ, ഡി. വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ എന്നിവർ തില്ലങ്കേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിച്ചിരുന്നു. ഇതിനു ശേഷമാണ് കാപ്പക്കേസിൽ കുടുക്കി ആകാശിനെയും കൂട്ടാളിയയും പൊലിസ് അകത്താക്കുന്നത്. ഷുഹൈബ് വധക്കേസിന്റെപിന്നാമ്പുറങ്ങളിൽ സി.പി. എം നേതൃത്വത്തിന് പങ്കുണ്ടെന്ന ആകാശിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് തടയിടാനാണ് ഷുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ധൃതി പിടിച്ചു നൽകിയതെന്നാണ് സൂചന. ഇതോടെ പാർട്ടിക്ക് മീതേ പറക്കാൻ ശ്രമിച്ച സൈബർ സഖാക്കളെ കാരാഗൃഹത്തിലടയ്ക്കുകയെന്ന ലക്ഷ്യമാണ് പാർട്ടി നേതൃത്വം പൊലിസിനെ ഉപയോഗിച്ചു നടപ്പിലാക്കാൻ ശ്രമിക്കുന്നത്.