- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടുകടത്താൻ നീക്കം; പരാതി പ്രവാഹമുണ്ടാക്കാൻ സിപിഎം അണിയറയിൽ നീക്കം തുടങ്ങി; മട്ടന്നൂരിൽ പാർട്ടി പ്രവർത്തകരുടെ രഹസ്യയോഗം; രാഷ്ട്രീയ വിശദീകരണവും തുടങ്ങും; ആയങ്കി കേസിലുണ്ടായ പിഴവ് ആവർത്തിക്കാതിരിക്കാൻ കരുതൽ; തില്ലങ്കേരി ഗ്യാങ് ഒതുങ്ങുമോ?
മട്ടന്നൂർ: സൈബർ പോരാളിയും ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പചുമത്താൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടി പ്രവർത്തകരെ കൊണ്ടു ആകാശിനെതിരെ പൊലിസിൽ പരാതികൾ നൽകാനും അങ്ങനെ എട്ടുകേസുകൾക്കു മുകളിലുണ്ടാക്കി കാപ്പചുമത്തി നാടുകടത്തിക്കാനുമാണ് രഹസ്യനീക്കം നടത്തുന്നത്. ആഭ്യന്തരവകുപ്പ് ഈക്കാര്യത്തിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.
സി.പി. എമ്മിന്റെ അതീവവിശ്വസ്തരിലൊരാളായ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പൊലിസ് സ്റ്റേഷനുകളിലുള്ള കേസുകൾ പരിശോധിക്കാൻ രഹസ്യാന്വേഷണവിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. കൂടുതൽ കേസുകളുണ്ടെങ്കിൽ കാപ്പചുമത്തി നാടുകടത്താനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശമെന്നറിയുന്നു. നേരത്തെ അർജുൻ ആയങ്കിക്കെതിരെ കാപ്പചുമത്താൻ പൊലിസ് ശ്രമിച്ചുവെങ്കിലും കോടതി ഇടപെടൽ കാരണം നടന്നിരുന്നില്ല. സ്വർണക്കടത്ത് കേസുകളിൽ കാപ്പ ചുമത്താൻ സാധ്യമാവാത്തതാണ് തിരിച്ചടിയായത്.
എന്നാൽ ആകാശിനെതിരെ ക്രിമിനൽ കേസുകളെടുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി നേരത്തെ ആകാശ് തില്ലങ്കേരി ഉൾപ്പെട്ട സംഭവങ്ങൾ വരെ കുത്തിപൊക്കാൻ നീക്കം നടക്കുന്നുണ്ട്. ഇതിനിടെ പൊലിസിനെ വെട്ടിച്ചു ആകാശ് മട്ടന്നൂർ കോടതിയിൽ കീഴടങ്ങിയത് ആഭ്യന്തരവകുപ്പിന് ക്ഷീണം ചെയ്തിട്ടുണ്ട്. ആകാശിനെ അറസ്റ്റു ചെയ്യുന്നതിനായി മുടക്കോഴിമലയിലടക്കം അരിച്ചു പൊറുക്കുന്നതിനിടെയാണ് മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരം നാടകീയമായി കീഴടങ്ങിയത്.
സ്ത്രീത്വത്തെ അവഹേളിച്ചുവെന്നു ചൂണ്ടിക്കാട്ടി മുഴക്കുന്ന് പൊലിസ് സ്റ്റേഷനിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയും മട്ടന്നൂർ ബ്ളോക്ക് കമ്മിറ്റിയംഗവുമായ ശ്രീലക്ഷ്മി നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ജാമ്യമില്ലാകുറ്റമാണ് പൊലിസ് ചുമത്തിയതെങ്കിലും കോടതി ജാമ്യമനുവദിക്കുകയായിരുന്നു. വെള്ളിയാഴ്‌ച്ച രാവിലെ മുതൽ ഒളിവിൽ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും വെള്ളിയാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് ആകാശിന്റെ സൃഹുത്തുക്കളും ഇതേ കേസിൽ പ്രതികളുമായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും മുഴക്കുന്ന് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതേ സമയം മട്ടന്നൂർ കോടതിയിൽ ഡി.വൈ. എഫ്. ഐ പ്രവർത്തകനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് ആകാശ് തില്ലങ്കേരിക്കെതിരെ കേസുണ്ട്. ഡി.വൈ. എഫ്. ഐ യോഗത്തിൽ ആകാശ് തില്ലങ്കേരിയുടെ ക്വട്ടേഷൻ ബന്ധത്തെ കുറിച്ചു പ്രസംഗിച്ചതിന് വനിതാ നേതാവിനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിൽ കമന്റിടുകയും ചെയ്തുവെന്നാണ് മൂന്ന് പേർക്കുമെതിരെയുള്ള പരാതി.
തില്ലങ്കേരി വഞ്ചേരിയിലെ ആകാശിന്റെ വീട്ടിൽ മുഴക്കുന്ന് പൊലിസ് രണ്ടു തവണ തെരച്ചിൽ നടത്തിയെങ്കിലും ഒളിവിൽ പോയ ആകാശിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആകാശ് തില്ലങ്കേരി ഉയർത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യുന്നതിനായി മട്ടന്നൂർ ഏരിയയിലെ പാർട്ടി പ്രവർത്തകരുടെ യോഗം ചേർന്നു സ്ഥിതി ഗതികൾ വിലയിരുത്തി. ജില്ലാ നേതൃത്വമാണ് അടിയന്തിര ഫ്രാക്ഷൻ യോഗം വിളിച്ചു ചേർന്നത്. ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും ആകാശ് തില്ലങ്കേരി ഉന്നയിച്ച ആരോപണങ്ങളാണ് ചർച്ച ചെയ്യുക.
ഷുഹൈബ് വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടു കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. ഈക്കാര്യവും യോഗത്തിൽ റിപ്പോർട്ടു ചെയ്യും. ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.




